Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ് ഡി പി ഐയുമായി രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികമെന്നും ഇ ടി മുഹമ്മദ് ബഷീർ; കൊണ്ടോട്ടിയിലെ ഹോട്ടലിൽ പരസ്യമായി ചർച്ച നടത്തിയതിൽ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണെന്ന് എസ്ഡിപിഐ; ചർച്ച കോൺഗ്രസിന്റെ അറിവോടെയെന്നും ബെന്നി ബഹനാൻ സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി പി വി അൻവർ; നിഷേധിച്ച് ബെന്നിയും; ലീഗിന് പരാജയഭീതിയെന്ന് കോടിയേരി; ലീഗ്-എസ്ഡിപിഐ ബന്ധം ചർച്ചയാക്കാൻ സിപിഎം

എസ് ഡി പി ഐയുമായി രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്നും കൂടിക്കാഴ്ച യാദൃശ്ചികമെന്നും ഇ ടി മുഹമ്മദ് ബഷീർ; കൊണ്ടോട്ടിയിലെ ഹോട്ടലിൽ പരസ്യമായി ചർച്ച നടത്തിയതിൽ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണെന്ന് എസ്ഡിപിഐ; ചർച്ച കോൺഗ്രസിന്റെ അറിവോടെയെന്നും ബെന്നി ബഹനാൻ സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി പി വി അൻവർ; നിഷേധിച്ച് ബെന്നിയും; ലീഗിന് പരാജയഭീതിയെന്ന് കോടിയേരി; ലീഗ്-എസ്ഡിപിഐ ബന്ധം ചർച്ചയാക്കാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എസ്ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി യാതൊരു രീതിയിലുള്ള സഖ്യവും പാടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് മുസ്ലീലീഗ്. അഭിമന്യു വധത്തെതുടർന്ന് പോപ്പുലർ ഫ്രണ്ടിനും എസ്്ഡിപിഐക്കുമെതിരെ സംസ്ഥാന വ്യാപകമായി കാമ്പയിൻ ഉയർന്നപ്പോളും തങ്ങളല്ല സിപിഎമ്മാണ് ഇവരെ വളർത്തിയത് എന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കളുടെ വാദം. എന്നാൽ ഇന്നലെ കൊണ്ടോട്ടിയിലെ ഒരു ഹോട്ടലിൽവെച്ച് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീലീഗ് നേതാക്കൾ എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലീഗ് വെട്ടിലായിരിക്കയാണ്. ലീഗിന്റെ മതേതര മുഖം വെറും തട്ടിപ്പാണെന്നും ജയിക്കാനായി ആർഎസ്എസിന്റെവരെ വോട്ടുവാങ്ങിയ ചരിത്രമാണ് ഇവർക്കുള്ളതെന്നും പറഞ്ഞ് ഇടതുമുന്നണി വ്യാപകമായ പ്രചാരമാണ് അഴിച്ചുവിടുന്നത്. പൊന്നാനി അടക്കമുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയവും ഇതായിരിക്കും.

പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി പി വി അൻവർ ഇക്കാര്യത്തിൽ പരസ്യമായി രംഗത്തെത്തി. ചർച്ച കോൺഗ്രസ് നേതൃത്വത്തിന്റെ കൂടി അറിവേടെയായിരുന്നെന്നും ചർച്ചക്ക് ശേഷം ബെന്നി ബഹനാനെപ്പോലൊരു മുതിർന്ന കോൺഗ്രസ് നേതാവ് സ്ഥലത്തെത്തിയത് ഇതിന്റെ തെളിവാണെന്നും അൻവർ ആരോപിച്ചു. പൊന്നാനിയടക്കമുള്ള സ്ഥലങ്ങളിൽ പരാജയ ഭീതി പൂണ്ട യുഡിഎഫ്, മുമ്പ് ബിജെപിയുടെ വോട്ട് വാങ്ങിയപോലെ, എസ്ഡിപിഐയുടെ വോട്ടുവാങ്ങാനും ശ്രമിക്കകുയാണെന്ന് അൻവർ ആരോപിച്ചു. ഈ ചർച്ച പ്രചാരണ ആയുധമാക്കി സിപിഎം രംഗത്തെതിയതോടെ ലീഗ് പ്രതിരോധത്തിലാണ്. എന്നാൽ അൻവറിന്റെ ആരോപണം ബെന്നി ബെഹന്നാൻ നിഷേധിച്ചു.

പ്രശ്നത്തിൽനിന്ന് തടിയൂരാനായി തങ്ങൾ നടത്തിയത് രഹസ്യ ചർച്ചയല്ല യാദൃശ്ചികമായ കൂടിക്കാഴ്ചയാണെന്നാണ് മുസ്ലീലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറയുന്നത്. ഇടി പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങളും വ്യക്താമാക്കി. പക്ഷേ ചർച്ച നടന്നുവെന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി പറഞ്ഞതോടെ ലീഗ് വെട്ടിലായിരിക്കയാണ്. 'ഞങ്ങൾ നടത്തിയത് രഹസ്യ ചർച്ചയല്ല. കൊണ്ടോട്ടിയിലെ ഒരു ഹോട്ടലിൽ നടത്തിയ ചർച്ചയിൽ ദുരൂഹത കാണുന്നത് മാധ്യമങ്ങളാണ്. എല്ലാ പാർട്ടികളുമായി എസ്ഡിപിഐ ചർച്ച നടത്താറുണ്ട്. അതിന്റെ ഭാഗമായാണ് ഇതും. കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ച ചെയ്തു. അതിന്റെ ഭാഗമായി മലപ്പുറത്തിന്റെ രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്.'- മജീദ് ഫൈസി മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതേസമയം വീണുകിട്ടിയ അവസരം നന്നായി പ്രയോഗിക്കാനുള്ള അവസരത്തിലാണ് സിപിഎം. ലീഗിന് പരാജയ ഭീതിയാണെന്നും തീവ്രാവാദ ശക്തികൾക്ക് വളംചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയം മൻ നിർത്തി സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് ഇറങ്ങുകയാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പുറത്തുവന്നത്. കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടൽ ടാമറിൻഡിലാണ് രാത്രി ഒരുമണിക്കൂറോളം ചർച്ച നടത്തിയത്. ചർച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീൻ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടിക്കാഴ്ചയോട് എതിർപ്പുള്ള ഒരു വിഭാഗം പ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടത് എന്നാണ് അറിയുന്നത്.

മറ്റ് നേതാക്കളെയും പ്രവർത്തകരെയും ഒഴിവാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിലെത്തിയതെങ്കിൽ നസറുദ്ദീൻ എളമരം അഞ്ചുപേർക്കൊപ്പമാണ് എത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് നസറുദ്ദീൻ എളമരവും മറ്റ് അഞ്ചുപേരും ടാമറിൻഡ് റസ്റ്റോറന്റിൽ എത്തിയത്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ ടി മുഹമ്മദ് ബഷീർ ഹോട്ടലിലെത്തി 105-ാം നമ്പർ മുറിയെടുത്തു. അൽപ്പസമയത്തിനുശേഷം നസറുദ്ദീൻ എളമരവും സംഘവും ഈ മുറിയിലെത്തി ചർച്ച തുടർന്നു. പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചർച്ചക്കുശേഷം ഒമ്പതരയോടെയാണ് എല്ലാവരും ഹോട്ടൽ വിട്ടത്. നസറുദ്ദീൻ എളമരം മുമ്പ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ ദുർബല സ്ഥാനാർത്ഥികളെ നിർത്തി വോട്ട് മുസ്ലിംലീഗിന് മറിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.

2014 -ലെ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് 47,000 വോട്ടും പൊന്നാനിയിൽ 26,000 വോട്ടുമാണ് ലഭിച്ചത്. പൊന്നാനിയിൽ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടാണിത്. മുൻ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ 2016ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥി മത്സര രംഗത്തുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുമായി എസ്ഡിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് അന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരുന്നത്. നിലവിൽ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളിൽക്കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP