Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടത് രാഷ്ട്രീയത്തിന്റെ സാധ്യതകൾ തേടി ഷീന ഷുക്കൂർ; കുസാറ്റ് പിവിസിയായി നിയമിക്കാൻ നീക്കം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ സീറ്റുകളിൽ സിപിഎം സാധ്യതാ ലിസ്റ്റിലും; കനകദുർഗയുടെയും ബിന്ദുവിന്റെയും പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതായും സൂചന; പാലയാട് ക്യാംപസിൽ നിന്ന് ലീവിൽ ആണെങ്കിലും ഇപ്പോഴും ഗൈഡായി തുടരുന്നുവെന്നും ആക്ഷേപം; ദുബായിൽ എങ്കിലും ഷീന ഷുക്കൂർ സിപിഎം സജീവ രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇങ്ങനെ

ഇടത് രാഷ്ട്രീയത്തിന്റെ സാധ്യതകൾ തേടി ഷീന ഷുക്കൂർ; കുസാറ്റ് പിവിസിയായി നിയമിക്കാൻ നീക്കം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ സീറ്റുകളിൽ സിപിഎം സാധ്യതാ ലിസ്റ്റിലും; കനകദുർഗയുടെയും ബിന്ദുവിന്റെയും പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതായും  സൂചന; പാലയാട് ക്യാംപസിൽ നിന്ന് ലീവിൽ ആണെങ്കിലും ഇപ്പോഴും ഗൈഡായി തുടരുന്നുവെന്നും ആക്ഷേപം; ദുബായിൽ എങ്കിലും ഷീന ഷുക്കൂർ സിപിഎം സജീവ രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: മുസ്ലിംലീഗിൽ നിന്ന് ഇടത് രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും വനിതാ മതിലിനു പിന്തുണയായി നിലയുറപ്പിക്കുകയും ചെയ്ത എംജി വാഴ്‌സിറ്റി മുൻ പിവിസി ഷീനാ ഷുക്കൂറിനു മുന്നിൽ ഇടത് രാഷ്ട്രീയവും തുറന്നിടുന്നത് അനന്ത സാധ്യതകൾ. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി മുൻപ് എംജി വാഴ്‌സിറ്റി പിവിസിയായി നിയമിതയായ ഷീനയ്ക്ക് മുന്നിൽ ഇപ്പോഴുള്ള രണ്ടു സാധ്യതകളിൽ ഒന്ന് കുസാറ്റ് പിവിസി പോസ്റ്റും രണ്ടാമത് മലപ്പുറത്തോ, പൊന്നാനിയിലോ സിപിഎം ലോക്‌സഭാ സീറ്റൊ ആണ്. കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റി പിവിസി പോസ്റ്റിനു ഷീനയെ പരിഗണിച്ച് കൊണ്ടിരിക്കെ തന്നെയാണ് മലപ്പുറത്തെ ലോക്‌സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഷീന ഷുക്കൂറിനെ മത്സരിക്കാനുള്ള തീരുമാനവും സിപിഎം അണിയറയിൽ പാകപ്പെടുത്തുന്നത്.

നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലാണ് ഷീന ഷുക്കൂർ. ഒരു പിവിസി ആയിരിക്കാൻ മിനിമം യോഗ്യത അസോസിയേറ്റ് പ്രൊഫസർ ആയിരിക്കെയാണ് ഈ നിയമം ലംഘിച്ച് എംജി വാഴ്‌സിറ്റി പിവിസിയായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഷീന ഷുക്കൂർ മാറിയത്. അതുകൊണ്ട് തന്നെ നിയമം ലംഘിക്കാതിരിക്കാൻ ഇപ്പോൾ കരുതലോടെയാണ് സർക്കാർ നീങ്ങുന്നത്. അതിനായി ഷീനയുടെ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റ് അസോസിയേറ്റ് പ്രൊഫസർ ആയി മാറ്റാനാണ് സിപിഎം നീക്കം.

ഷീനയെ സഹായിച്ചാൽ ശബരിമലയിൽ എത്തിയ എ.ബിന്ദുവിനെകൂടി സഹായിക്കാൻ കഴിയും. നിലവിൽ കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി പാലയാട് ക്യാമ്പസിൽ നിയമവകുപ്പ് മേധാവിയാണ് ഷീന. പക്ഷെ ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ലീവെടുത്ത് ഷീന ദുബായിൽ നിയമ അദ്ധ്യാപികയായി ജോലി നോക്കുകയാണ്. ഷീനയുടെ താഴെ ഗസ്റ്റ് ലക്‌ച്ചറർ ആയാണ് ബിന്ദു ജോലി ചെയ്യുന്നത്. അതിനാൽ പാലയാട് ക്യാംപസിൽ ഒരു തസ്തിക സൃഷ്ടിക്കാനാണ് സർക്കാർ ശ്രമം. ഇങ്ങിനെ തസ്തിക വന്നാൽ ബിന്ദുവിനെ അവിടെ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കാൻ കഴിയും. അപ്പോൾ വകുപ്പ് മേധാവിയായ ഷീനയ്ക്ക് അസോസിയേറ്റ് പ്രൊഫസർ ആയി മാറാനും കഴിയും. അസോസിയേറ്റ് പ്രൊഫസർ ആയി മാറിയാൽ കൊച്ചി യൂണിവേഴ്‌സിറ്റിയിൽ പിവിസി പോസ്റ്റിൽ ഷീനയെ നിയമിക്കാനും കഴിയും. ഈ ആലോചനകൾ പുരോഗമിക്കുമ്പോൾ തന്നെയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ ഏതെങ്കിലും സീറ്റുകളിൽ ഷീനയെ സ്ഥാനാർത്ഥിയാക്കാനും സിപിഎം ശ്രമിക്കുന്നത്.

ലീഗിൽ നിന്ന് സിപിഎമ്മിലേക്ക് കടന്നു വന്നതിനും വനിതാ മതിലിന്റെ പിൻനിരയിൽ നിന്നതിനും വന്നതിനും സിപിഎമ്മിനു ഷീനയ്ക്ക് പ്രതിഫലം നൽകിയേ മതിയാകൂ എന്നവസ്ഥയുണ്ട്. ഈ പ്രതിഫലം നൽകലിനു പിന്നിൽ ശബരിമലയിലെ യുവതീ ദർശന പ്രശ്‌നം കൂടിയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബിന്ദുവിനെയും കനകദുർഗയെയും മലകയറാൻ സഹായിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം ഷീന ഷുക്കൂർ ആണെന്നുള്ള വാർത്തയാണ് വെളിയിൽ വരുന്നത്. ബിന്ദുവുമായി ഷീന ഷുക്കൂറിനു ഉറ്റ അടുപ്പമാണ് ഉള്ളത്. ഷീനയുമായുള്ള അടുപ്പമാണ് ബിന്ദുവിനെ പാലയാട് ക്യാംപസിൽ എത്തിച്ചത്. ഷീനയുടെ മകളെ കോഴിക്കോട് ലോ കോളേജിൽ ബിന്ദു പഠിപ്പിച്ചിട്ടുമുണ്ട്. ഈ അടുപ്പം നിലനിൽക്കെ തന്നെയാണ് ബിന്ദു പാലയാട് ക്യാംപസിൽ ഗസ്റ്റ് ലക്‌ച്ചറർ ആയി എത്തുന്നത്. ബിന്ദു എന്നൊരു ആക്റ്റിവിറ്റ്‌സിനെ മുൻപ് കേരളം അറിഞ്ഞിരുന്നില്ല. ശബരിമലയിലേക്ക് പോകാൻ ബിന്ദുവിനെ കണ്ടെത്തിയതും ബിന്ദുവിനെ അതിനു മാനസികമായി പ്രാപ്തയാക്കിയതും ഷീന ഷുക്കൂർ ആണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ശബരിമല യുവതീ പ്രവേശനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായോ?

സർക്കാരിനും സിപിഎമ്മിനും വേണ്ടി ശബരിമല കയറാൻ ഷീന ഷുക്കൂർ ബിന്ദുവിനെ കണ്ടെത്തിയപ്പോൾ ബിന്ദുവാണ് കനകദുർഗയെ കണ്ടെത്തുന്നത്. ശബരിമല യാത്രയുമായി ബന്ധപ്പെട്ടു ബിന്ദുവിനെയും കനകദുർഗയേയെയും ഒരുക്കിയെടുക്കുക എന്ന നിയോഗമാണ് സർക്കാരിനും സിപിഎമ്മിനും വേണ്ടി ഷീന ഷുക്കൂർ പൂർത്തിയാക്കിയത്. കണ്ണൂർ സർവകലാശാലയുടെ തലശേരി പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വകുപ്പ് വിഭാഗം തലവൻ എന്ന നിലയിലാണ് ഷീനയുടെ മുഴുവൻ നീക്കങ്ങളും അന്ന് നടന്നത്. ഷീന ഷുക്കൂർ ബിന്ദുവിനെ മാനസികമായി ഒരുക്കിയ ശേഷമാണ് ബിന്ദു തന്റെയൊപ്പം മലയിലേക്ക് പോകാൻ കനകദുർഗയുടെ സഹായം തേടുന്നത്. ബിന്ദുവിന്റെയും കനകദുർഗയ്ക്കും പിന്നിലെ ബുദ്ധികേന്ദ്രം ഷീന ഷുക്കൂർ ആണെന്ന കാര്യം ഇതാദ്യമായാണ് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെയാണ് ബിന്ദുവിനെയും കനകദുർഗയേയും മലചവിട്ടിച്ച ഷീനയെ കൈവിടാൻ സർക്കാർ ഒരുക്കമല്ലാത്തത്.

പാലയാട് ക്യാംപസിൽ ഒരു വേക്കൻസി വന്നാൽ അസിസ്റ്റന്റ് പ്രൊഫസർ ആയി എത്തപ്പെടുക ബിന്ദുവാകും. ആരൊക്കെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചാലും ഒന്നാം സ്ഥാനത്ത് എത്തുക ബിന്ദു മാത്രമാകും. ഈ തീരുമാനം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. പിവിസി പോസ്റ്റിൽ എംജിയിൽ ഇരുന്നതിന്റെ തലക്കനമുള്ളതുകൊണ്ടാണ് ഷീന കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാംപസിൽ നിന്നും ലീവെടുത്ത് പോയത് എന്നാണ് ലഭിക്കുന്ന വിവരം. സിപിഎം പിന്തുണയോടെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സാംസ്‌കാരികസമിതിയുടെ വനിതാസമ്മേളനത്തിൽ അതിഥിയായാണ് ഷീന ഷുക്കൂർ സിപിഎമ്മിലേക്ക് കാൽ വയ്ക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ഈ പരിപാടി. സിപിഎം. ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ വാഴ്‌ത്തി നവമാധ്യമങ്ങളിൽ കുറിപ്പെഴുതിയതോടെയാണ് ഷീനയുടെ ഭർത്താവും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. സി.ഷുക്കൂറിനെതിരെ ലീഗ് നടപടിയെടുക്കുന്നത്. ഇതോടെ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചതായി സി.ഷുക്കൂർ പ്രസ്താവനയിറക്കിയിരുന്നു.

എന്നും വിവാദ നായിക

മുസ്ലിം ലീഗിന്റെ നോമിനിയായി എം ജി യൂണിവേഴ്സിറ്റി പിവിസിഐയായി മാറിയ ഷീന ഷുക്കൂർ എക്കാലവും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഷീനയുടെ ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങൾ മുമ്പ് വിവാദമായിരുന്നു. പിവിസി ആയിരിക്കവെ ഗൾഫിൽ എത്തി നടത്തിയ പ്രസംഗത്തിൽ തന്നെ പച്ചക്കൊടിയുടെ തണലിൽ ആണ് കഴിയുന്നതെന്ന പരാമർശവും പച്ച ലഡു വിതരണം ചെയ്തുണ്ടാക്കിയ വിവാദങ്ങളും ഷീനയ്ക്ക് ഒപ്പമുണ്ട്. ഷീനയുടെ പിഎച്ച്ഡിക്കാനുള്ള വ്യാജ പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഏറെ ചർച്ചയായി. ഷീനയുടെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.

മുസ്ലിം ലീഗിനൊപ്പം നീങ്ങിയ ഷീനാ പക്ഷെ ഇടത് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ നിലപാട് മാറ്റി. ഇടതുപക്ഷത്തേക്ക് മാറുകയായിരുന്നു. ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ലീവിലാണെങ്കിലും ഗവേഷക വിദ്യാർത്ഥികൾക്ക് ഷീന ഇപ്പോഴും ഗൈഡായി പ്രവർത്തിക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. വാട്ട്‌സ് ആപ്പ് വഴിയാണ് കമ്മ്യൂണിക്കേഷൻ നടത്തുന്നത്. ഇത് യുജിസി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഗൈഡായി നിൽക്കുന്നയാൾ പാലയാട് ക്യാംപസിന്റെ പരിധിയിൽ വേണം എന്നാണ് നിയമം. പക്ഷെ ഷീന ഇപ്പോൾ ഗൾഫിലാണ്. എന്നിട്ടും ഗൈഡ് ആയി തുടരുക തന്നെയാണ്.

മുൻ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂർ മുസ്ലിം ലീഗ് അഭിഭാഷക സെല്ലായ അഭിഭാഷക ലീഗ് കാസർക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. നിലവിൽ ഷീന ഷുക്കൂറും ഭർത്താവ് ഷുക്കൂറും സിപിഎം പാളയത്തിലാണ്. പച്ചപ്പതാകയുടെ തണലാണ് തനിക്ക് വീടും കാറും ഒക്കെ തന്നത് എന്ന് എംജി വാഴ്‌സിറ്റി പിവിസിയായിരിക്കെ ഷീന ഷുക്കൂർ. തുറന്നടിച്ചിരുന്നു. തന്റെ കാര്യം മാത്രമല്ല തന്റെ ഭർത്താവിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് നടന്നത് എന്നാണ് അന്ന് ദുബായിൽ പൊതു പരിപാടിയിൽ ഷീന ഷുക്കൂർ പറഞ്ഞത്. കേരളത്തിൽ വിവാദത്തിര തന്നെ ഷീനയുടെ ഈ പ്രസ്താവനയുടെ പേരിൽ നടന്നിരുന്നു. അന്ന് ഷീനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഇടത് പാളയത്തിലാണ് ഇപ്പോൾ ഷീനയും ഭർത്താവും തുടരുന്നതും. പഴയതെല്ലാം മറന്നാണ് ഇപ്പോൾ ഷീന ഷുക്കൂറിനു പദവികൾ ഒരുക്കി നൽകാൻ സർക്കാരും സിപിഎമ്മും ശ്രമം തുടരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP