Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ശ്വേതാ മോഹന്റെ സ്റ്റേജ് ഷോയ്ക്കിടെ വലിയ തിക്കും തിരക്കും; ആൾക്കൂട്ടത്തെ നിയന്ത്രിച്ച് നിൽക്കുമ്പോഴാണ് ഒരു കൈ ശരീരത്തിലേക്ക് നീണ്ടുവന്നത്; കയ്യിൽ കയറി പിടിച്ച് ഒറ്റവലിക്ക് ആൾക്കൂട്ടത്തിൽ നിന്നും പുറത്തുചാടിച്ച് അവന്റെ ചെകിട് നോക്കി ഒന്ന് കൊടുത്തു': ജോലിക്കിടെ തന്നെ കടന്നുപിടിച്ച യുവാവിനെ കൈകാര്യം ചെയ്ത സിപിഒ നീതു കൃഷ്ണൻ ഇപ്പോൾ തൊടുപുഴക്കാരുടെ ഹീറോയിൻ

'ശ്വേതാ മോഹന്റെ സ്റ്റേജ് ഷോയ്ക്കിടെ വലിയ തിക്കും തിരക്കും; ആൾക്കൂട്ടത്തെ നിയന്ത്രിച്ച് നിൽക്കുമ്പോഴാണ് ഒരു കൈ ശരീരത്തിലേക്ക് നീണ്ടുവന്നത്; കയ്യിൽ കയറി പിടിച്ച് ഒറ്റവലിക്ക് ആൾക്കൂട്ടത്തിൽ നിന്നും പുറത്തുചാടിച്ച് അവന്റെ ചെകിട് നോക്കി ഒന്ന് കൊടുത്തു': ജോലിക്കിടെ തന്നെ കടന്നുപിടിച്ച യുവാവിനെ കൈകാര്യം ചെയ്ത സിപിഒ നീതു കൃഷ്ണൻ ഇപ്പോൾ തൊടുപുഴക്കാരുടെ ഹീറോയിൻ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ ശരീരത്തിൽ കടന്ന് പിടിച്ച യുവാവിനെ കൈകാര്യം ചെയ്ത വനിതാ പൊലീസുകാരിയുടെ വാർത്ത മാധ്യമങ്ങളിൽ കൂടി അറിഞ്ഞതോടെ നാടൊട്ടുക്കു നിന്നും ആ ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാൽ ആരാണെന്നോ എന്താണെന്നോ ഒരു മാധ്യമവും വാർത്ത നൽകിയില്ല. ആ നിലയ്ക്കാണ് മറുനാടൻ മലയാളി സംഭവത്തെ പറ്റി അന്വേഷിച്ചത്. അന്വേഷണത്തിനൊടുവിൽ തൊടുപുഴ പൊലീസ് സ്റ്റേഷിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ നീതു കൃഷ്ണനാണ് ആ പൊലീസ് ഉദ്യോഗസ്ഥയെന്ന് കണ്ടെത്തുകയായിരുന്നു. നീതുവിനെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത നെയ്യശേരി തേക്കനാൽ സുനിലിനെ (24) അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന കാർഷിക മേളയുടെ ഭാഗമായുള്ള സ്റ്റേജ് ഷോയ്ക്കിടയിലായിരുന്നു സംഭവം. അന്നുണ്ടായ സംഭവത്തെ പറ്റി നീതുമോൾ പറയുന്നതിങ്ങനെ.

'ശ്വേതാ മോഹന്റെ സ്റ്റേജ് ഷോയ്ക്കിടെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വലിയ തിക്കും തിരക്കുമായിരുന്നു പ്രോഗ്രാമിന്. ആൾക്കൂട്ടത്തെ നിയന്ത്രിച്ചുകൊണ്ട് ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് ഒരു കൈ ശരീരത്തിലേക്ക് സ്പർശ്ശിക്കുന്നത് അറിയുന്നത്. ആൾക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും സ്വാഭാവികമായും സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അസ്വഭാവികത തോന്നിയതോടെയാണ് കൈയിൽ കയറി പിടിക്കുകയും ഒറ്റ വലിയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നും അയാളെ മുന്നിലേക്ക് കൊണ്ടു വന്നു. ചെകിട് നോക്കി ഒന്ന് കൊടുത്തപ്പോഴേക്കും മറ്റു പൊലീസുകാർ ഓടി എത്തി. വിവരം പറഞ്ഞപ്പോൾ ഉടൻ തന്നെ സഹപ്രവർത്തകർ എസ്.എച്ച്.ഒയെ വിവരം അറിയിച്ചു. കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയും നടത്തി അറസ്റ്റ് ചെയ്യാൻ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ശല്യം ചെയ്ത ആളെ പിടികൂടിയത്.'

പ്രോഗ്രാം കണ്ടു കൊണ്ടിരുന്ന ആളുകൾക്ക് ആദ്യം ഒന്നും മനസ്സിലായിരുന്നില്ല. പിന്നീട് കാര്യം അറിഞ്ഞപ്പോൾ അവർ അയാൾക്കെതിരെ ക്ഷുഭിതരായി. അപ്പോഴേക്കും പൊലീസ് പ്രതിയെ കൊണ്ടു പോയിരുന്നു. മെഡിക്കൽ എടുത്ത ശേഷം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, ദേഹോപദ്രവം എൽപിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് റിമാൻഡ് ചെയ്തു.

പൊലീസാണെന്നറിഞ്ഞിട്ടും ഉപദ്രവിച്ചപ്പോൾ സാധാരണക്കാർക്ക് എങ്ങനെ സ്വതന്ത്രമായി പുറത്തിറങ്ങാൻ കഴിയും എന്ന ചോദ്യത്തിന് നീതുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഏതൊരു കാര്യത്തിനും കൃത്യമായി അപ്പോൾ തന്നെ പ്രതിരോധിച്ചാൽ ഏതു അക്രമിയേയും സ്ത്രീകൾക്ക് കീഴ്പ്പെടുത്താൻ കഴിയും. മനസാന്നിധ്യത്തോടെ പെരുമാറണം എന്നുമാത്രം. പലപ്പോഴും ഞാൻ കണ്ടു വരുന്നത് സ്ത്രീകൾ തങ്ങൾക്ക് നേരിടുന്ന ചൂഷണങ്ങൾ പുറത്ത് പറയാൻ മടിക്കുകയും പരാതി നൽകാൻ തയ്യാറാകുകയുമില്ല. ഇങ്ങനെ മാറി നിൽക്കാതെ സധൈര്യം മുന്നിലേക്ക് വന്നാൽ ഇത്തരത്തിലുള്ളവർ പിന്നിലേക്ക് പോകുകയേയുള്ളൂ. കേരളാ പൊലീസിന്റെ പുതിയ സംവിധാനമായ 112 വിൽ വിളിച്ചാൽ ഏതു സമയവും നിയമസഹായവും പൊലീസ് സേവനവും ലഭ്യമാണ്. അതിനാൽ തെറ്റ് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കണം.'

തൊടു പുഴ സ്വദേശിയായ നീതു പൊലീസ് സർവ്വീസിൽ കയറിയിട്ട് 5 വർഷം പിന്നിട്ടിരിക്കുകയാണ്. ഇടുക്കി പൊലീസ് മോധാവി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP