Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ ഫ്‌ളാറ്റിലെത്തി, പിന്നെ ഭാര്യയ്ക്ക് നേരെ അതിക്രമം; പാനിന്റെ പിടി കൊണ്ടുള്ള ഏറിൽ തലയ്ക്ക് പരിക്കേറ്റെന്ന് ഭാര്യ ആൻഡ്രിയ ഹെവിറ്റി; പരാതിയുടെ അടിസ്ഥാനത്തിൽ വിനോദ് കാംബ്ലിക്കെതിരെ കേസെടുത്ത് പൊലീസ്; വിവാദങ്ങൾ ഒഴിയാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വ്യക്തി ജീവിതം

മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ ഫ്‌ളാറ്റിലെത്തി, പിന്നെ ഭാര്യയ്ക്ക് നേരെ അതിക്രമം; പാനിന്റെ പിടി കൊണ്ടുള്ള ഏറിൽ തലയ്ക്ക് പരിക്കേറ്റെന്ന് ഭാര്യ ആൻഡ്രിയ ഹെവിറ്റി; പരാതിയുടെ അടിസ്ഥാനത്തിൽ വിനോദ് കാംബ്ലിക്കെതിരെ കേസെടുത്ത് പൊലീസ്; വിവാദങ്ങൾ ഒഴിയാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വ്യക്തി ജീവിതം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഒരുകാലത്ത് പ്രതിഭയുടെ തിളക്കത്തിൽ നിന്നും താഴേക്ക് പതിച്ച ജീവിതമായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടേത്. ഇപ്പോൾ ലഹരിക്ക് അടിമപ്പെട്ട് ജീവിതം വഴിതെറ്റിയിരിക്കുന്ന കാംബ്ലി വിവാദ നായകനുമാണ്. ഗാർഹിക പീഡന പരാതിയിൽ കാംബ്ലിക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കരയാണ് പൊലീസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്ലാറ്റിൽ വെച്ച് മദ്യലഹരിയിൽ വിനോദ് കാംബ്ലി തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ഭാര്യ ആൻഡ്രിയ ഹെവിറ്റി മുംബൈ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാംബ്ലിക്കെതിരെ പൊലീസ് കേസ് എടുത്തു.

മദ്യലഹരിയിലായിരുന്ന വിനോദ് കാംബ്ലി പാചകം ചെയ്യുന്ന പാനിന്റെ പിടി തനിക്ക് നേരെ എറിഞ്ഞെന്നും ഇതുമൂലം തലയ്ക്ക് പരിക്കേറ്റതായും ഭാര്യ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1നും 1.30നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ബാന്ദ്രയിലെ ഫ്‌ളാറ്റിലെത്തിയ കാംബ്ലി ഭാര്യയെ ആക്രമിക്കുകയായിരുന്നു.

ഫ്ലാറ്റിലെത്തിയ ശേഷം കാംബ്ലി ഭാര്യയ്ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ അടുക്കളയിലേയ്ക്ക ഓടിക്കയറിയ കാംബ്ലി പാനിന്റെ പിടി ഭാര്യ്ക്ക് നേരെ എറിയുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ കാംബ്ലിയുടെ ഭാര്യ ഭാഭ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ബാന്ദ്ര പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സച്ചിനൊപ്പം ക്രിക്കറ്റ് കളിച്ചു തുടങ്ങിയ വ്യക്തിയാണ് വിനോദ് കാംബ്ലി. സച്ചിനേക്കാൾ പ്രതിഭയുണ്ടെന്നും, ബ്രയൻ ലാറയുടെ ഇന്ത്യൻ പതിപ്പ് എന്നും ആദ്യകാലത്ത് വിശേഷിപ്പിക്കപ്പെട്ട, വിനോദ് കാംബ്ലി എന്ന് ജീവിക്കാൻ ഗതിയില്ലാതെ സഹായത്തിന് കേഴുകയാണ്. സച്ചിൻ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറിയപ്പോൾ, കാംബ്ലിക്ക് തൊട്ടതെല്ലാം പിഴച്ചു. ആയകാലത്ത് സമ്പാദിച്ച കോടികൾ, മദ്യവും മദിരാക്ഷിയുമായി തീർന്നു. സിനിമയിൽ, ഷെയർ മാർക്കറ്റിൽ, ഓൺലൈൻ ചൂതാട്ടത്തിൽ എല്ലാറ്റിലും പൊട്ടി. ഇപ്പോൾ ബിസിസിഐ കൊടുക്കുന്നത മുപ്പതിനായിരം രൂപയുടെ പ്രതിമാസ പെൻഷൻ മാത്രമാണ് കാംബ്ലിയുടെ വരുമാനം.

മുംബൈയിലെ ചേരിയിൽനിന്ന് തുടക്കം

സച്ചിനെപ്പോലെ വായിൽ വെള്ളിക്കരണ്ടിയുമായി പിറന്ന വ്യക്തിയല്ല കാംബ്ലി. മുംബൈയിലെ ചേരിയിലെ ഒരു ദരിദ്ര കുടുംബത്തിൽ, 1972 ജനുവരി 18നാണ് അദ്ദേഹം ജനിച്ചത്. മുഴുവൻ പേര് വിനോദ് ഗണപത് കാംബ്ലി. പിതാവ് ഗണപത് എന്ന മെക്കാനിക്ക്, ഏഴ് പേരുള്ള കുടുംബത്തെ നോക്കാൻ വളരെയേറെ പാടു പെട്ടിരുന്നു .

ഗണപത് ഒരു ക്രിക്കറ്റ് ഭ്രാന്തൻ ആയതാണ് കാംബ്ലിക്ക് തുണയായത്. കടം വാങ്ങിയും സ്വർണം വിറ്റുമൊക്കെയാണ് ഗണപത് മകനെ പരിശീലിപ്പിച്ചത്. തിരക്കേറി വണ്ടികളിൽ ഭാരമേറിയ ക്രിക്കറ്റ് കിറ്റും പേറിയായിരുന്നു ആ മകന്റെ യാത്ര. കുത്തി നിറഞ്ഞ ട്രെയിനുകളിൽ കഷ്ടപ്പെട്ട് ഒരു പാട് ദൂരം യാത്ര ചെയ്ത് പരിശീലനം നടത്തിയതും, തന്റെ പിതാവിന്റെ കഷ്ടപ്പാടുകളും പറയുമ്പോൾ കാംബ്ലിയുടെ കണ്ണുകൾ നിറയുമായിരുന്നു. മുംബൈയിൽ ചേരികളിൽ കളിച്ചു വളർന്ന ബാല്യത്തിൽ, നാലു വശത്തുമുള്ള ഇരുനില കെട്ടിടങ്ങളിൽ തട്ടിയാൽ സിക്‌സർ ലഭിച്ചിരുന്ന പരിശീലനമാണ് പിന്നീട് സ്പിന്നർമാർക്കെതിരെ മികച്ച ഷോട്ടുകൾ കളിക്കാൻ കാംബ്ലിയെ പ്രാപ്തനാക്കിയത്. പക്ഷേ ഈ കഠിനാധ്വാനത്തിന് ഫലമുണ്ടായി വൈകാതെ തന്നെ അവനെ ലോകം അറിഞ്ഞു.

1988 ൽ സ്‌കൂൾ ക്രിക്കറ്റിൽ സെന്റ് സേവ്യേഴ്‌സിനെതിരെ, ശാരദാശ്രമം സ്‌കൂൾ രണ്ടു വിക്കറ്റിന് 748 റൺസടിച്ചത് പുതിയ ചരിത്രമാണ്. അച്രേക്കർ എന്ന ദ്രോണാചാര്യരുടെ പ്രിയപ്പെട്ട ശിഷ്യന്മാർ രണ്ടു പേരും ട്രിപ്പിൾ സെഞ്ചുറികൾ നേടി. 664 റൺസിന്റെ പടു കൂറ്റൻ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ലോക ക്രിക്കറ്റിൽ ഈ രണ്ടു പയ്യന്മാരും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. അന്ന് സച്ചിന് 15 വയസും വിനോദിന് 16 വയസുമായിരുന്നു. ആ മത്സരത്തിൽ 349 റൺസുമായി പുറത്താകാതെ നിന്ന കാംബ്ലി 37 റൺസിന് 6 വിക്കറ്റുകൾ കൂടി വീഴ്‌ത്തിയതോടെ എതിർ ടീം 154 ന് കൂടാരം കയറി. അങ്ങനെ കാംബ്ലി ലോക മാധ്യമങ്ങളുടെ തലക്കെട്ടായി. 2006ൽ ഹൈദരാബാദുകാരായ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു.

അന്നുമുതൽ സച്ചിനും കാംബ്ലിയും എന്ന രീതിൽ അവരെ ഒറ്റ യൂണിറ്റ് പോലെ ആയിരുന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അതുപോലെ ഇണ പിരിയാത്ത സുഹൃത്തുക്കളും ആയിരുന്നു അവർ. പക്ഷേ കാലാന്തരത്തിൽ എല്ലാം മാറിമറിഞ്ഞു.

അടിപിടിയും വഴക്കുമായി ഒരു ജീവിതം

ഒരു പ്രതിഭ കൺമുന്നിൽ കൂമ്പിൽ തന്നെ കരിയുന്നതിനും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി. 2009 ഓഗസ്റ്റ് 16ന് വിനോദ് കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2000 ഒക്ടോബറിൽ ശ്രീലങ്കക്കെതിരായ ഏകദിനമായിരുന്നു അവസാനത്തെ അന്താരാഷ്ട്ര മത്സരം.കളിയിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ മറ്റൊരു സച്ചിനാകുമായിരുന്നു എന്നാണ് ബിസിസിഐ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞത്.

ഇതിനിടെ കാലിനേറ്റ പരിക്ക് കൂടിയായതോടെ ആ പതനം ഏതാണ്ട് പൂർണമായി. ടീമിൽ നിന്ന് സ്ഥിരമായി പുറത്തിരിക്കുക എന്ന വലിയ ശിക്ഷയാണ് കാംബ്ലിയെ കാത്തിരുന്നത്. തിരിച്ചുവരവിന് പരിശ്രമിക്കുന്നതിന് പകരം കൂടുതൽ മദ്യപാനത്തിലേയ്ക്ക് നടന്നുനീങ്ങുന്നാണ് പിൽക്കാലത്ത് കണ്ടത്. ബോളിവുഡും ടിവിയും രാഷ്ട്രീയവും പിഴച്ചതോടെ ഇടയ്ക്ക് പരിശീലകനാവാൻ ഒരുങ്ങി. സച്ചിന്റെ സഹായത്തോടെ ഒരു അക്കാദമിയിൽ കുറച്ചുകാലം പോയി. ഒടുവിൽ യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി അതും നിർത്തി. കളി പോലെ ജീവിതവും കൈവിട്ടുതുടങ്ങി അക്കാലത്ത്. വഴക്കും വക്കാണവും പതിവായി.

വീട്ടുജോലിക്കാരിയെ മർദിച്ചതിനായിരുന്നു ആദ്യ കേസ്. പിന്നെ ഗായകൻ അങ്കിത് തിവാരിയുടെ അച്ഛനെ കൈയേറ്റം ചെയ്തതിനെതിരേയായിരുന്നു അടുത്ത കേസ്. ഇയ്യിടെ മദ്യപിച്ച് വാഹനമോടിച്ചെത്തി അപ്പാർട്ട്മെന്റിന്റെ ഗേറ്റ് ഇടിച്ചു തകർത്തതിന് വീണ്ടുമൊരു കേസായി. ഇതിനിടെ കഴിഞ്ഞ വർഷം കൈയിലുണ്ടായിരുന്ന കാശ് ഓൺലൈൻ തട്ടിപ്പുകാർ കവർന്നു.

2009 ൽ രാഷ്ട്രീയ രംഗത്ത് ഒരു കൈ നോക്കിയ കാംബ്ലി അസംബ്ലി ഇലക്ഷനിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിനിടെ ഒരു ഓൺലൈൻ ബിസിനസ് ഏറ്റെടുത്ത് കുറേ പണം പോയി. വാതുവെപ്പുകളിലും ചൂതാട്ടങ്ങളിലും പെട്ടും ഒരുപാട് പണം പോയി. സച്ചിനൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷേ കാംബ്ലി ഇടക്ക് കുറ്റം പറഞ്ഞതിനാൽ സച്ചിന് ഇർഷ്യയുണ്ട്. ഇതിഹാസ താരത്തിന്റെ വിരമിക്കൽ പാർട്ടിക്കുപോലും വിളിച്ചില്ല. അതിന്റെ പരിഭവം പ്രകടമാക്കി കാംബ്ലി പരസ്യമായി രംഗത്തും എത്തിയിരുന്നു.

അടിപൊളി ജീവിതം; ഒടുവിൽ മതം മാറ്റം

എവിടെപ്പോയാലും പ്രണയത്തിൽപ്പെടുക എന്നത് കാംബ്ലിയുടെ ഒരു ബലഹീനതയാണ്. കത്തിനിൽക്കുന്ന സമയത്ത് ലോകം മുഴുവൻ കാമുകിമാർ ഉണ്ടായിരുന്നെുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ സാമ്പത്തികമായി തകർന്നതോടെ ഒപ്പം ആരുമില്ലാതായി! വിനോദ് കാംബ്ലി ആദ്യം വിവാഹം കഴിച്ചത് 1998ൽ ഒരു ഹോക്കി താരമായ നോയ്‌ലെയായിരുന്നു. പിന്നീട് ഈ ബന്ധം വേർപെടുത്തി. അതിനു ശേഷം മോഡലായ ആൻഡ്രിയാ ഹെവിറ്റിനെ വിവാഹം ചെയ്തു. അവളുടെ നിർബന്ധപ്രകാരമാണ് താരം ക്രിസ്തുമതത്തിലേക്ക് മാറി.

ഇപ്പോൾ 50 വയസ്സുള്ള കാംബ്ലിക്ക് ഒരു മകനുണ്ട്, ജീസസ് ക്രിസ്ത്യാനോ. പക്ഷേ മതം മാറിയത് വാർത്തയായപ്പോൾ എല്ലാമതങ്ങളെയും സ്‌നേഹിക്കുന്ന വ്യക്തിയാണ് താൻ എന്നായിരുന്നു പ്രതികരണം. 2012 ൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആഞ്ജിയോപ്‌ളാസ്റ്റിക്ക് വിധേയനായി. 2013 ൽ കാർ ഓടിച്ചു കൊണ്ടിരുന്ന സമയത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഭാര്യയെ മർദ്ദിച്ചതിന്റെ പേരിൽ കാംബ്ലി വിവാദത്തിലാണം താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP