Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ; ഈസ്റ്റർ തലേന്ന് പൊലീസ് പിടികൂടിയ സിപിഎം നേതാക്കളെ വിട്ടയച്ചത് വിവാദമാവുന്നു; ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ കഴിഞ്ഞ ദിവസം തീപിടിച്ച സംഭവത്തിന് പിന്നിലും വ്യാജ ചാരായ വാറ്റെന്ന് ആരോപണം; ഇരവിപേരൂരിലെ ചാരായ വാറ്റിൽ സിപിഎം പ്രതിക്കൂട്ടിൽ

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ; ഈസ്റ്റർ തലേന്ന് പൊലീസ് പിടികൂടിയ സിപിഎം നേതാക്കളെ വിട്ടയച്ചത് വിവാദമാവുന്നു; ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ കഴിഞ്ഞ ദിവസം തീപിടിച്ച സംഭവത്തിന് പിന്നിലും വ്യാജ ചാരായ വാറ്റെന്ന് ആരോപണം; ഇരവിപേരൂരിലെ ചാരായ വാറ്റിൽ സിപിഎം പ്രതിക്കൂട്ടിൽ

എസ് രാജീവ്

 തിരുവല്ല: കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധന സാമിഗ്രികൾ കടത്തുന്നതിനിടെ ഈസ്റ്റർ തലേന്ന് പിടികൂടിയ സിപിഎം നേതാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ലോക്കൽ കമ്മിറ്റിയംഗത്തെയുമടക്കം വിട്ടയച്ച പൊലീസ് നടപടി വിവാദമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ കെ അനന്ത ഗോപന്റെ സഹോദര പുത്രനും കൂടിയായ ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ രാജീവ് അടക്കമുള്ള പ്രമുഖരെ വിട്ടയച്ച പെരുമ്പെട്ടി പൊലീസിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ കഴിഞ്ഞ ദിവസം തീപിടിച്ച സംഭവത്തിന് പിന്നിലും വ്യാജ ചാരായ വാറ്റെന്ന് ആരോപണവും ഇതിനിടെ ശക്തമാകുന്നുണ്ട്. വാറ്റ് സാമഗ്രികൾ പഞ്ചായത്ത് ജീപ്പിൽ കടത്തിയതടക്കമുള്ള സംഭവ വികാസങ്ങൾ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വഴി തെളിക്കുമെന്ന സാഹചര്യമൊരുങ്ങിയതോടെ പൊലീസിനെ ഉപയോഗിച്ച് കമ്മിറ്റി പിരിച്ച് വിട്ട് തടി രക്ഷപെടുത്താൻ നടത്തിയ ശ്രമങ്ങളടക്കം നാട്ടിൽ ചർച്ചയാ്വുന്നുണ്ട്. സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലടക്കം എത്തി കാര്യങ്ങൾ സംബന്ധിച്ച വിവര ശേഖരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് വക ജീപ്പ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ജീപ്പ് ഡ്രൈവറോട് രേഖാമൂലമുള്ള വിശദീകരണം കൂടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ രാജീവ്, സിപിഎം ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ , ഇരവിപേരൂർ മൂന്നാം വാർഡ് മെമ്പർ സാബു ചക്കും മൂട്ടിൽ, മാത്യു ടി തോമസ് എം എൽ എ യുടെ മുൻ ഡ്രൈവറും ഇരവിപേരൂരിലെ സിപിഎം പ്രാദേശിക നേതാവുമായ ആശാലൻ , ഗ്രാമപഞ്ചായത്ത് ജീപ്പ് ഡ്രൈവർ നന്ദു എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഈസ്റ്റർ തലേന്ന് രാത്രിയിൽ പെരുമ്പെട്ടി പൊലീസ് നടത്തിയ പെട്രോളിംഗിനിടെ പിടിയിലായത്.

സംഘം പിടിയിലായ ഉടൻ തന്നെ കിലോക്കണക്കിന് വരുന്ന ശർക്കരയും കടച്ചക്കയും അടക്കം വ്യാജ വാറ്റിനുള്ള സാധന സാമിഗ്രികളുമായി അഞ്ചു പേർ പിടിയിലായ വിവരം പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടെയാണ് പിടിയിലാവർ സിപിഎമ്മിന്റെ നേതാക്കളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പിടികൂടിയ നേതാക്കളെ വിട്ടയക്കാൻ മുകളിൽ നിന്നും വിളിയുമെത്തി. ഇതോടെ പിടിയിലായവരെ വിട്ടയച്ച് പൊലീസും തടി തപ്പി. പക്ഷേ രാജീവിന്റെ സന്തത സഹചാരിയുമായ സാബു ജോസഫ് തൊട്ടടുത്ത ദിവസം കീഴ് വായ്പൂര് പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്. രണ്ട് ലിറ്റർ വാറ്റ് ചാരായവും 20 ലിറ്റർ കോടയുമാണ് കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി പൊയ്ക്കുടിയിൽ വീട്ടിൽ സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്. അറസ്റ്റിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും 30 ലിറ്ററോളം വാറ്റ് ചാരായം ഇരവിപേരൂരിലെ ചില സി പി എം നേതാക്കൾ ചേർന്ന് കടത്തിയതായുള്ള അഭ്യൂഹങ്ങളും ഇതിനിടെ നാട്ടിൽ പടർന്നിരുന്നു.

സാബു ജോസഫ് അടക്കമുള്ള വിശ്വസ്തരുടെ വാറ്റ് കേന്ദ്രങ്ങളിലേക്ക് ശർക്കര അടക്കമുള്ള വാറ്റ് സാമിഗ്രികൾ സുരക്ഷിതമായി എത്തിച്ചിരുന്നത് പഞ്ചായത്ത് വക ജീപ്പിലായിരുന്നുവെന്നതാണ് ഉയരുന്ന ആരോപണം. വ്യാജ വാറ്റ് നിർമ്മാണത്തിനിടെയാണ് കമ്മ്യൂണിറ്റി കിച്ചണിൽ തീ പിടിച്ചതെന്നും തീയണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘം വാറ്റ് ചാരായമടങ്ങുന്ന പ്ലാസ്റ്റിക് ബോട്ടിൽ കിച്ചണ് പരിസരത്ത് നിന്നും കണ്ടെത്തിയെന്നതുമായ അഭ്യൂഹങ്ങളും ഇതിനിടെ നാട്ടിൽ പരക്കുന്നുണ്ട്. വ്യാജ ചാരായ നിർമ്മാണത്തിനിടെ പിടിയിലായ സാബു ജോസഫിന്റെ അറസ്റ്റ് വിവരങ്ങളും ഫോട്ടോയും അടക്കം മാധ്യമങ്ങൾക്ക് നൽകാതിരിക്കുന്നതിനും അറസ്റ്റ് വിവരം പുറം ലോകം അറിയാതിരിക്കാനും സി പി എം നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തയും പ്രതിയുടെ ഫോട്ടോയും അടക്കം മറുനാടൻ മലയാളി പുറത്ത് വിട്ടതോടെ മുഖ്യധാരാ പത്രങ്ങൾ അടക്കം അറസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. ഇതിനിടെ സംഭവങ്ങൾ സംബന്ധിച്ച നിജസ്ഥിതി പുറത്തുകൊണ്ടുവരുന്ന് മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പടിക്കൽ ഉൾപ്പടെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് തങ്ങളെന്ന് ബിജെപി ഇരവിപേരൂർ ഘടകം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP