Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഹത്രസിലെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് നാലം​ഗ സംഘമെങ്കിൽ ബൽറാംപുരിലെ പെൺകുട്ടിയെ ലഹരിമരുന്ന് കുത്തിവെച്ച് ബലാത്സം​ഗം ചെയ്തുകൊന്നത് രണ്ടം​ഗ സംഘം; അന്നേ ദിവസം തന്നെ പീഡനത്തിനിരയായത് എട്ടുവയസുകാരിയും 17കാരിയും; ഉത്തർപ്രദേശിൽ വേട്ടയാടപ്പെടുന്നതിലേറെയും ദളിത് പെൺകുട്ടികൾ; സ്ത്രീകളുടെ ജീവനും മാനത്തിനും സംരക്ഷണം തേടി പ്രക്ഷോഭവും ശക്തം; എല്ലാം മറയ്ക്കാൻ ഉരുക്കുമുഷ്ടിയുമായി സർക്കാരും

ഹത്രസിലെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് നാലം​ഗ സംഘമെങ്കിൽ ബൽറാംപുരിലെ പെൺകുട്ടിയെ ലഹരിമരുന്ന് കുത്തിവെച്ച് ബലാത്സം​ഗം ചെയ്തുകൊന്നത് രണ്ടം​ഗ സംഘം; അന്നേ ദിവസം തന്നെ പീഡനത്തിനിരയായത് എട്ടുവയസുകാരിയും 17കാരിയും; ഉത്തർപ്രദേശിൽ വേട്ടയാടപ്പെടുന്നതിലേറെയും ദളിത് പെൺകുട്ടികൾ; സ്ത്രീകളുടെ ജീവനും മാനത്തിനും സംരക്ഷണം തേടി പ്രക്ഷോഭവും ശക്തം; എല്ലാം മറയ്ക്കാൻ ഉരുക്കുമുഷ്ടിയുമായി സർക്കാരും

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഉത്തർ പ്രദേശിലെ ഹത്രാസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒതുക്കി തീർക്കാൻ അധികാരികൾ തന്നെ രം​ഗത്തിറങ്ങുമ്പോൾ പെൺകുട്ടികളുടെ ജീവനും മാനത്തിനും സംരക്ഷണം ആവശ്യപ്പെട്ടും ഹത്രാസ് പെൺകുട്ടിക്ക് നീതി തേടിയും വൻ പ്രക്ഷോഭങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്നത്. ഹത്രാസ് ജില്ലയിൽ 144 പ്രഖ്യാപിച്ചും മാധ്യമ പ്രവർത്തകർക്കും രാഷട്രീയ നേതാക്കൾക്കും ഇരക്ക് വേണ്ടി വാദിക്കേണ്ട അഭിഭാഷകക്കും പോലും അധികാരികൾ പ്രവേശനം നിഷേധിക്കുമ്പോൾ, ഹത്രാസിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രതിഷേധക്കാർ. ഉത്തർപ്രദേശിൽ പെൺകുട്ടികൾ ക്രൂരപീഡനത്തിന് ഇരയാകുന്നതിന്റെ നിരവധി വാർത്തകളാണ് ദിവസേന പുറത്ത് വരുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പീഡനങ്ങൾക്ക് പലപ്പോഴും ഇരയാകുന്നത്. പട്ടികജാതി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസുകളിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് യുപി. കഴിഞ്ഞ ദിവസം ഹത്രസിലും ബൽറാംപുരിലും പീഡനത്തിനിരയായി ദലിത് പെൺകുട്ടികൾ മരിച്ച സംഭവം ക്രമസമാധാന തകർച്ചയുടെ തെളിവാണെന്നു പ്രതിപക്ഷ കക്ഷികൾ പറയുന്നു. 2020 ജൂൺ 26നും ജൂലൈ മൂന്നിനുമിടയിൽ മാത്രം സംസ്ഥാനത്ത് 50 കൊലപാതകങ്ങൾ നടന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഹത്രസിലും ബൽറാംപുരിലും ദലിത് പെൺകുട്ടികൾ മരണമടഞ്ഞ ദിവസം തന്നെ അസംഗഡിൽ 8 വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചു. ഇതേദിവസം ബാഗ്പതിൽ പീഡനത്തിനിരയായ 17 വയസ്സുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. ഹത്രസിൽ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിനിരയായാണു 19 വയസ്സുകാരി മരിച്ചതെങ്കിൽ ബൽറാംപുരിൽ രണ്ടംഗ സംഘമാണ് 22 വയസ്സുകാരിയെ ലഹരിമരുന്ന് കുത്തിവച്ച ശേഷം പീഡിപ്പിച്ചത്. അവശയായി വീട്ടിലെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചിരുന്നു. ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും ക്രൂരസംഭവങ്ങൾ. ലഖിംപുർ ഖേരിയിൽ ഓഗസ്റ്റ് അവസാനം നടന്ന വ്യത്യസ്ത സംഭവങ്ങളിൽ മൂന്നു വയസ്സുള്ള പെൺകുഞ്ഞ്, 18 വയസ്സുകാരി, 13 വയസ്സുകാരി എന്നിവരെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. മൂന്ന് സംഭവങ്ങളിലും പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

ഹത്രാസ് ജില്ലയിൽ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും തുടർന്ന് മൃതദേഹം പൊലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്ത സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യു.പി അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവർ ഒക്ടോബർ 12-ന് ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ഹത്രാസ് ജില്ലാ മജിസ്‌ട്രേട്ട്, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവർക്കും ജസ്റ്റിസുമാരായ രാജൻ റോയ്, ജസ്പ്രീത് സിങ്ങ് എന്നിവരുടെ ബെഞ്ച് സമൻസ് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളുമായി എത്താനാണ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുള്ളത്.

മാതാപിതാക്കളുടെ സമ്മതമില്ലാതെ പൊലീസ് ബലപ്രയോഗത്തിലൂടെ മൃതദേഹം സംസ്‌കരിച്ച നടപടിയിൽ കോടതി രോഷം പ്രകടിപ്പിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോടതിയിലെത്തി തങ്ങൾക്ക് പറയാനുള്ളത് ബോധിപ്പിക്കണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളോടും നിർദ്ദേശിച്ചിട്ടുണ്ട്. അവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ ഉരുക്കുമുഷ്ടിയുമായി സർക്കാർ

അതേസമയം, പ്രതിഷേധങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഹത്രസ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 2012ലെ നിർഭയ കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയേയും പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ യുപി പൊലീസ് അനുവദിച്ചില്ല. പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ ശ്രമിച്ച അഭിഭാഷകയായ സീമ കുശ്വാഹയെ പൊലീസ് തടയുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ വിളിച്ചതിനെ തുടർന്നാണ് താൻ ഹാഥ്‌രസിലേക്ക് യാത്ര തിരിച്ചതെന്ന് സീമ കുശ്വാഹ പറഞ്ഞു. എന്നാൽ, തന്നെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞെന്ന് സീമ കുശ്വാഹ വ്യക്തമാക്കി.

' തങ്ങൾക്ക് വേണ്ടി നിയമ നടപടികൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞാനെത്തിയത്. പക്ഷേ അവരെ കാണാൻ യുപി പൊലീസ് അനുവദിച്ചില്ല. അത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് തടഞ്ഞത്.' സീമ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇവരെ പിന്നീട് ഡൽഹിയിലേക്ക് തിരിച്ചയച്ചു.

പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. യമുന എക്സ്‌പ്രസ് വേയിൽ ഡൽഹി-യുപി അതിർത്തിയിൽ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 188 ചുമത്തിയാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ ഹത്രസിലേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതിന് പിന്നാലെ നേതാക്കൾ നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതും പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കളും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് തള്ളി താഴെയിട്ടു. ഇതിന് പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. ലാത്തി ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

മൊഴിമാറ്റാൻ നിർബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റ്

പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്. പെൺകുട്ടി മരിച്ചത് ബലാത്സം​ഗത്തിനിരയായല്ലെന്ന് പറയാനാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്‌സ്‌കർ പെൺകുട്ടിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്. മാധ്യമ പ്രവർത്തകർ എന്നുമുണ്ടാകില്ലെന്നും തങ്ങൾ മാത്രമാണ് എന്നും ഇവിടെ ഉണ്ടാകുകയെന്നുമാണ് ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ഇത് വീഡിയോയിൽ പകർത്തിയത്.

പെൺകുട്ടിക്കെതിരായ ആക്രമണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്. 'പകുതി മാധ്യമ പ്രവർത്തകർ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവർ നാളെ ഇവിടം വിടും. പിന്നെ ഞങ്ങൾ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ മാറ്റണ്ടെയോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കത് മാറ്റാൻ കഴിയും', പെൺകുട്ടിയുടെ പിതാവിനോടായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ അച്ഛനേയും അവർ ഭീഷണിപ്പെടുത്തുന്നു എന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.

ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP