Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവോത്ഥാനത്തിന് അവധി കൊടുത്തു ഇടതുനേതാക്കൾ; സി ദിവാകരൻ കന്നി അയ്യപ്പനായതിന് പിന്നാലെ ഭക്തർക്ക് പിന്തുണ പ്രഖ്യാപിച്ച് കടകംപള്ളി സുരേന്ദ്രനും; വിശ്വാസികളുടെ താൽപര്യം കാക്കാൻ ഏന്തുവിലയും സർക്കാർ കൊടുക്കുമെന്ന് ദേവസ്വം മന്ത്രി

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവോത്ഥാനത്തിന് അവധി കൊടുത്തു ഇടതുനേതാക്കൾ; സി ദിവാകരൻ കന്നി അയ്യപ്പനായതിന് പിന്നാലെ ഭക്തർക്ക് പിന്തുണ പ്രഖ്യാപിച്ച് കടകംപള്ളി സുരേന്ദ്രനും; വിശ്വാസികളുടെ താൽപര്യം കാക്കാൻ ഏന്തുവിലയും സർക്കാർ കൊടുക്കുമെന്ന് ദേവസ്വം മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മും, എൽഡിഎഫും ഏറ്റവുമധികം പേടിക്കുന്നത് സാക്ഷാൽ അയ്യപ്പനെയായിരിക്കും. ശബരിമല സ്ത്രീപ്രവേശന വിഷയം മുൻനിർത്തി നവോത്ഥാന പിന്തുടർച്ചയ്ക്കായി വനിതാ മതിൽ പണിയാൻ ഇറങ്ങിപ്പുറപ്പെട്ട പിണറായി സർക്കാരും മന്ത്രിമാരും തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ, നാലുവോട്ടുകിട്ടാനുള്ള നെട്ടോട്ടത്തിലാണ്. തിരഞ്ഞെടുപ്പിൽ ആരുടെയും വോട്ട് വേണ്ടെന്ന് തുറന്നടിക്കാനാവില്ല. നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിനും എത്ര വിലയുണ്ടെന്ന് രാഷ്ട്രീയ നേതാക്കൾക്കേ അറിയൂ. സി ദിവാകരൻ അതാദ്യം തിരിച്ചിറിഞ്ഞു. കുമ്മനത്തെ തിരിച്ചുവിളിച്ച് ശബരിമല വിശ്വാസികളെ ഒപ്പം കൂട്ടാനുള്ള ബിജെപി തന്ത്രത്തോട് ഇടിച്ച് നിൽക്കാൻ ചെറിയ പണിയൊന്നും പോരെന്ന് ദിവാകരന് വളരെ വേഗം മനസ്സിലായി. തിരുവനന്തപുരം മണ്ഡലത്തിലെ വിശ്വാസികളുടെ പിന്തുണ ഉറപ്പിക്കാൻ ദേവിക്ക് കാണിക്ക സമർപ്പിച്ച് പ്രസാദവും വാങ്ങി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സി ദിവാകരൻ.

കൊഞ്ചിറവിളദേവി ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസത്തെ പൊങ്കാല ചടങ്ങുകൾക്ക് മുന്നോടിയായാണ് ദിവാകരൻ എത്തിയത്. ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസത്തെ മുഖ്യ ആകർഷണവും സിപിഐ സ്ഥാനാർത്ഥിയുടെ സാന്നിധ്യം തന്നെയായിരുന്നു. വിശ്വാസികളെത്തി പൊങ്കാല അടുപ്പ് കൂട്ടുന്നതിന് മുൻപ് സി ദിവാകരൻ സ്ഥലത്തെത്തി. ക്ഷേത്രത്തിൽ പൊങ്കാലയിടാനെത്തിയ വിശ്വാസികളോട് വോട്ടഭ്യർഥിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചത്. ദൈവവിശ്വാസികളിൽ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് ആയതുകൊണ്ടല്ലേ ക്ഷേത്രത്തിലെത്തിയത് എന്ന് വിമർശനം ഉന്നയിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ മറുപടി. ഏതായാലും അതേ പാത പിന്തുടരുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും. സർക്കാർ വിശ്വാസികൾക്കൊപ്പമെന്ന് ദേവസ്വം മന്ത്രി ഓർമിപ്പിച്ചു. ഏത് സാഹചര്യത്തിലും അവരുടെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം കൽപ്പറ്റ മുണ്ടേരി മണിയങ്കോട്ടപ്പൻ ക്ഷേത്ര പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമെന്ന നിലയ്ക്ക് 2017ലാണ് ശബരിമല ഇടത്താവളമെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. നിരവധി ചർച്ചകൾക്ക് ശേഷം കേരളത്തിലെ 38 ക്ഷേത്രങ്ങളിൽ ഇടത്താവളങ്ങൾ ഒരുക്കാൻ തീരുമാനിച്ചു. ഇങ്ങനെ സ്ത്രീപ്രവേശന വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചെങ്കിലും എൽഡിഎഫ് സർക്കാർ ശബരിമലയുടെ നാനാമുഖമായ വികസനത്തിന് വിശ്വാസികൾക്ക് ഒപ്പമുണ്ടെന്നാണ് കടകംപള്ളിയുടെ ധ്വനി.

നേരത്തെ മുതലേ തന്നെ വിശ്വാസത്തിനും വിശ്വാസികൾക്കുമൊപ്പം എന്ന് തെളിയിക്കുകയും പാർട്ടിക്കാരുടെ നീരസം ക്ഷണിച്ചുവരുത്തുകയും ചെയ്ത ആളാണ് കടകംപള്ളി സുരേന്ദ്രൻ. ഗുരുവായൂരിൽ ഭക്തിപുരസരം തൊഴുതുനിൽക്കുന്നതിന്റെയും മറ്റും ഫോട്ടോ വന്നപ്പോൾ പാർട്ടിക്കാർ ചൊടിച്ചെങ്കിലും മന്ത്രിക്ക് കൂസലുണ്ടായില്ല. അതായാലും തിരഞ്ഞെടുപ്പാകുമ്പോൾ എല്ലാററിനും ലൈസൻസായി. നവോത്ഥാനമൊക്കെ പിന്നാമ്പുറത്തേക്ക് മാറ്റാം. പൊരിവെയിലത്ത് വോട്ട് ചോദിക്കുമ്പോൾ എന്തുനവോത്ഥാനം. ആരു വെള്ളം കുടിക്കാൻ തന്നാലും കുടിക്കണ്ടേ? എല്ലാവരെയും ഒപ്പം നിർത്തണ്ടേ? തൽക്കാലം നവോത്ഥാന ജാടയൊക്കെ മാറ്റിവച്ച് വിശ്വാസികൾക്കൊപ്പം എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ശബരിമല ഉത്സവം തുടങ്ങുമ്പോഴും പഴയമട്ടിൽ യുവതികളെ കയറ്റാനുള്ള ആവേശമൊന്നും പൊലീസിനും കാണില്ല. തിരഞ്ഞെടുപ്പായി. അതും ഒരു ഉത്സവമല്ലേ, ഇനി അതാഘോഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP