Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഇരട്ടത്താപ്പേ നിന്റെ പേരോ സിപിഐ! നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ പാർട്ടിക്ക് വഴിതെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ; എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വയനാട്ടിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിനുവേണ്ടി പാർട്ടി ഒരക്ഷരം മണ്ടില്ല; കുപ്പുദേവരാജിനും അജിതക്കും വേണ്ടി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ഒഴുക്കിയതൊക്കെ മുതലക്കണ്ണീർ; തിരഞ്ഞെടുപ്പ് കാലമായതിനാൽ സാംസ്കാരിക നായകരുടെയും നാവിറങ്ങിപ്പോയോ എന്ന് സോഷ്യൽ മീഡിയയും

ഇരട്ടത്താപ്പേ നിന്റെ പേരോ സിപിഐ! നിലമ്പൂരിൽ കൊല്ലപ്പെട്ട  മാവോയിസ്റ്റുകൾ പാർട്ടിക്ക് വഴിതെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ; എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വയനാട്ടിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിനുവേണ്ടി പാർട്ടി ഒരക്ഷരം മണ്ടില്ല;  കുപ്പുദേവരാജിനും അജിതക്കും വേണ്ടി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ഒഴുക്കിയതൊക്കെ മുതലക്കണ്ണീർ; തിരഞ്ഞെടുപ്പ് കാലമായതിനാൽ സാംസ്കാരിക നായകരുടെയും നാവിറങ്ങിപ്പോയോ എന്ന് സോഷ്യൽ മീഡിയയും

 ആവണി ഗോപാൽ

തിരുവനന്തപുരം: വയനാട് ലക്കിടിയിൽ പൊലീസുമാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സി പി ജലീൽ എന്ന യുവാവ് വെടിയേറ്റ് മരിച്ചപ്പോൾ, നിലമ്പൂർ ഏറ്റുമുട്ടൽ കൊലയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മൗനം.

മൂന്നുവർഷം മുമ്പ് നിലമ്പൂർ കരുളായി വനത്തിൽ രണ്ട് മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചപ്പോൾ മുഖ്യമന്ത്രിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി അക്രമിച്ച സിപിഐ വയനാട്ടിൽ കൊലപാതകം നടന്നിട്ടും കാര്യമായ പ്രതികരണമെന്നും നടത്തിയില്ല. അതുപോലെ തന്നെ നിലമ്പൂർ കൊലക്കെതിരെ ശക്തമായി നിലപാട് എടുത്ത സാംസ്കാരിക നായകരും ഇപ്പോൾ മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് കാലമായതോടെ ഇവരുടെ നാവ് ഇറങ്ങിപ്പോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ് പ്രതിപക്ഷ കക്ഷികൾക്കും, ചില സാമൂഹിക സംഘടനകൾക്കും ഒപ്പം ആഭ്യന്തര വകുപ്പിനെതിരെ കടന്നാക്രമണം നടത്താൻ സർക്കാറിന്റെ തന്നെ ഭാഗമായ സിപിഐയും ഉണ്ടായിരുന്നു.കൊല്ലപ്പെട്ടവരെ അനുകൂലിക്കുന്നവർ ഉന്നയിച്ച വ്യാജ ഏറ്റുമുട്ടൽ എന്ന വാദം ഏറ്റെടുത്തായിരുന്നു പാർട്ടിയുടെ വിമർശനം. മാവോയിസ്റ്റുകളോട് വഴി തെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ എന്ന സമീപനമാണ് എക്കാലത്തും സിപിഐക്കുള്ളതെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. മാവോയിസ്റ്റ് ഭീഷണി തടയേണ്ടത് ആയുധമെടുത്തല്ലെന്നും ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക ഇടപെടലാണ് ആവശ്യമെന്നും കാനം രാജേന്ദ്രൻ അന്ന് വ്യക്തമാക്കി.

സർക്കാറിനുള്ളിൽ നിന്ന് സിപിഐ നടത്തിയ വിമർശനങ്ങളെല്ലാം മാധ്യമങ്ങൾ അന്ന് വലിയ വാർത്തയാക്കുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വല്ലാതെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന തരത്തിലേക്ക് വിമർശനങ്ങൾ എത്തുകയും ചെയ്തു. കോൺഗ്രസും ബിജെപിയും ലീഗുമെല്ലാം സിപിഐയുടെ വിമർശനങ്ങൾ ഏറ്റെടുത്ത് സർക്കാറിനെതിരെ രംഗത്ത് വന്നു.

ക്രിമിനലുകൾ എന്ന നിലയിലാണ് സർക്കാറും കോടതിയും മാവോയിസ്റ്റുകളെ പരിഗണിക്കുന്നതെന്നായിരുന്നു സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ വിമർശനം. ഒരു പ്രയോജനവില്ലാതെ ബോംബ് പൊട്ടിച്ചും വെടിയുതിർത്തും നിരപരാധികളെ കൊല്ലുന്ന ഭീകരരെ പോലെ മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യാൻ പാടില്ലെന്നും ജനയുഗം അന്ന് മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റുകളായ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലൻ എത്തി അഭിവാദ്യം അർപ്പിച്ചിരുന്നു. മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാരും തന്നെ അന്ന് ആശുപത്രിയിൽ എത്തിയിരുന്നില്ല. സിപിഐ നേതാവ് ബിനോയ് വിശ്വവും മാവോയിസ്റ്റുകൾക്ക് അനുകൂലമായി സംസാരിക്കുകയും മരിച്ചവരുടെ ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു.

ആരെയെങ്കിലും കൊലപ്പെടുത്തുന്നത് സംഘടനാപരമായും രാഷ്ട്രീയമായും ശരിയായ നടപടിയല്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. മാവോയിസ്റ്റുകളെ ന്യായീകരിച്ച നേതാക്കൾ ആകാശത്ത് ജീവിക്കു സ്വപ്ന ജീവികളാണെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവനക്കെതിരെ ഇതിന് സ്വപ്നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്നം കാണുക എത് അശ്ലീലമല്ലെന്നുമായിരുന്നു കാനം പ്രതികരിച്ചത്.

എന്നാൽ നിലമ്പൂരിലെ ഏറ്റുമുട്ടൽ നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം വയനാട്ടിൽ ഏറ്റുമുട്ടലുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിട്ടും സിപിഐ നേതാക്കളാരും പ്രതികരിച്ചിട്ടില്ല. വയനാട്ടിലെ സംഭവത്തിൽ പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്ന് മാവോയിസ്റ്റ് അനുഭാവമുള്ളവർ പറയുന്നു. എന്നാൽ ഇത് ഏറ്റെടുക്കാൻ ഇന്ന് സിപിഐ തയ്യാറല്ല. വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിയായി സിപിഐ ആണ് മത്സരിക്കുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പ് ആയതോടെ സിപിഐയുടെ മാവോയിസ്റ്റ് സ്‌നേഹവും കൊലപാതകത്തിനെതിരെയുള്ള ശബ്ദവുമെല്ലാം നഷ്ടപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

2016 നവംബർ 24നാണ് നിലമ്പൂർ കരുളായ് വനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജും സംഘത്തിലെ അജിതയും കൊല്ലപ്പെടുന്നത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് കരുളായ് വനത്തിലെ മാവോയിസ്റ്റ് ക്യാമ്പ് വളയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും കുപ്പു ദേവരാജും അജിതയും കൊല്ലപ്പെടുകയും മറ്റുള്ളവർ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നെന്നാണ് തണ്ടർബോൾട്ട് പറഞ്ഞത്. എന്നാൽ ഇത് വ്യാജ ഏറ്റമുട്ടലാണെന്നും കീഴടങ്ങിയ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും ആരോപിച്ച് വിവിധ കക്ഷികൾ രംഗത്തെത്തുകയായിരുന്നു.

ഇപ്പോൾ ജലീൽ കൊല്ലപ്പെട്ടപ്പോൾ വ്യാജ ഏറ്റുമുട്ടൽ എന്ന ആരോപണം സഹോദരൻ അടക്കമുള്ള ബന്ധുക്കൾ ഉന്നയിക്കുമ്പോൾ സിപിഐ മുൻ നിലപാടുകളെല്ലാം പാടെ മറന്നിരിക്കുകയാണ്. വയനാട് ജില്ലക്ക് പുറമെ പാർലിമെന്റ് മണ്ഡലത്തിൽപ്പെട്ട തിരുവമ്പാടിയിലെയും നിലമ്പൂരിലെയുമെല്ലാം വന മേഖലകളിൽ മാവോയിസ്റ്റ് ഭീഷണി ശക്തമായി നിലനിൽക്കുന്നുണ്ട്. അടുത്തിടെ ഇവിടത്തെ നിരവധി വീടുകളിൽ രാത്രികാലങ്ങളിൽ ആയുധമേന്തിയ മാവോയിസ്റ്റുകളെത്തിയതിൽ ജനം പരിഭ്രാന്തിയിലാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി മത്സരത്തിന് ഒരുങ്ങിയരിക്കെ നേതാക്കൾ പ്രതികരിക്കാതെ ഒളിക്കുകയാണെന്ന് സാമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP