Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിവിൽ പൊലീസ് ഓഫീസർ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ 34 ശതമാനം പേരും നിയമനം കിട്ടാതെ പുറത്ത്; എംഎസ്‌പി മെയിൻ ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികൾ പുറത്താകുന്നത് 27 വർഷത്തിനു ശേഷം ആദ്യം; പൊലീസ് ആസ്ഥാനത്തുനിന്നും ലിസ്റ്റ് അട്ടിമറിച്ചതായി ആരോപണം; നിയമനം നൽകുമെന്ന് ഉറപ്പുപറഞ്ഞ് വഞ്ചിച്ചതായും ഉദ്യോഗാർത്ഥികൾ; കേരളത്തിൽ നിയമന നിരോധനം ശരിവെച്ച് കണക്കുകൾ

സിവിൽ പൊലീസ് ഓഫീസർ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ 34 ശതമാനം പേരും നിയമനം കിട്ടാതെ പുറത്ത്; എംഎസ്‌പി മെയിൻ ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികൾ പുറത്താകുന്നത് 27 വർഷത്തിനു ശേഷം ആദ്യം; പൊലീസ് ആസ്ഥാനത്തുനിന്നും ലിസ്റ്റ് അട്ടിമറിച്ചതായി ആരോപണം; നിയമനം നൽകുമെന്ന് ഉറപ്പുപറഞ്ഞ് വഞ്ചിച്ചതായും ഉദ്യോഗാർത്ഥികൾ; കേരളത്തിൽ നിയമന നിരോധനം ശരിവെച്ച് കണക്കുകൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി പുറത്തിറക്കിയ പ്രകടന പത്രികയിലെ യുവജന ക്ഷേമം വിഭാഗത്തിൽ പോയിന്റ് നമ്പർ 456 ഇപ്രകാരമായിരുന്നു 'അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കും. തസ്തികകൾ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമോ ലഭിച്ചു 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്നു ഉറപ്പു വരുത്തും.

ഓരോ വകുപ്പുകളിലേയും ഉണ്ടാവുന്ന ഒഴിവുകൾ 10 ദിവസത്തിനകം പിഎസ്‌സിയെ അറിയിക്കുമെന്ന് ഉറപ്പു വരുത്തും'. എന്നാൽ പ്രകടന പത്രികയിലെ ഈ വാക്കുകളുടെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ജൂൺ 30ന് കാലാവധി അവസാനിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ കാര്യങ്ങൾ. സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലായി മെയിൻ ലിസ്റ്റിൽ നിന്ന് 25 ശതമാനത്തോളം പേരാണ് പുറത്തായത്. 7580 പേരുള്ള ലിസ്റ്റിൽ 5667 പേർക്ക് മാത്രമാണ് ഇതുവരെ അഡൈ്വസ് ലഭിച്ചത്.

2017ൽ നോട്ടിഫിക്കേഷൻ വന്നതുമുതൽ 2021 വരെയുള്ള വർഷങ്ങളിലേക്കായി എം.എസ്‌പി. ബറ്റാലിയനിലേക്കായി മാത്രം 832 അഡൈ്വസ് മെമോ അയച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം. മുൻ ലിസ്റ്റിലെയും ഈ ലിസ്റ്റിലെ ജോലിക്ക് സന്നദ്ധതയില്ലാത്ത ഉദ്യോഗാർത്ഥികളെയും കുറച്ചാൽ 668 നിയമനങ്ങൾ മാത്രമാണ് നടന്നത്. എന്നാൽ ഇതിനെ പെരുപ്പിച്ച് കാണിക്കുന്ന കണക്കുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നതും അതിനെ പ്രതിപാദിച്ചു കൊണ്ട് ദേശാഭിമാനി പത്രം വാർത്തകളെഴുതുന്നതും.

സിവിൽ പൊലീസ് ഓഫീസർ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളായ തങ്ങളെ സർക്കാർ നിയമനം നൽകാതെ വഞ്ചിച്ചിരിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. സിവിൽ പൊലീസ് ഓഫീസർ എംഎസ്‌പി ബറ്റാലിയൻ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് തങ്ങൾ കബളിക്കപ്പെട്ടതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം മെയിൻ ലിസ്റ്റിൽ നിന്നും മുഴുവൻ പേർക്കും നിയമനം നൽകിയിരുന്നെങ്കിലും ഈ വർഷം 66 തശമാനം ആളുകൾക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചിരിക്കുന്നത് കഴിഞ്ഞ വർഷം 104 ശതമാനം നിയമനം നടന്നിരുന്നിടത്താണ് ഈ വർഷം നിയമനം ലഭിക്കാതെ ഉദ്യോഗാർത്ഥികൾ പുറത്തായത്.

പൊലീസ് സേനയിലെ ആൾബലമില്ലായ്മ വർഷങ്ങളായി തുടരുന്ന പരാതിയാണ്. ശമ്പള വർധനക്കായി കേരള പൊലീസ് അസോസിയേഷൻ തന്നെ കൊടുത്തിട്ടുള്ള നിവേദനത്തിൽ അധിക ജോലിയെ പറ്റിയും ആൾ ക്ഷാമത്തെ പറ്റിയും പരാമർശിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് ഡ്യൂട്ടിക്കായി നിലവിലെ പൊലീസ് ട്രെയിനികളെ പ്രത്യേക ഉത്തരവിറക്കി ഹോം സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പൊലീസുകാർ അധിക ഡ്യൂട്ടി എടുക്കുന്നത് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതുമാണ്. ഈ സാഹചര്യത്തിലാണ് 1993നു ശേഷം ആദ്യമായി എംഎസ്‌പി ബറ്റാലിയൻ 36 ശതമാനം പേരെയും പുറത്തിരുത്തി ലിസ്റ്റ് അവസാനിപ്പിച്ചതെന്നും ഉദ്യോഗാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

പലരും കൂലിപ്പണികൾക്കിടയിൽ കിട്ടുന്ന സമയത്താണ് പഠിച്ചതും ശാരീരിക ക്ഷമത തെളിയിക്കുന്നതിന് ആവശ്യമായ് പരിശീലനങ്ങൾ നടത്തയതും. അതെല്ലാം വിഫലമായതിന്റെ നിരാശയിലാണ് ഈ ഉദ്യോഗാർത്ഥികൾ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ദേശാഭിമാനി പത്രവും സൈബർ സഖാക്കളുമെല്ലാം ലിസ്റ്റിലുള്ള എല്ലാവർക്കും ശുപാർശ അയച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇത് കേട്ട് വീട്ടുകാർ പോലും ചോദിച്ചു തുടങ്ങി നിങ്ങൾക്കിതു വരെ ജോലിയൊന്നുമായില്ലേ എന്ന്. വർഷങ്ങളായി ഇതിനുപിന്നിൽ കഠിനാധ്വാനം ചെയ്യുന്ന തങ്ങളെ സർക്കാർ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് ഇപ്പോഴുമുള്ളതെന്ന് ഉദ്യോഗാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP