Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും അതെല്ലാം അട്ടിമറിച്ച് പാസ്‌പോർട്ടിന് ഒത്താശ ചെയ്തത് ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ; സിംഗപ്പൂരിലേക്ക് കൊണ്ടുപോയത് അടൂരിലെ ഗൃഹോപകരണ വിൽപ്പനക്കാരൻ; നേതാവിനെ സുഖവാസത്തിന് കൊണ്ടു പോയ കടക്കാരന് വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ കുട്ടിസഖാക്കളുടെ പ്രചാരണവും; പാർട്ടി അറിയാതെ വിദേശപര്യടനത്തിന് പോയ സിപിഎം അടൂർ ഏരിയാ സെക്രട്ടറി വെട്ടിൽ

ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും അതെല്ലാം അട്ടിമറിച്ച് പാസ്‌പോർട്ടിന് ഒത്താശ ചെയ്തത് ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ; സിംഗപ്പൂരിലേക്ക് കൊണ്ടുപോയത് അടൂരിലെ ഗൃഹോപകരണ വിൽപ്പനക്കാരൻ; നേതാവിനെ സുഖവാസത്തിന് കൊണ്ടു പോയ കടക്കാരന് വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ കുട്ടിസഖാക്കളുടെ പ്രചാരണവും; പാർട്ടി അറിയാതെ വിദേശപര്യടനത്തിന് പോയ സിപിഎം അടൂർ ഏരിയാ സെക്രട്ടറി വെട്ടിൽ

ആർ കനകൻ

കൊല്ലം: പിൻവാതിലിലൂടെ പാസ്പോർട്ട് സംഘടിപ്പിച്ച്, വ്യവസായ പ്രമുഖന്റെ ആതിഥ്യം സ്വീകരിച്ച്, പാർട്ടിയുടെ അനുവാദം വാങ്ങാതെ സിംഗപ്പൂരിലേക്ക് സുഖവാസത്തിന് പോയ സിപിഎം അടൂർ ഏരിയാ സെക്രട്ടറി വെട്ടിലായി. പാർട്ടി അറിയാതെ വിദേശയാത്ര നടത്തിയ സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി എതിർപക്ഷവും രംഗത്തു വന്നതോടെ ജില്ലാ നേതൃത്വം അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. ഇതിനിടെ സെക്രട്ടറിയെ വിദേശപര്യടനത്തിന് കൊണ്ടുപോയ കടയുടമയുടെ സ്ഥാപനങ്ങളുടെ പരസ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ നിറവേറ്റുകയാണ് ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും കുട്ടി സഖാക്കൾ. നിരവധി ക്രിമിനൽ കേസുകൾ പേരിലുണ്ടായിരിക്കേ ഏരിയാ സെക്രട്ടറിക്ക് പാസ്പോർട്ട് നൽകാൻ ശുപാർശ ചെയ്ത ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരനും വെട്ടിലായിരിക്കുകയാണ്. ഇതേപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ജൂലൈ ആദ്യവാരമാണ് അടൂർ ഏരിയാ സെക്രട്ടറി അഡ്വ എസ് മനോജ് സിംഗപ്പൂർ യാത്ര നടത്തിയത്. ഏരിയ കമ്മിറ്റിയുടെ ചുമതല മറ്റാർക്കും കൈമാറാതെയും ഉപരി കമ്മറ്റി അറിയാതെയുമായിരുന്നു സുഖവാസം. ഇദ്ദേഹം മടങ്ങി എത്തിയതോടെയാണ് വിവരം മറ്റുള്ളവർ അറിഞ്ഞത്. ഇതു സംബന്ധിച്ച് ഉപരി കമ്മറ്റി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിവാദങ്ങൾ കൊണ്ട് ആകെ വലഞ്ഞിരിക്കുകയാണ് ജില്ലാ സെക്രട്ടറിയുടെ തട്ടകമായ അടൂർ മണ്ഡലത്തിലെ സിപിഎം. ലോക്കൽ കമ്മറ്റി അംഗത്തിന്റെ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖലാ ആക്ടിങ് സെക്രട്ടറി ആക്കുകയും വിവാദത്തെ തുടർന്ന് അത് പിൻവലിക്കുകയും ചെയ്തപ്പോഴാണ് സെക്രട്ടറിയുടെ വിദേശയാത്ര വിവാദമായിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പാസ്പോർട്ട് നൽകാൻ പാടില്ലെന്നുള്ള നിയമം അട്ടിമറിച്ചാണ് പൊലീസ് മനോജിന് പാസ്പോർട്ട് സംഘടിപ്പിച്ചു കൊടുത്തത്. ഏരിയാ സെക്രട്ടറി എസ് മനോജിന് പാസ്പോർട്ടിനായി ഒത്താശ ചെയ്തത് ഏനാത്ത് സ്റ്റേഷനിലെ സന്തോഷ് എന്ന പൊലീസുകാരനാണെങ്കിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പിബി ഹർഷകുമാറിന് വേണ്ടി നിയമം മറി കടന്നത് അടൂർ സ്റ്റേഷനിലെ സുരേന്ദ്രൻപിള്ളയാണെന്നാണ് സ്പെഷൽബ്രാഞ്ചിന് ലഭിച്ച വിവരം.

നേതാക്കന്മാർക്കായി പൊലീസ് ഉദ്യോഗസ്ഥർ വഴി വിട്ടു പ്രവർത്തിച്ചുവെന്ന സൂചനയാണ് പുറത്തു വരുന്നത്. പെറ്റിക്കേസുകളിൽ ഉൾപ്പെടുന്നവർക്ക് പാസ്പോർട്ട് നൽകുന്നതിന് നിയമതടസമില്ല. എന്നാൽ റോഡ് ഉപരോധം, പൊലീസ് സ്റ്റേഷൻ ഉപരോധം, അടിപിടി, പാർട്ടിക്കാർ തമ്മിലുള്ള സംഘർഷം ഇങ്ങനെ ക്രിമിനൽ കേസുകൾ കോടതിയിലുള്ളവർക്ക് പാസ്പോർട്ട് നൽകുന്ന പതിവില്ല. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ക്രിമിനൽ കേസുകളുടെ വിവരം കാണിച്ച് സത്യവാങ്മൂലം നൽകണം. മിക്കപ്പോഴും ഇത്തരക്കാരുടെ അപേക്ഷ പൊലീസ് വേരിഫിക്കേഷനിൽ തള്ളുകയാണ് ചെയ്യുന്നത്. പാർട്ടിയുടെ പ്രവർത്തകർ അടക്കം നിരവധിപ്പേർ ഇപ്പോഴും പാസ്പോർട്ട് എടുക്കാൻ കഴിയാതെ ഭാവി ഇരുളടഞ്ഞ് നാട്ടിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് സിപിഎം നേതാക്കൾക്ക് വേണ്ടി പൊലീസ് വഴിവിട്ട് പ്രവർത്തിച്ചത്. മുൻ ഏനാത്ത് എസ്എച്ച്ഒ ഭീഷണിപ്പെടുത്തി പൊലീസുകാരനെ കൊണ്ട് ഏരിയാ നേതാവിന് അനുകൂലമായി റിപ്പോർട്ട് എഴുതിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതേ രീതിയിലാണ് അടൂർ സ്റ്റേഷനിൽ നിന്നും ജില്ലാ നേതാവിന് പാസ്പോർട്ട് അനുവദിച്ചത്. തനിക്ക് അനുകൂലമായി വേരിഫിക്കേഷൻ നൽകാൻ മടിച്ച പൊലീസുകാരനെ നേതാവ് നേരിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ നേതാവിന്റെ പേരിലും നിരവധി ക്രിമിനൽ കേസുണ്ട്. മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റിന് ഫണ്ട് പിരിക്കാൻ വിദേശത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ജില്ലാ നേതാവ് പാസ്പോർട്ടിന് അപേക്ഷ നൽകിയിരുന്നത്.

ഏരിയാ നേതാവിനെ വിദേശയാത്ര കൊണ്ടു പോയ കടയുടമയുടെ പരസ്യം ഫേസ് ബുക്ക് വഴി ഷെയർ ചെയ്തിരിക്കുന്നത് ഡിവൈഎഫ്ഐ ആക്ടിങ് സെക്രട്ടറിയായി വരികയും പിന്നീട് വിവാദം മൂലം സ്ഥാനമൊഴിയേണ്ടി വരികയും ചെയ്ത ജോയൽ അടൂരാണ്. യാത്രയുടെ അടക്കം മുഴുവൻ ചെലവും വഹിച്ചത് സ്ഥാപന ഉടമയായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന ഏരിയാ കമ്മറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് ബഹളമുണ്ടായി. ക്രിമിനൽ കേസുകളിൽ പ്രതിയായി എന്നതിനാൽ വിദേശത്ത് പോകാൻ കഴിയാതെ നിരവധി പ്രവർത്തകരും നേതാക്കളും പാസ്പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ക്രിമിനൽ കേസിൽ പ്രതിയായി എന്ന ഒറ്റക്കാരണത്താൽ പൊലീസ് പാസ്പോർട്ട് അപേക്ഷ നിരസിക്കുകയാണ്. പിന്നെ എങ്ങനെയാണ് നിരവധി ക്രിമിനൽ കേസുള്ള നേതാക്കൾക്ക് പാസ്പോർട്ട് ലഭിച്ചത് എന്നാണ് പ്രവർത്തകരുടെ ചോദ്യം. ഞങ്ങളുടെ യൗവനവും ജീവിതവും ആർക്ക് വേണ്ടിയാണ് ബലി കൊടുത്തത് എന്നും ഇവർ ചോദിച്ചപ്പോൾ നേതാക്കൾക്ക് ഉത്തരമില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP