Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖം നോക്കാതെ പണിയെടുക്കുന്നവരെ വിരട്ടാൻ വരട്ടെ! അർദ്ധരാത്രി തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന്റെ പേരിൽ എസ്‌പി ചൈത്ര തെരേസ ജോണിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ പാർട്ടിക്കാർ ചുവട് പിന്നോട്ട് വയ്ക്കട്ടെ; ഓഫീസ് പരിശോധന അവിടെ പ്രതികളുണ്ടെന്ന വിശ്വസനീയവിവരം കിട്ടിയതോടെ; പാർട്ടി ഓഫീസിലുണ്ടെന്ന് മുഖ്യപ്രതി അമ്മയോട് ഫോണിൽ പറയുന്നത് കേട്ടു; പരിശോധന ചട്ടങ്ങൾ പാലിച്ചെന്ന് മജിസ്‌ട്രേറ്റിന് സമർപ്പിച്ച സേർച്ച് റിപ്പോർട്ടിൽ

മുഖം നോക്കാതെ പണിയെടുക്കുന്നവരെ വിരട്ടാൻ വരട്ടെ! അർദ്ധരാത്രി തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന്റെ പേരിൽ എസ്‌പി ചൈത്ര തെരേസ ജോണിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ പാർട്ടിക്കാർ ചുവട് പിന്നോട്ട് വയ്ക്കട്ടെ; ഓഫീസ് പരിശോധന അവിടെ പ്രതികളുണ്ടെന്ന വിശ്വസനീയവിവരം കിട്ടിയതോടെ; പാർട്ടി ഓഫീസിലുണ്ടെന്ന് മുഖ്യപ്രതി അമ്മയോട് ഫോണിൽ പറയുന്നത് കേട്ടു; പരിശോധന ചട്ടങ്ങൾ പാലിച്ചെന്ന് മജിസ്‌ട്രേറ്റിന് സമർപ്പിച്ച സേർച്ച് റിപ്പോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊലീസ് റെയ്ഡ്് ചട്ടവിരുദ്ധമാണെന്ന പാർട്ടി വാദത്തിൽ കഴമ്പില്ലെന്ന് തെളിയുന്നു. ഓഫീസിൽ പരിശോധന നടത്തിയത് അവിടെ പ്രതികളുണ്ടെന്ന വിശ്വനീയവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന സെർച്ച് റിപ്പോർട്ടിലെ പരാമർശമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. പാർട്ടി ഓഫീസിലുണ്ടെന്ന് മുഖ്യപ്രതി അമ്മയോട് ഫോണിൽ പറയുന്നത് കേട്ടിരുന്നു. മജിസ്‌ട്രേറ്റിന് കൊടുത്ത സെർച്ച് റിപ്പോർട്ടിലാണ് എസ്‌പി ചൈത്ര തെരേസ ജോൺ ഇക്കാര്യം അറിയിച്ചത്. പരിശോധനക്ക് തൊട്ടുപിന്നാലെ കോടതിയിൽ രേഖകൾ സമർപ്പിക്കുകയും ചെയ്തു. പരിശോധന ചട്ടങ്ങൾ പാലിച്ചാണെന്ന് വ്യക്തമായി.

കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധിച്ച ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ചൈത്രയുടെ നടപടി പാർട്ടിക്ക് കടുത്ത ക്ഷീണമായി എന്നതോടെയാണ് അവരെ പാഠം പഠിപ്പിക്കണം എന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നത്. ഉദ്യോഗസ്ഥ ഗൂഢലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. മാധ്യമശ്രദ്ധ നേടാനാണ് അർധരാത്രി പരിശോധന നടത്തിയത്. നിയമസഭ ചേരുന്നതിന് തൊട്ടുമുൻപ് നടത്തിയ പരിശോധന മനഃപൂർവമാണെന്നും ആനാവൂർ ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞവരെ പിടികൂടാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എസ്‌പിയും സംഘവും പരിശോധന നടത്തിയത്. റെയ്ഡിനെത്തിയ എസ്‌പിയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ആനാവൂർ പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്ത് ബിജെപി ഓഫീസിൽ പോലും പൊലീസ് കയറിയിട്ടില്ലെന്ന കാര്യവും ആനാവൂർ നാഗപ്പൻ ചൂണ്ടിക്കാട്ടി.

നിയമസഭ ചേരുന്നതിന് തൊട്ടുമുൻപ് റെയ്ഡ് നടത്തിയത് മനഃപൂർവമാണ്. ശബരിമലപ്രക്ഷോഭകാലത്ത് ബിജെപി ഓഫിസിൽപ്പോലും പൊലീസ് കയറിയിട്ടില്ലന്നും ജില്ലാ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികൾക്കായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുസമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനായി അനാവശ്യമായി ഓഫീസിൽ കയറിയെന്ന് കാണിച്ച് സിപിഎം പരാതി നൽകിയിരുന്നു. പരാതിയിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്.

പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. എന്നാൽ ഇവിടെ നിന്ന് ആരെയും പിടികൂടാനായിരുന്നില്ല. റെയ്ഡിനെതിരെ ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയിൽ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലുള്ള നടപടിക്രമം എന്ന രീതിയിൽ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ഡിജിപി പറഞ്ഞു. പ്രദേശികമായി നടന്നൊരു വിഷയത്തിൽ ഒരു പ്രതിയെ പിടിക്കാൻ പൊലീസ് സിപിഎംന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറുന്നത് മര്യാദകെട്ട നടപടിയാണെന്നാണ് ആനാവൂർ നാഗപ്പന്റെ നിലപാട്.

റെയിഡിന്റെ സാഹചര്യത്തെ കുറിച്ചും ചൈത്രയുടെ നടപടിയെ കുറിച്ചും അന്വേഷിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം നാളെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിൽ സിപിഎം ജില്ലാ നേതൃത്വം ഉറച്ച് നിൽക്കുന്നത്. ഒഴിവാക്കാമായിരുന്ന നടപടിക്ക് ഉദ്യോഗസ്ഥ മുതിർന്നെന്ന് മാത്രമല്ല, പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ ആരെയും റെയിഡിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്താനായില്ലെന്നുമാണ് നേതാക്കൾ പറയുന്നു. എവിടെ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയിഡിനെത്തിയതെന്ന് ചൈത്ര തെരേസ ജോൺ വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

അതേസമയം ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കുന്നതിൽ പൊലീസ് സേനക്ക് കടുത്ത അതൃപ്തിയുണ്ട്. നടപടി എടുക്കേണ്ടെന്ന നിലപാടാണ് ഐപിഎസ് അസോസിയേഷനും ഉള്ളത്. സിപിഎം പ്രതികളായ കേസിലെ കർശന നിലപാടാണ് ചൈത്ര കൈക്കൊണ്ടത്. സ്റ്റേറ്റ് ബാങ്ക് അടിച്ചു തകർത്ത കേസിലെ യൂണിയൻ നേതാക്കളെ അവരാണ് മുഖം നോക്കാതെ അറസ്റ്റു ചെയ്തത്. ഇതിലുള്ള ദേഷ്യം കൂടി തീർക്കുകയാണ് ഈ വിഷയത്തിന്റെ പേരിൽ. അതുകൊണ്ട് ചൈത്രയെ പിന്തുണക്കാനാണ് ഐപിഎസുകാരുടെ തീരുമാനം. തന്റെ ജോലി ചെയ്തതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥക്കെതിരെ നടപടി കൈക്കൊള്ളാൻ ആകില്ലെന്നാണ് ഇവരുടെ പക്ഷം.

സംഭവത്തിൽ ഡിജിപി വിശദീകരണം ചോദിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിക്കുകയും ചെയ്ത ശേഷമാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. താൻ ചെയ്തത് കൃത്യനിവ്വഹണം മാത്രമാമെന്ന് ചൈത്ര തെരേസ ജോൺ വിശദീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടിയിലേക്ക് കടന്നാൽ അത് ഉദ്യോഗസ്ഥയുടെ മനോവീര്യം തകർക്കുന്ന രീതിയിലാകുമെന്നാണ് പൊലീസ് സേനയിലെ പൊതുവികാരം. അതേസമയം മനോജ് എബ്രഹാം നൽകിയ റിപ്പോർട്ട് ചൈത്രയ്ക്ക് ക്ലീൻ ചിറ്റ് നൽകി കൊണ്ടാണെന്ന സൂചനയുമുണ്ട്.

പൊലീസ് സേനക്കകത്ത് മാത്രമല്ല ചൈത്ര തെരേസ ജോണിനെതിരായ നീക്കങ്ങൾ പൊതുസമൂഹത്തിലും വലിയ ചർച്ചയാണ്. കടുത്ത നടപടിക്ക് മുതിർന്നാൽ അത് സർക്കാറിനും ഭരണകക്ഷിയായ സിപിഎമ്മിനും എതിരായ വികാരം ശക്തമാക്കുമെന്ന വിലയിരുത്തലും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP