Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചലച്ചിത്രമേളയിലും സിപിഐ-സിപിഎം പോര്: അടൂരിൽ ഇക്കുറി രണ്ട് ഫിലിംഫെസ്റ്റുകൾ ഒരുക്കി ഇരു പാർട്ടികളും; കഴിഞ്ഞവർഷം അടൂരിനെ ക്ഷണിക്കാതെ അപമാനിച്ചെന്ന ആക്ഷേപത്തിന് പകരംവീട്ടാൻ സിപിഎം; സൗജന്യഷോയുമായി വല്ല്യേട്ടൻ ജനകീയ മേളയുമായി എത്തുമ്പോൾ പണം വാങ്ങി രാജ്യാന്തര മേളയുമായി സിപിഐ; ബിജുവിന്റെ 'കാടുപൂക്കുന്നകാലം' ഉൾപ്പെടുത്തി സിപിഎമ്മിന്റെ മധുര പ്രതികാരവും

ചലച്ചിത്രമേളയിലും സിപിഐ-സിപിഎം പോര്: അടൂരിൽ ഇക്കുറി രണ്ട് ഫിലിംഫെസ്റ്റുകൾ ഒരുക്കി ഇരു പാർട്ടികളും; കഴിഞ്ഞവർഷം അടൂരിനെ ക്ഷണിക്കാതെ അപമാനിച്ചെന്ന ആക്ഷേപത്തിന് പകരംവീട്ടാൻ സിപിഎം; സൗജന്യഷോയുമായി വല്ല്യേട്ടൻ ജനകീയ മേളയുമായി എത്തുമ്പോൾ പണം വാങ്ങി രാജ്യാന്തര മേളയുമായി സിപിഐ; ബിജുവിന്റെ 'കാടുപൂക്കുന്നകാലം' ഉൾപ്പെടുത്തി സിപിഎമ്മിന്റെ മധുര പ്രതികാരവും

ശ്രീലാൽ വാസുദേവൻ

അടൂർ: പത്തനംതിട്ട ജില്ലയിൽ സിപിഐയും സിപിഐഎമ്മും തമ്മിലുള്ള അകലം വർധിക്കുന്നു. സിപിഐക്കാർ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കാൻ മനസിൽ കണ്ടപ്പോഴേ അത് മാനത്ത് കണ്ട് നടപ്പാക്കാൻ ഇറങ്ങിയിരിക്കുകയാണ് സിപിഎമ്മും. ഫലമോ ചലച്ചിത്രത്തിലൂടെ ലോകഖ്യാതി നേടിയ അടൂരിൽ രണ്ടു മാസത്തിനിടെ നടക്കാൻ പോകുന്നത് രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകൾ. ഒരെണ്ണം സിപിഐ നടത്തുമ്പോൾ മറ്റേത് സിപിഎമ്മിന്റെ വകയാണ്.

കഴിഞ്ഞ വർഷം സിപിഐയും സംവിധായകൻ ഡോ ബിജുവും ചേർന്ന് നടത്തിയ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ആരാണ് ഈ അടൂർ ഗോപാലകൃഷ്ണൻ എന്ന ഡോ. ബിജുവിന്റെ ചോദ്യം എരിതീയിൽ എണ്ണയൊഴിച്ചതുപോലെ ഈ വിവാദത്തെ കത്തിപ്പടർത്തി. ഇതിനെല്ലാം മറുപടിയായിട്ടാണ് ഇക്കുറി അടൂരിൽ ആദ്യ ചലച്ചിത്രമേള സിപിഐഎം തന്നെ നടത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായിട്ടാണ് ചലച്ചിത്രമേളകൾ നടക്കുന്നത്.

കഴിഞ്ഞ വർഷം ജൂൺ 10 മുതൽ 12 വരെ അടൂർ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ ഡോ. ബിജുവിന്റെയും സിപിഐയുടെയും നേതൃത്വത്തിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ വിശ്വവിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, സംവിധായകൻ ആർ സുകുമാരൻ, ശാസ്ത്ര ചലച്ചിത്ര സംവിധായകൻ ധനോജ് നായിക് എന്നിവരുൾപ്പെടെ അടൂരിലെ ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്ന മിക്കവരെയും ഒഴിവാക്കിയത് പിന്നീട് ചർച്ചയായി. സാമൂഹിക മാധ്യമത്തിലൂടെ ഡോ. ബിജുവിനെതിരെ രൂക്ഷ വിമർശം ഉയർന്നപ്പോൾ താനാണ് അടൂർക്കാരനെന്നും അടൂർ ഗോപാലകൃഷ്ണന്റെ പേരിലേ അടൂർ ഉള്ളുവെന്നും അദ്ദേഹം തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നുമൊക്കെയുള്ള ബിജുവിന്റെ പ്രതികരണം ചില്ലറ ഒച്ചപ്പാടൊന്നുമല്ല ഉണ്ടാക്കിയത്.

ഇതിനു മധുര പ്രതികാരമായാണ് സിപിഎം നേതാക്കൾ നേതൃത്വം നൽകുന്ന ജനകീയ ചലച്ചിത്രമേള അടൂരിൽ സംഘടിപ്പിക്കുന്നത്. മാർച്ച് 18 മുതൽ 22 വരെ വൈഎംസിഎ ഹാളിൽ നടക്കുന്ന മേളയിൽ സൗജന്യമായാണ് ചിത്രങ്ങൾ പ്രർശിപ്പിക്കുക. ചലച്ചിത്ര രംഗത്തെ അടൂരൂകാരായ പ്രശസ്തരെയും അപ്രശസ്തരെയും പങ്കെടുപ്പിച്ചും അവർ ഉൾപ്പെട്ട ചലച്ചിത്രങ്ങളും ഹ്രസ്വചലച്ചിത്രങ്ങളും പ്രദർശിപ്പിച്ചുമാകും മേള നടത്തുകയെന്ന് സംഘാടകസമിതി കൺവീനർ ബാബു ജോൺ പറഞ്ഞു. ഡോ. ബിജുവിനെ ഒഴിവാക്കില്ല. അദ്ദേഹത്തിന്റെ കാടു പൂക്കുന്ന കാലവും പ്രദർശിപ്പിക്കും.

മേള 18ന് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ തവണ പ്രഥമ രാജ്യാന്തര ചലച്ചിത്രമേള അടൂരിൽ ഉദ്ഘാടനം ചെയ്ത കമൽ ഇത്തവണ ജനകീയ ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ചലച്ചിത്രമേളക്കാർ തഴഞ്ഞ അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റമാണ് ജനകീയ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. ആർ സുകുമാരന്റെ പാദമുദ്ര, ദേശീയ പുരസ്‌കാരം നേടിയ മിന്നാമിനുങ്ങ്, അടൂരിലെ താര സഹോദരിമാർ ഭവാനിയും പങ്കജവും അഭിനയിച്ച സിനിമകൾ, ധനോജ് നായിക്ക് സംവിധാനം ചെയ്ത് ഫിലിം ക്രിട്ടിക്സ് അവാർഡു നേടിയ ആകാശങ്ങൾക്കപ്പുറം തുടങ്ങിയ ചലച്ചിത്രങ്ങളും പ്രർശന പട്ടികയിലുണ്ട്.

ഇതര ഭാഷകളിലെ ചലച്ചിത്രങ്ങളും തുടർ ദിനങ്ങളിൽ പ്രദർശിപ്പിക്കും. ഏപ്രിൽ ആറു മുതൽ എട്ടു വരെയാണ് രണ്ടാമത് അടൂർ രാജ്യാന്തര ചലച്ചിത്രമേള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ധനസഹായത്തോടെ മാർത്തോമ യൂത്ത് സെന്ററിൽ നടക്കുക. പ്രദർശനം കാണുന്നതിന് രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൺവീനർ സി. സുരേഷ്ബാബു പറഞ്ഞു. ലോക, രാജ്യ, പ്രാദേശിക വിഭാഗങ്ങളിലാവും ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മേളയുടെ സിഗ്നേച്ചർ ഫിലിമിനായി മത്സരം സംഘടിപ്പിച്ചു. വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ചിറ്റയം ഗോപകുമാർ എംഎൽഎ ചെയർമാനും സി. സുരേഷ് ബാബു കൺവീനറും സംവിധായകൻ ഡോ.ബിജു ഡയറക്ടറുമായുള്ളതാണ് കമ്മിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP