Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമ്പനൂർ രവിയുടെ മരുമകളാണ് സ്വപ്ന സുരേഷെന്ന വ്യാജപ്രചരണം പൊളിഞ്ഞത് 'ബിഹാറിൽ കൊച്ചുമകൻ വളരുന്നത് അറിയാത്ത നേതാവ്' എന്നകാര്യം ഓർമ്മിപ്പിച്ച്; പിന്നാലെ ഹൈദരലി തങ്ങൾക്ക് സ്വപ്നയുമായി ബന്ധമെന്ന വിധത്തിലും കള്ളപ്രചരണം; കെഎസ്‌യു നേതാവിന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പോയപ്പോഴുള്ള ചിത്രം ഉപയോഗിച്ച് സരിത്തിനൊപ്പമെന്നും കുപ്രചരണം; ജയ്ഹിന്ദ് ടിവി വാർത്തയും കള്ളമാക്കി; സോളാർ കേസുപോലെ സ്വർണക്കടത്തു കേസും ഉയർന്നപ്പോൾ സിപിഎം പ്രതിരോധം വ്യാജപ്രചരണങ്ങളിലൂടെ; എല്ലാം പൊളിഞ്ഞടുങ്ങി

തമ്പനൂർ രവിയുടെ മരുമകളാണ് സ്വപ്ന സുരേഷെന്ന വ്യാജപ്രചരണം പൊളിഞ്ഞത് 'ബിഹാറിൽ കൊച്ചുമകൻ വളരുന്നത് അറിയാത്ത നേതാവ്' എന്നകാര്യം ഓർമ്മിപ്പിച്ച്; പിന്നാലെ ഹൈദരലി തങ്ങൾക്ക് സ്വപ്നയുമായി ബന്ധമെന്ന വിധത്തിലും കള്ളപ്രചരണം; കെഎസ്‌യു നേതാവിന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പോയപ്പോഴുള്ള ചിത്രം ഉപയോഗിച്ച് സരിത്തിനൊപ്പമെന്നും കുപ്രചരണം; ജയ്ഹിന്ദ് ടിവി വാർത്തയും കള്ളമാക്കി; സോളാർ കേസുപോലെ സ്വർണക്കടത്തു കേസും ഉയർന്നപ്പോൾ സിപിഎം പ്രതിരോധം വ്യാജപ്രചരണങ്ങളിലൂടെ; എല്ലാം പൊളിഞ്ഞടുങ്ങി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തു കേസും സ്വപ്‌ന സുരേഷ് എന്ന വിവാദ നായികയുടെ സാന്നിധ്യവും. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായി സ്വപ്‌ന സുരേഷ് കള്ളക്കടത്തു കേസിൽ കുടുങ്ങിയപ്പോഴാണ് ഐടി സെക്രട്ടറി എം ശിവശങ്കരനെ പുറത്താക്കിയത്. എന്നാൽ, ഈ വിഷയത്തിൽ പ്രതിരോധത്തിൽ ആയപ്പോൾ പലവിധത്തിലുള്ള പ്രതിരോധത്തിനാണ് സിപിഎം ശ്രമം. ഇതിന് വേണ്ടി വ്യാജപ്രചരണം സൈബർ ലോകത്ത് സഖാക്കൾ വ്യാജപ്പചരണങ്ങളുടെ കെട്ടുതന്നെ പൊട്ടിക്കുകയായിരുന്നു. നേതാക്കളെ ലക്ഷ്യമിട്ടുള്ള തേജോവധ ശ്രമങ്ങളായിരുന്നു ഇവയെല്ലാം.

സ്വപ്‌ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ രംഗത്തുവരികയും ശിവശങ്കരനെതിരെ ഫ്‌ളാറ്റിലെ അയൽവാസികൾ രംഗത്തുവരികയും ചെയ്തപ്പോൾ ആദ്യം തമ്പാനൂർ രവിയെ മോശക്കാരനാക്കാനാണ് സൈബർ സഖാക്കൾ ശ്രമിച്ചത്. വ്യാജപ്രചരണം സൈബർ ലോകത്ത് ശക്തമായതോടെ തമ്പാനൂർ രവി തന്നെ രംഗത്തെത്തി. സ്വർണക്കടത്തു കേസിലെ ആസൂത്രക സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഡിജിപിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. തന്റെ കുടുംബവുമായി സ്വപ്നയ്ക്ക് ഒരു ബന്ധവുമില്ലെന്നും സൈബർ സഖാക്കളെ മുൻനിർത്തി അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയാണെന്നും തമ്പാനൂർ രവി പറഞ്ഞു.

മാത്രമല്ല, താനറിയാതെ ബിഹാറിൽ കൊച്ചുമകൻ വളരുന്ന സാഹചര്യം ഇല്ലെന്ന രാഷ്ട്രീയ മറുപടിയു ഈ വ്യാജപ്രചരണത്തിനെതിരെ കോൺഗ്രസ് നേതാക്കൾ നൽകുകയും ചെയത്ു. ഇതിനിടെ, 'സ്വർണക്കടത്തു കേസിലെ പ്രതി സരിത് കുമാർ ഉമ്മൻ ചാണ്ടിക്കൊപ്പം' എന്ന വ്യാഖ്യാനത്തോടെ ഇടത് അനുകൂല പേജുകളും അക്കൗണ്ടുകളും പ്രചരിപ്പിച്ചത് മറ്റൊരു ചിത്രമായിരുന്നു. ഈ വ്യാജപ്രചരണവും കുറച്ചു സമയങ്ങൾകൊണ്ട് തന്നെ കോൺഗ്രസുകാർ പൊളിച്ചു. സരിത്തെന്ന വിധത്തിൽ പ്രചരിപ്പിച്ചത് കെഎസ്‌യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി സച്ചിൻ മാത്യുവിന്റെ ചിത്രമായിരുന്നു.

വ്യക്തിഹത്യക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു സച്ചിൻ. കഴിഞ്ഞ ദിവസം വിവാഹിതനായ സച്ചിനെയും ഭാര്യയെയും ഈ ഞായറാഴ്ച ഉമ്മൻ ചാണ്ടി വീട്ടിലെത്തി ആശംസകൾ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രമാണ് സരിത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത്. സ്വർണ കള്ളക്കടത്ത് വിവാദത്തിൽ അകപ്പെട്ട മുഖ്യമന്ത്രിയെയും സർക്കാരിനേയും പ്രതിരോധിക്കാൻ ഇടത് സൈബർ പോരാളികൾ നടത്തിയ ശ്രമത്തിനെതിരെ പരാതി. മുഖ്യപ്രതി സരിത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം എന്ന രീതിയിൽ പ്രചരിപ്പിച്ച ഫേസ്‌ബുക്ക് പോസ്റ്റുകൾക്കെതിരെയാണ് കെഎസ് യു നേതാവ് പരാതിയുമായെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയവരുടെ വിവരങ്ങളും തെളിവുകളും അടക്കമാണ് സച്ചിൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അബദ്ധം മനസിലാക്കിയ പോരാളികളിൽ പലരും പിന്നീട് പോസ്റ്റ് മുക്കി. പക്ഷെ സച്ചിന്റെ ചിത്രം ഇപ്പോളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് സച്ചിൻ.

ഹൈദരലി തങ്ങളെ അവഹേളിക്കാൻ ഉപയോഗിച്ചത് ഒഐസിസി വനിതാ നേതാവിനൊപ്പമുള്ള ചിത്രം

സിപിഎം സഖാക്കൾ നടത്തിയ മറ്റൊരു കള്ളപ്പപ്രചരണം ഹൈദരലി ശിഹാബ് തങ്ങളെ ലക്ഷ്യം വച്ചായിരുന്നു. ഹൈദരലി തങ്ങൾക്കൊപ്പം സ്വപ്‌ന സുരേഷ് എന്ന വിധത്തിൽ പ്രചരിപ്പിച്ചത് മറ്റൊരു വനിതാ നേതാവിനൊപ്പമുള്ള ചിത്രമായിരുന്നു. സ്വപ്ന സുരേഷെന്ന തരത്തിൽ പ്രചരിക്കുന്നത് ബഹ്റൈനിലെ ഒഐസിസി വനിതാ വിഭാഗം മുൻ പ്രസിഡണ്ടിന്റേതായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പമുള്ള ചിത്രമാണ് സ്വപ്നയുടേതെന്ന രീതിയിൽ പ്രചരിക്കുന്നത്. എന്നാൽ, ബഹ്‌റൈനിലെ ഒഐസിസി അടക്കമുള്ള സാമൂഹ്യ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഷീജ നടരാജിന്റേതാണ് ചിത്രം.

2016 മാർച്ചിൽ ബഹ്റൈനിൽ ഹൈദരലി തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോയാണിത്. ഇതാണ് സിപിഎം സൈബർ സഖാക്കൾ വ്യാപകമായി പ്രചരിപ്പിച്ചത്. സ്വപ്ന സുരേഷ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷീജ നടരാജ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

ഷീജ നടരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രിയരേ...

ഞാൻ ഷീജ നടരാജ്. ബഹ്റൈനിൽ ആണുള്ളത്. ഇവിടെ ഒ ഐ സി സി യിൽ ഉൾപ്പെടെ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 2016 മാർച്ച് മാസത്തിൽ ബഹ്റൈനിൽ ബഹുമാനപ്പെട്ട തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊൾ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരിൽ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.

ഉമ്മൻ ചാണ്ടിക്കൊപ്പം സ്വപ്‌നയെന്ന് വരുത്താനും കുപ്രചരണം

ഉമ്മൻ ചാണ്ടിക്കെതിരായ മറ്റൊരു സൈബർ കള്ളവും പൊളിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എന്ന പേരിൽ, തന്റെ ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചെന്ന് ദുബായിലെ പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തുവന്നത് തിരുവല്ല സ്വദേശി രേഷ്മ റെജിയും അമ്മയും ഉൾപ്പടെയുള്ളവർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് സ്വപ്നയെന്ന പേരിൽ പ്രചരിപ്പിച്ചത്. ദുബായിൽ 2014 ൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ യോഗത്തിൽ, കുടുംബവുമൊത്തു പങ്കെടുത്ത തന്നെ, സ്വപ്നയെന്ന് പറഞ്ഞ്, സിപിഎം സൈബർ സഖാക്കൾ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.

സ്വപ്നയെ അറിയില്ലെന്ന വാദം കള്ളമെന്ന് ചെന്നിത്തല, ചിത്രങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

സ്വപ്ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്പേസ് കോൺക്ലേവിന്റെ മുഖ്യസംഘാടകയായിരുന്നു സ്വപ്ന. സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയിൽ ആളുകളെ ക്ഷണിച്ചതും ധാരണാപത്രം കൈമാറിയതും ഇവരായിരുന്നു. പരിപാടിയിൽ മുഖ്യമന്ത്രിയും പങ്കെടുത്തു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. അതേസമയം മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വപ്നയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ട്. ഐ.ടി വകുപ്പിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും അറിവോടെയാണ്. സ്വപ്നയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജയ് ഹിന്ദ് ടിവി വീഡിയോ എഡിറ്റിങ് നടത്തിയെന്നതും വ്യാജം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനുമായി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് ചാനൽ ജയ്ഹിന്ദിനെതിരെ കേസെടുത്തിരുന്നു. വീഡിയോയിൽ എഡിറ്റിങ് നടത്തി മുഖ്യമന്ത്രിക്ക് പിറകിൽ നിൽക്കുന്നത് സ്വപ്ന എന്ന് തെറ്റിദ്ധരിപ്പിച്ച് സംപ്രേഷണം നടത്തുകയാണ് ജയ്ഹിന്ദ് ചാനൽ ചെയ്തത് എന്നായിരുന്നു ആരോപണം. എന്നാൽ, ആരോപണം തെറ്റാണെന്ന് വ്യക്തമായി.

 

മുഖ്യമന്ത്രി പങ്കെടുത്ത ഒരു ഇഫ്താർ പാർട്ടിയിൽ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ചെവിയിൽ എന്തോ പറയുന്നതായുള്ള വീഡിയോ ആണ് ജയ് ഹിന്ദ് ടിവി സംപ്രേഷണം ചെയ്തത്. ഈ വീഡിയോ വ്യാജമാണെന്ന ആരോപണം പൊളിയുകയായിരുന്നു. ഈ വീഡിയോ ഒറിജിനൽ ആണെന്നും ടൈ്ംസ് ഓഫ് ഇന്ത്യയിൽ അടക്കം വന്നിട്ടുണ്ടെന്ന് ജയ് ഹിന്ദ് ചാനൽ അധികൃതർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP