Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു വേണ്ടി മത്സരിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയിൽ ശ്രീകണ്ഠൻ നായരുമുണ്ടെന്ന് ജന്മഭൂമിയുടെ വാർത്ത; കൊട്ടാരക്കരയിൽ ഐഷാ പോറ്റിക്ക് ഇനി അവസരം നൽകില്ലെന്നും പകരം പാർട്ടി ചിഹ്നത്തിലോ ഇടതു സ്വതന്ത്രനായോ ശ്രീകണ്ഠൻ നായരെ മത്സരിപ്പിക്കണമെന്നാണ് സിപിഎം ആലോചനയെന്നും പരിവാർ പത്രം; വീണ ജോർജിനും നികേഷിനും പിന്നാലെ മാധ്യമ പ്രമുഖനെ ലക്ഷ്യമിട്ടാണ് സിപിഎം നീക്കമെന്നും ജന്മഭൂമി

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു വേണ്ടി മത്സരിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയിൽ ശ്രീകണ്ഠൻ നായരുമുണ്ടെന്ന് ജന്മഭൂമിയുടെ വാർത്ത; കൊട്ടാരക്കരയിൽ ഐഷാ പോറ്റിക്ക് ഇനി അവസരം നൽകില്ലെന്നും പകരം പാർട്ടി ചിഹ്നത്തിലോ ഇടതു സ്വതന്ത്രനായോ ശ്രീകണ്ഠൻ നായരെ മത്സരിപ്പിക്കണമെന്നാണ് സിപിഎം ആലോചനയെന്നും പരിവാർ പത്രം; വീണ ജോർജിനും നികേഷിനും പിന്നാലെ മാധ്യമ പ്രമുഖനെ ലക്ഷ്യമിട്ടാണ് സിപിഎം നീക്കമെന്നും ജന്മഭൂമി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു വേണ്ടി മത്സരിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയിൽ ഫ്ളവേഴ്സ്, 24 ന്യൂസ് എന്നീ ചാനലുകളുടെ മേധാവി ശ്രീകണ്ഠൻ നായരും ഉണ്ടെന്ന് സംഘപരിവാർ പത്രമായ ജന്മഭൂമിയുടെ റിപ്പോർട്ട്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎമ്മിനുള്ളിൽ ആഭ്യന്തരമായി നടന്ന അനൗദ്യോഗിക ചർച്ചകളിലാണ് ചാനൽ രംഗത്തെ പ്രമുഖനായ ശ്രീകണ്ഠൻ നായരെ ഇടതു ചിഹ്നത്തിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ഒരുത്തിരിഞ്ഞത്. കൊട്ടാരക്കരയ്ക്കടുത്ത് മേലില സ്വദേശിയാണ് ശ്രീകണ്ഠൻ നായർ. അതുകൊണ്ടു തന്നെ കൊട്ടാരക്കര നിയമസഭ സീറ്റാണ് അദ്ദേഹത്തിനുള്ള വാഗ്ദാനം. കൊട്ടാരക്കര സീറ്റ് സിപിഎം മുന്നോട്ടു വയ്ക്കാൻ മറ്റു കാരണങ്ങളുമുണ്ടെന്നും ജന്മഭൂമി പറയുന്നു.

നിലവിൽ സിപിഎമ്മിന്റെ ഐഷ പോറ്റി മൂന്നാംതവണയാണ് കൊട്ടാരക്കരയിൽ നിന്നു മത്സരിച്ചു ജയിച്ചത്. കൊട്ടാരക്കര സീറ്റിൽ യുഡിഎഫിനു വേണ്ടി വർഷങ്ങളായി മത്സരിക്കുന്നത് കേരള കോൺഗ്രസ് (ബി) ആണ്.. കൊട്ടാരക്കരയും തൊട്ടടുത്ത മണ്ഡലം പത്തനാപുരവുമാണ് കേരള കോൺഗ്രസ് (ബി) മത്സരിക്കുന്ന സീറ്റുകൾ. ഇതിൽ പത്തനാപുരത്ത് നിന്ന് കെ.ബി. ഗണേശ് കുമാർ നിരവധി തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പട്ട നേതാവാണ്. കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണപിള്ളയാണ് മത്സരിക്കുന്നത്. 2006 ൽ ഐഷ പോറ്റിയോടു ബാലകൃഷ്ണപിള്ള പരാജയപ്പെട്ടു.

2011 തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ബി സ്ഥാനാർത്ഥി ഡോ. എൻ. മുരളിയെ ആണ് ഐഷ പോറ്റി തോൽപ്പിച്ചത്. പിന്നീട് യുഡിഎഫുമായി പിണങ്ങി മുന്നണി വിട്ടതിനെ തുടർന്ന് കഴിഞ്ഞതവണ ഐഷ പോറ്റിയെ കേരള കോൺഗ്രസ് ബിയും കൊട്ടാരക്കരയിൽ പിന്തുണയ്ക്കുകായിരുന്നു. ഇനിയൊരു അവസരം ഐഷ പോറ്റിക്ക് സിപിഎം നൽകില്ല. പകരം പാർട്ടി ചിഹ്നത്തിലോ ഇടതു സ്വതന്ത്രനായോ ശ്രീകണ്ഠൻ നായരെ മത്സരിപ്പിക്കണമെന്ന് ആലോചന ആണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ സജീവമായിട്ടുള്ളത്. ശ്രീകണ്ഠൻ നായരുമായി അടുപ്പമുള്ള സിപിഎം നേതാക്കൾ ഇക്കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചതായാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനയെന്നും ജന്മഭൂമി വാർത്തയിൽ വിശദീകരിക്കുന്നു.

മാധ്യമരംഗത്തുള്ളവരെ പാർട്ടിയേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തു തിളങ്ങിനിൽക്കുന്നവർക്ക് സീറ്റ് നൽകി മത്സരിപ്പിക്കുന്ന രീതി സിപിഎം ആരംഭിച്ചിരുന്നുവെന്നും ജന്മഭൂമി പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ വീണ ജോർജിനും അഴീക്കോട് മണ്ഡലത്തിൽ നികേഷ് കുമാറിനും സിപിഎം സീറ്റു നൽകി. ഇരുവരും ചാനൽ രംഗത്ത് സജീവമായ സമയത്താണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇതിൽ വീണ ജോർജ് വിജയിച്ചെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എം. ഷാജിയോട് നികേഷ് പരാജയപ്പെട്ടു.

തോൽവിക്കു ശേഷം പിന്നീട് വീണ്ടും മാധ്യമരംഗത്തേക്ക് നികേഷ് മടങ്ങുകയായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ മാധ്യമരംഗത്തെ സജീവസന്നിധ്യമായ ശ്രീകണ്ഠൻ നായരെ കൂടി ഇടതുകേന്ദ്രത്തിൽ എത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം എന്നും ജന്മഭൂമി വാർത്തയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP