Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുകൂട്ടർ വീടുകളുടെ വാതിലും ജനലുകളും തകർത്തപ്പോൾ വാശി തീർക്കാൻ ഓട്ടോ ടാക്‌സിയുടെ ഗ്ലാസുകൾ അടിച്ചുപൊട്ടിച്ചും സ്‌കൂട്ടറുകൾക്ക് തീയിട്ടും മറുകൂട്ടർ; തുകലശ്ശേരിയെ വിറപ്പിച്ച് സിപിഎമ്മും ബിജെപിയും അഴിഞ്ഞാടിയപ്പോൾ നാട്ടുകാർ ഭീതിയിൽ; വെള്ളിയാഴ്ച അർദ്ധരാത്രിയിലെ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർ അറസ്റ്റിൽ

ഒരുകൂട്ടർ വീടുകളുടെ വാതിലും ജനലുകളും തകർത്തപ്പോൾ വാശി തീർക്കാൻ ഓട്ടോ ടാക്‌സിയുടെ ഗ്ലാസുകൾ അടിച്ചുപൊട്ടിച്ചും സ്‌കൂട്ടറുകൾക്ക് തീയിട്ടും മറുകൂട്ടർ; തുകലശ്ശേരിയെ വിറപ്പിച്ച് സിപിഎമ്മും ബിജെപിയും അഴിഞ്ഞാടിയപ്പോൾ നാട്ടുകാർ ഭീതിയിൽ; വെള്ളിയാഴ്ച അർദ്ധരാത്രിയിലെ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർ അറസ്റ്റിൽ

എസ്.രാജീവ്‌

തിരുവല്ല: തുകലശ്ശേരി പ്രദേശത്തെ മുൾമുനയിൽ നിർത്തി പാതിരാത്രിയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ വീടുകയറി ആക്രമണം. ഇരു കൂട്ടരും തമ്മിൽ രണ്ടു മണിക്കൂറിലേറെ നടത്തിയ ആക്രമണ പരമ്പരയിൽ നടുങ്ങി പ്രദേശവാസികൾ. ആക്രമണ പരമ്പരയിൽ അഞ്ച് വീടുകൾ തകർത്തു. രണ്ട് വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു. സംഭവത്തെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച അർദ്ധരാത്രിയിലായിരുന്നു ആക്രമണ പരമ്പര അരങ്ങേറിയത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി തുകലശ്ശേരി മൂത്തമശ്ശേരിൽ വീട്ടിൽ സുനിൽകുമാർ (36), വളഞ്ചേരിൽ വീട്ടിൽ ജിനീഷ് കുമാർ (37), പടിഞ്ഞാറേ വളഞ്ചേരിൽ വീട്ടിൽ ദീപു (25) , ബിജെപി പ്രവർത്തകരായ മതിൽഭാഗം പോളേകാട്ട് വാസുദേവം വീട്ടിൽ വിഷ്ണു (20), വെൺപാല പനച്ചിമൂട്ടിൽ വീട്ടിൽ പ്രജാഭരതൻ (32), തുകലശ്ശേരി കൊട്ടാരംപാട്ട് വീട്ടിൽ മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുഭാഗത്തെയും പ്രവർത്തകർ തമ്മിൽ മതിൽഭാഗം ജംഗ്ഷനിൽ വെച്ച് വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള സംഘർഷമാണ് വീട് കയറിയുള്ള അക്രമണത്തിൽ കലാശിച്ചത്.

സിപിഎം. പ്രവർത്തകനായ തുകലശ്ശേരി ചുങ്കത്തിലായ ചിറപ്പാട്ടിൽ റോഷന്റെ വീടിനു നേരേ രാത്രി 11 മണിയോടെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നു. ഇതിനു തുടർച്ചയായി ബിജെപി. പ്രവർത്തകനായ തുകലശ്ശേരി മൂത്തമശ്ശേരിൽ അഖിൽ എസ്. നായരുടെ വീടിന്റെ കതകും ജനലും 11.30 ഓടെ തകർത്തു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നു. പൊലീസ് സംഘം പിൻ വാങ്ങിയതോടെ രാത്രി 12 മണിയോടെ മടങ്ങിയെത്തിയ അക്രമി സംഘം അഖിലിന്റെ വീടിനു മുമ്പിലിരുന്ന സ്‌കൂട്ടറിന് തീയിട്ടു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപി സംഘം സി .പി.എം. പ്രവർത്തകരായ മൂത്തമശ്ശേരിൽ സുനിൽകുമാറിന്റെ വീടിന്റെ ജനൽ ചില്ലകൾ തകർക്കുകയും വീട്ടുമുറ്റത്ത് കിടന്നിരുന്ന ഒട്ടോ ടാക്സിയുടെ ഗ്ലാസുകൾ അടച്ചു തകർത്ത് തീയിടുകയും ചെയ്തു.

സമീപവാസിയും സി പി എം അനുഭാവിയുമായ നാറാണത്തേട്ട് വീട്ടിൽ വിഷ്ണു ശ്രീനിവാസന്റെ കാറും അക്രമി സംഘം തകർത്തു. ബിജെപി. പ്രവർത്തകരായ കൊട്ടാരംപാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ, ചേരാനല്ലൂർ ചുങ്കത്തിൽ വീട്ടിൽ വാസു ആശാരി എന്നിവരുടെ വീടുകൾക്കു നേരെയും രാത്രി ഒന്നരയോടെ ആക്രമണം ഉണ്ടായി. രാത്രി രണ്ടു മണിയോടെ സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്നടക്കം കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ചതോടെയാണ് രണ്ടു മണിക്കൂറിലേറെ നേരം നീണ്ടു നിന്ന സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്. സംഘർഷം ആവർത്തിക്കാതിരിക്കാൻ മുൻകരുതലെന്നോണം പ്രദേശത്തും സമീപ ഭാഗങ്ങളിലും വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP