Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണിയെടുക്കാത്ത തൊഴിലാളികൾക്ക് എന്തിനാണ് മാസം അയ്യായിരം രൂപ ശമ്പളം? മന്ത്രി ഇ.പി.ജയരാജന്റെ പരാമർശത്തിനെതിരെ എഐടിയുസി; സ്വാർത്ഥ താത്പര്യക്കാരുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാൻ ചിലർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; ജയരാജൻ മാത്രമല്ല സർക്കാരിനെ നയിക്കുന്നതെന്നും എഐടിയുസി; കോംട്രസ്റ്റിനെച്ചൊല്ലി സി പി എം- സിപിഐ പോര് വീണ്ടും

പണിയെടുക്കാത്ത തൊഴിലാളികൾക്ക് എന്തിനാണ് മാസം അയ്യായിരം രൂപ ശമ്പളം? മന്ത്രി ഇ.പി.ജയരാജന്റെ പരാമർശത്തിനെതിരെ എഐടിയുസി; സ്വാർത്ഥ താത്പര്യക്കാരുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാൻ ചിലർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; ജയരാജൻ മാത്രമല്ല സർക്കാരിനെ നയിക്കുന്നതെന്നും എഐടിയുസി; കോംട്രസ്റ്റിനെച്ചൊല്ലി സി പി എം- സിപിഐ പോര് വീണ്ടും

കെ വി നിരഞ്ജൻ

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയെച്ചൊല്ലി സി പി എം- സിപിഐ പോര് വീണ്ടും രൂക്ഷമാകുന്നു. ഫാക്ടറി ഏറ്റെടുക്കൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് തൊഴിലാളികൾക്ക് കഴിഞ്ഞ യു ഡി എഫ് സർക്കാർ ഇടക്കാലാശ്വാസമായി അയ്യായിരം രൂപ നൽകിവന്നിരുന്നതിനെതിരെ മന്ത്രി ഇ പി ജയരാജൻ രംഗത്ത് വന്നത്. ഒരു ജോലിയും ചെയ്യാതെ പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് മാസം അയ്യായിരം രൂപ നൽകുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇതിനെതിരെയാണ് കോംട്രസ്റ്റ് സമര സമിതി ജനറൽ കൺവീനറും എ ഐ ടി യു സി ജില്ലാ പ്രസിഡന്റുമായ ഇ സി സതീശൻ രംഗത്ത് വന്നത്. കോംട്രസ്റ്റുമായി ബന്ധപ്പെട്ട ഒരു വിഷയവും മന്ത്രിക്കറിയില്ല. ചില സ്വാർത്ഥ താത്പര്യക്കാരുടെ ഹിഡൻ അജണ്ടകൾ നടപ്പിലാക്കാൻ ചിലർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. കോംട്രസ്റ്റ് എറ്റെടുക്കാൻ നേതൃത്വം നൽകിയത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണ്. അതിന്റെ ഭാഗമായി ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ കേന്ദ്രം നിയമസഭയിൽ ബില്ല് അവതരിപ്പിച്ച് പാസാക്കണം എന്ന നിലപാട് സ്വീകരിച്ചു. തുടർന്നുവന്ന യു ഡി എഫ് ഗവൺമെന്റാണ് ബില്ല് അവതരിപ്പിച്ചത്. ഇതിന് പ്രേരണ ചെലുത്തിയത് എൽ ഡി എഫ് എം എൽ എമാരാണ്. ഇടതുപക്ഷം ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു. തുടർന്നാണ് ഐക്യകണ്ഠേന ബില്ല് പാസ്സാക്കിയത്.

2012 ജൂലൈ 25 ന് നിയമസഭ ഏകണ്ഠമായി കോമൺവെൽത്ത് ട്രസ്റ്റ് കോഴിക്കോട് (ഏറ്റെടുക്കലും കൈമാറ്റവും)ബില്ല് നിയമസഭ അംഗീകരിച്ചു. നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വ്യവസായ മ്യൂസിയവും ഉത്പാദന കേന്ദ്രവും ആരംഭിക്കാൻ ഉദ്ദേശിച്ചാണ് ബില്ല് അവതരിപ്പിച്ചത്. തുടർന്ന് വർഷങ്ങൾക്ക് ശേഷമാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. നിരവധി പേർ ഇത് തടയാൻ സ്വാധീനം ചെലുത്തിയെങ്കിലും അതിനെയെല്ലാം മറികടന്നാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. തൊഴിലാളികൾക്ക് വെറുതെ പണം നൽകുന്നു. വെറുതെ ഇരുന്ന് പണം വാങ്ങുന്നു. അതോടെ അവർ അരാജകവാദികളാവുന്നു എന്നൊക്കെയാണ് മന്ത്രി പറഞ്ഞത്.

തൊഴിലാളികൾ അരാജകവാദികളാകുമെന്നാണോ മന്ത്രി പറയുന്നത്. വർഷങ്ങളോളം സമരം ചെയ്തത് അയ്യായിരം രൂപ കിട്ടാനാണോ. അവർക്ക് കിട്ടാനുള്ളതിൽ ഒരു വിഹിതം മാത്രമാണ് അവർക്ക് നൽകുന്നത്. അത് അവരുടെ അവകാശമാണ്. ഇതേ നിലപാടുമായി മന്ത്രി മുന്നോട്ട് പോകാൻ പാടില്ല. വ്യവസായ മന്ത്രി ഇ പി ജയരാജൻ മാത്രമാണോ സർക്കാറിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. സി പി എം മാത്രമാണോ സർക്കാർ എന്നും അദ്ദേഹം ചോദിച്ചു. കോംട്രസ്റ്റ് സമരം നയിച്ചത് സിപിഐയും എ ഐ ടി യു സിയുമാണ്. അതിനെ കണ്ടില്ലെന്ന് നടിച്ച് ഒരു മന്ത്രിക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2009 ഫെബ്രുവരി ഒന്നു മുതൽ കമ്പനി പൂട്ടിയ സാഹചര്യത്തിലാണ് 175 വർഷത്തിലേറെ പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാൻ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. മാനേജ്മെന്റിന്റെയും സി പി എം ഉൾപ്പെടെയുള്ള ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പിനെ മറികടന്ന് സംയുക്ത കോംട്രസ്റ്റ് വീവിങ് ആക്ഷൻ കമ്മിറ്റിയുടെ ഐതിഹാസിക സമരത്തിന്റെ വിജയമാണ് ഇതിലൂടെ ഉണ്ടായത്. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ഇ സി സതീശന്റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളുടെ പോരാട്ടം. ഭൂമാഫിയയുടെ കഴുകൻ കണ്ണുകൾ ഫാക്ടറിയും ഭൂമിയും സ്വന്തമാക്കാനായി വട്ടമിട്ട് പറക്കുമ്പോഴും കണ്ണിലെ കൃഷ്ണമണി പോലെ സ്ഥാപനത്തെ കാത്തുസൂക്ഷിക്കുകയായിരുന്നു തൊഴിലാളികൾ.

നഷ്ടത്തിലാണെന്ന് പറഞ്ഞ് മാനേജ്മെന്റ് കോംട്രസ്റ്റ് ഫാക്ടറി പൂട്ടിയത് 2009 ഫെബ്രുവരി ഒന്നിനാണ്. ഫാക്ടറി പൂട്ടുമ്പോൾ 287 തൊഴിലാളികളാണ് അവശേഷിച്ചിരുന്നത്. ഇതിൽ 180 പേരാണ് മാനേജ്മെന്റ് വ്യവസ്ഥകൾ അംഗീകരിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റി പിരിഞ്ഞുപോയത്. എന്നാൽ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് ചെക്ക് മാനേജ്മെന്റിനെ തിരിച്ചേൽപ്പിച്ച് കമ്പനിക്ക് മുമ്പിൽ പന്തൽ കെട്ടി സമര രംഗത്ത് തുടരുകയായിരുന്നു. ഈ തൊഴിലാളികൾക്കായിരുന്നു അയ്യായിരം രൂപ വീതം നൽകിവന്നിരുന്നത്. ഫാക്ടറിയിലെ തൊഴിലാളികൾക്ക് മാസം തോറും അയ്യായിരം രൂപ ഇത്തരത്തിൽ സമാശ്വാസ തുക നൽകുന്നതിനെതിരെയാണ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ രംഗത്ത് വന്നത്. ഇത്തരത്തിലുള്ള നടപടി തൊഴിൽ മേഖലയിൽ അരാജകത്വത്തിന് കാരണമാകുമെന്നും ഈ പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ഇതിനെതിരെ പ്രതിഷേധവുമായി സിപിഐ രംഗത്ത് വന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP