Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മംഗളം സിഇഒ അജിത് കുമാറിനെയും റിപ്പോർട്ടർ ജയച്ചന്ദ്രനെയും അഴിക്കുള്ളിലാക്കാൻ കരുക്കൾ നീക്കുന്നത് സി.പി.എം; അഭിഭാഷകർ ഹാജരാകരുതെന്ന് നിർദ്ദേശിച്ചത് ജില്ലാ സെക്രട്ടറിയെന്നു സൂചന; അങ്ങനെയെങ്കിൽ ഒരു മാധ്യമപ്രവർത്തകനും വേണ്ടിയും ഹാജരാകില്ലെന്ന് അഭിഭാഷകർ; മാധ്യമ പ്രവർത്തകരെ മർദ്ദിച്ചെന്ന പ്രചാരണത്തിന് പിന്നിലും രാഷ്ട്രീയ മുതലെടുപ്പ്

മംഗളം സിഇഒ അജിത് കുമാറിനെയും റിപ്പോർട്ടർ ജയച്ചന്ദ്രനെയും അഴിക്കുള്ളിലാക്കാൻ കരുക്കൾ നീക്കുന്നത് സി.പി.എം; അഭിഭാഷകർ ഹാജരാകരുതെന്ന് നിർദ്ദേശിച്ചത് ജില്ലാ സെക്രട്ടറിയെന്നു സൂചന; അങ്ങനെയെങ്കിൽ ഒരു മാധ്യമപ്രവർത്തകനും വേണ്ടിയും ഹാജരാകില്ലെന്ന് അഭിഭാഷകർ; മാധ്യമ പ്രവർത്തകരെ മർദ്ദിച്ചെന്ന പ്രചാരണത്തിന് പിന്നിലും രാഷ്ട്രീയ മുതലെടുപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മംഗളത്തിന്റെ തേൻ കെണിയിൽപ്പെട്ട് എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ച് മാധ്യമ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ മർദ്ദിച്ചെന്ന പ്രചരണം നടത്തി സി.പി.എം രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് വേണ്ടി അഭിഭാഷകരാരും ഹാജരാകരുതെന്ന തീരുമാനമെടുക്കാൻ ബാർ കൗൺസിലുനുമേൽ സി.പി.എം നേതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായി. എന്നാൽ അത്തരമൊരു തീരുമാനത്തെ അനുകൂലിക്കേണ്ടതില്ലെന്ന് യുവ അഭിഭാഷകർ നിലപാടെടുക്കുകയായിരുന്നു.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായിരുന്ന വൈരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമമുണ്ടായത്. ഇതിനായി കഴിഞ്ഞ ദിവസം ചേർന്ന ബാർ അസോസിയേഷൻ യോഗത്തിലാണ് അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് വേണ്ടി അഭിഭാഷകർ ഹാജരാകേണ്ടതില്ലെന്ന നിർദ്ദേശം സി.പി.എം നേതാക്കളായ അഭിഭാഷകർ മുന്നോട്ടു വച്ചത്. എന്നാൽ മറ്റുള്ളവർ ഇതിനെ ശക്തമായി എതിർത്തു.

അങ്ങനെയെങ്കിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന ഒരു കേസിലും ഒരു അഭിഭാഷകരും ഹാജരാകില്ലെന്ന് തീരുമാനിക്കണമെന്നും യുവ അഭിഭാഷകർ ആവശ്യപ്പെട്ടു. കൈരളി ചാനലിന്റെ സ്ഥിരം അഭിഭാഷകനും ഇനി അവർക്ക് വേണ്ടി ഒരു കേസിലും ഹാജരാകില്ലെന്ന് ഉറപ്പ് നൽകണം. അതുപോലെ ഒരു മാധ്യമസ്ഥാപനങ്ങൾക്ക് വേണ്ടി ആരും ഇനി വക്കാലത്തെടുക്കില്ലെന്ന് തീരുമാനിക്കുകയും വേണം.

അങ്ങനെയെങ്കിൽ മംഗളത്തിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി ആരും ഹാജരാകില്ലെന്ന നിർദ്ദേശം അംഗീകരിക്കാമെന്നും ഭൂരിഭാഗം അഭിഭാഷകരും യോഗത്തിൽ നിലപാടെടുത്തു. ഇതോടെ സി.പി.എം നേതാക്കളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയ മാധ്യമപ്രവർത്തകരെ മർദ്ദിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ തീരുമാനിച്ചത്. തേൻകെണി കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ മറ്റ് മാധ്യമ പ്രവർത്തകരാരും കോടതിയിലെത്തിയിരുന്നില്ല. ഈ സാഹചര്യം സമർഥമായി ഉപയോഗിച്ചാണ് മാധ്യമ പ്രവർത്തകരെ മർദ്ദിച്ചെന്ന തരത്തിൽ പ്രചാരണം നടത്താൻ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

നേരത്തെ മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ഭിന്നത തെരുവ് യുദ്ധത്തിൽ കലാശിച്ചപ്പോൾ ബാർ അസോസിയേഷനെതിരെ മംഗളം സിഇഒയും അന്ന് പ്രസക്‌ളബ്ബ് പ്രസിഡന്റുമായിരുന്ന ആർ. അജിത്കുമാർ നിലപാടെടുത്തിരുന്നു. ഇതിൽ പ്രകോപിതരായ അഭിഭാഷകർ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ അജിത്കുമാറിനോട് ഇക്കാര്യമുന്നയിച്ച് തട്ടിക്കയറുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ കൈയേറ്റമായി ചിത്രീകരിച്ച് മധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിന് തീപകരാനാണ് ചിലർ ബോധപൂർവം ശ്രമിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മംഗളം സിഇഒ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായ ദിവസവും അഭിഭാഷകരുടെ ആക്രമണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാക്കുന്നത് വൈകിപ്പിച്ചിരുന്നു. തുടർന്ന് രാത്രി ഏറെ വൈകി മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇത് പ്രതികളെ ജയിലിലയയ്ക്കുന്നതിന് വേണ്ടി ആസൂത്രിതമായി ആഭ്യന്തരവകുപ്പൊരുക്കിയ കെണിയായിരുന്നെന്നാണ് അഭിഭാഷകർ പോലും പറയുന്നത്.കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിൽ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചേനെയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

ഇതിനിടെ ഇന്ന് മംഗളം സിഇഒ അജിത്കുമാർ, ചീഫ് റിപ്പോർട്ടർ ആർ ജയചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെക്കൂടാതെ എം.ബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി പ്രദീപ് എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്.

തേൻകെണിയിൽപ്പെട്ട മുന്മന്ത്രി എ.കെ ശശീന്ദ്രനെതിരെ ചാനൽപ്രവർത്തക നൽകിയ സ്വാകാര്യ അന്യായം ഈ കേസിൽ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശശീന്ദ്രനെതിരെ പരാതിക്കാരി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP