Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേസിൽ കുടുക്കി പണി കിട്ടിയാൽ സത്യം വിളിച്ചു പറയുമെന്ന് കൃഷ്ണകുമാർ; പെറ്റിയടച്ച് ഊരാവുന്ന കേസ് മാത്രമേ ഉള്ളൂവെന്ന് കിസാൻ സഭാ നേതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാനം പക്ഷവും; രാഷ്ട്രീയ പോസ്റ്റർ ഒട്ടിച്ചതിന് അറസ്റ്റിലാകുന്ന ആദ്യ രണ്ട് പേർ എന്ന് റിക്കോർഡ് നവോത്ഥാന കേരളത്തിൽ ഇനി ജയേഷിനും ഷിജുവിനും സ്വന്തം; കാനത്തെ മാറ്റൂ... സിപിഐയെ രക്ഷിക്കൂ.... പോസ്റ്ററിലെ കള്ളന്മാരെ കണ്ടെത്തിയത് ആഞ്ചലോസ് തന്ത്രവും; സിപിഐയിൽ നേട്ടമുണ്ടാക്കുന്നത് ഇസ്മായിൽ തന്നെ

കേസിൽ കുടുക്കി പണി കിട്ടിയാൽ സത്യം വിളിച്ചു പറയുമെന്ന് കൃഷ്ണകുമാർ; പെറ്റിയടച്ച് ഊരാവുന്ന കേസ് മാത്രമേ ഉള്ളൂവെന്ന് കിസാൻ സഭാ നേതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാനം പക്ഷവും; രാഷ്ട്രീയ പോസ്റ്റർ ഒട്ടിച്ചതിന് അറസ്റ്റിലാകുന്ന ആദ്യ രണ്ട് പേർ എന്ന് റിക്കോർഡ് നവോത്ഥാന കേരളത്തിൽ ഇനി ജയേഷിനും ഷിജുവിനും സ്വന്തം; കാനത്തെ മാറ്റൂ... സിപിഐയെ രക്ഷിക്കൂ.... പോസ്റ്ററിലെ കള്ളന്മാരെ കണ്ടെത്തിയത് ആഞ്ചലോസ് തന്ത്രവും; സിപിഐയിൽ നേട്ടമുണ്ടാക്കുന്നത് ഇസ്മായിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ സ്വന്തം പാളയത്തിലെ നേതാക്കൾ തന്നെ പൊലീസ് പിടിയിലായതോടെ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവർ കടുത്ത പ്രതിരോധത്തിൽ. അതിനിടെ കേസ് പിൻവലിച്ചില്ലെങ്കിൽ സത്യം വിലിച്ചു പറയുമെന്ന് കാനത്തിന്റെ അതിവിശ്വസ്തനായ നേതാവ് ഭീഷണി മുഴക്കുന്നുണ്ട്. ഇതാണ് കാനത്തിന്റെ പക്ഷത്തെ വെട്ടിലാക്കുന്നത്. രാഷ്ട്രീയ പോസ്റ്റർ ഒട്ടിച്ചതിന് അറസ്റ്റിലാകുന്ന ആദ്യ രണ്ട് പേർ എന്ന് റിക്കോർഡ് നവോത്ഥാന കേരളത്തിൽ ഇനി ജയേഷിനും ഷിജുവിനും സ്വന്തവുമാകുന്നു.

സിപിഐ. ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു സിപിഐ. പ്രവർത്തകർ അറസ്റ്റിലായിരുന്നു. എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗം കെ.യു. ജയേഷ്, സിപിഐ. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേരളാ പൊലീസ് ആക്ട് 120 (ഒ) പ്രകാരമാണു കേസ്. കോടതിയിൽ റിപ്പോർട്ട് കൊടുക്കുമെങ്കിലും പിഴ മാത്രമാണ് ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ. സംഭവവുമായി ബന്ധപ്പെട്ടു കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ റെഡ്ഡ്യാർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. കൃഷ്ണകുമാർ ബംഗളുരുവിലുണ്ടെന്നാണു സൂചന. കൃഷ്ണകുമാർ കടുത്ത കാനം പക്ഷക്കാരനാണ്. പിഴയാണ് അടയ്‌ക്കേണ്ടതെങ്കിലും കേസ് നാണക്കേടാണെന്ന് കൃഷ്ണകുമാർ പറയുന്നു. അതുകൊണ്ട് തന്നെ എല്ലാം തുറന്നു പറയുമെന്നും കൃഷ്ണകുമാർ പറയുന്നു.

സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്തിയതിനു സിപിഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ പരാതിപ്രകാരമാണു കേസ്. ജയേഷ്, ഷിജു, കൃഷ്ണകുമാർ എന്നിവരെ സിപിഐയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ.കെ. ജയൻ അറിയിച്ചു. ഇതിന് പിന്നിലും ടിജെ ആഞ്ചലോസാണ്. യഥാർത്ഥത്തിൽ പോസ്റ്റർ വിവാദത്തെ ആയുധമാക്കി ആലപ്പുഴയിലെ എതിരാളികളെ വെട്ടി നിരത്തുകയായിരുന്നു ടിജെ ആഞ്ചലോസ്. സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ കടുത്ത വി എസ് പക്ഷക്കാരനായിരുന്നു ആഞ്ചലോസ്. പിന്നീട് സിപിഐയിലെത്തി പിടിമുറുക്കി. ഈ നടപടിയോടെ ആലപ്പുഴയിലെ കാനം വിഭാഗത്തെ ഉന്മൂലനം ചെയ്യുകയായിരുന്നു ആഞ്ചലോസ്.

കാനത്തിനെതിരെ കാനത്തിന്റെ അനുകൂലികൾ പോസ്റ്റർ ഒട്ടിച്ചുവെന്നതാണ് ഏറെ രസകരം. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന, പുന്നപ്ര സ്വദേശിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണു കാനത്തിനെതിരേ സിപിഐ. ഓഫീസിനു മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ ഒട്ടിച്ചതു മറ്റു പാർട്ടിക്കാരാണെന്നും സിപിഐക്കാർ അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു കാനത്തിന്റെയും ആഞ്ചലോസിന്റെയും ആദ്യപ്രതികരണം. എന്നാൽ സിസിടിവിയിൽ നിന്ന് പ്രതികളെ ആഞ്ചലോസിന് പിടികിട്ടി. ഇതോടെ പൊലീസിൽ കേസു കൊടുത്തു. പാർട്ടി നേതാവിനെ മാറ്റണമെന്ന് പോസ്റ്റർ ഒട്ടിച്ചതിന് അറസ്റ്റിലാകുന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ പ്രവർത്തകരാണ് ജയേഷും ഷിജുവും. ഒരിക്കലും കേസ് വരുമെന്ന് അവർ കരുതിയില്ല. വളരെ തന്ത്രപരമായി കളിച്ചാണ് ആഞ്ചലോസ് കേസ് എടുപ്പിച്ചത്.

കാനത്തിന് എതിരായ നീക്കം മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രകോപനമാണെന്ന പൊതു ധാരണയുണ്ടായിരുന്നു. ഇത് മുതലെടുക്കുകയായിരുന്നു അഞ്ചലോസ് ചെയ്തത്. സിപിഐയിലെ ഉൾപാർട്ടി പ്രശ്‌നങ്ങൾ പൊലീസിന് മനസ്സിലായതുമില്ല. ഇതോടെ കാനത്തിന് എതിരെ പോസ്റ്റർ ഒട്ടിച്ചവർ അതിവേഗം കുടുങ്ങി. കാനത്തിന് പോലും ഒന്നും ചെയ്യാനായില്ല. പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ കാനം ഗ്രൂപ്പാണെന്ന ചർച്ചയും സിപിഐയിൽ സജീവമാണ്. എറണാകുളത്തെ വിവാദത്തിന്റെ ക്ഷീണം മാറ്റി രക്തസാക്ഷിയാകാനുള്ള ശ്രമമാണ് ഇതിന് കാരണമായതെന്നും വിലയിരുത്തലുണ്ട്.

എറണാകുളത്ത് പൊലീസ് അതിക്രമത്തിൽ എംഎൽഎ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടും പൊലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്താവനയെ തുടർന്നാണ് കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റർ ആലപ്പുഴ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ ഒട്ടിച്ചവർ പാർട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഐക്ക് അകത്തെ വിഭാഗീയതയുടെ തെളിവാണ് പോസ്റ്റർ എന്നും കാനത്തിനെതിരെ കെഇ ഇസ്മയിൽ പക്ഷത്തിന്റെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഇസ്മയിൽ പക്ഷ നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് കടുത്ത വിമർശനവും ഉയർന്നു.

എന്നാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്തതോടെയാണ് പോസ്റ്റർ വിവാദം വലിയ വഴിത്തിരിവിലേക്ക് എത്തിയത്. പൊലീസ് പിടികൂടിയവരെല്ലാം കടുത്ത കാനം അനുഭാവികളാണ്. ഇതോടെ തൊടുത്തുവിട്ട ആരോപണങ്ങളെല്ലാം സ്വയം പ്രതിരോധിക്കേണ്ട ഗതികേടിലാണ് കാനം പക്ഷം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു പിന്നാലെയാണ് ആലപ്പുഴയിൽ പാർട്ടിയിൽ വിഭാഗീയത രൂക്ഷമായത്. സംസ്ഥാന ഘടകത്തിന്റെ തീരുമാനപ്രകാരം കഴിഞ്ഞ മെയ്‌ മാസത്തിൽ മണ്ഡലം കമ്മിറ്റികളെ നിയോജകമണ്ഡല അടിസ്ഥാനത്തിൽ വിഭജിച്ചു.

പല നേതാക്കളെയും വെട്ടിനിരത്തി കാനം പക്ഷക്കാർ അമ്പലപ്പുഴയിലും ആലപ്പുഴയിലും അരൂരിലും നേതൃസ്ഥാനങ്ങളിലെത്തി. ഇതിൽ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം രാജിവെച്ച് സിപിഎമ്മിൽ ചേരുകയും ചെയ്തിരുന്നു. പൊലീസ് പിടികൂടിയ മൂന്ന് പേരിൽ ഒതുങ്ങുന്നതല്ല പോസ്റ്റർ പതിച്ചതിന് പിന്നിലെ ഗൂഢാലോചനയെന്നാണ് ആഞ്ചലോസ് പറയുന്നത്. ഇസ്മായിൽ പക്ഷത്തെ പ്രധാനിയാണ് ആഞ്ചലോസ്. ഇക്കാര്യം പുറത്തുവരാൻ പൊലീസും പാർട്ടിയും വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP