Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

വി എസ് തയ്യാറാക്കിയ ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ ചിതലരിക്കുകയാണ്; ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; ഉദ്യോഗസ്ഥന്മാരെ പഴിചാരി ഭരണം നടത്താനാവില്ലെന്ന് സിപിഐ നേതാവ് സി ദിവാകരൻ; പിണറായി ഭരണത്തിനെതിരെ അതിരൂക്ഷ വിമർശനം

വി എസ് തയ്യാറാക്കിയ ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ ചിതലരിക്കുകയാണ്; ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; ഉദ്യോഗസ്ഥന്മാരെ പഴിചാരി ഭരണം നടത്താനാവില്ലെന്ന് സിപിഐ നേതാവ് സി ദിവാകരൻ; പിണറായി ഭരണത്തിനെതിരെ അതിരൂക്ഷ വിമർശനം

വരുൺ ചന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീരുമാനമാകാതെ ഫയലുകൾ കൂടി കിടക്കുന്നതിനെതിരെ സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ. ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അതു പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടതെന്ന് പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ദിവാകരൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്മാരോടായി മുഖ്യമന്ത്രി പിണറായിയാണ് ഓരോ ഫയലും ജീവിതമാണെന്ന് പറഞ്ഞത്. താൻ വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് തനിക്ക് പാരവെച്ചതിനെക്കുറിച്ചും ദിവാകരൻ ചില വെളിപ്പെടുത്തലുകൾ നടത്തി. സിപിഐ മന്ത്രിമാരെ സിപിഎം മന്ത്രിമാർ തരംകിട്ടുമ്പോഴെല്ലാം അവരുടെ വകുപ്പിൽ കൈകടത്താൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നാണ് ദിവാകരന്റെ തുറന്നുപറച്ചിൽ.

വി എസ്. അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമീഷന്റെ റിപ്പോർട്ടുകളൊക്കെ എവിടെയാണ് അറിയില്ല. എത്രകോടിയാണ് ഇതിനായി ചെലവഴിച്ചത്. റിപ്പോർട്ടുകളെല്ലാം സെക്രട്ടേറിയറ്റിലെ ഏതോ അലമാരയിൽ ചിതലരിച്ച് കിടക്കുകയാണ്. അവയെ പുറത്തുകൊണ്ടുവരണമെന്ന് സിപിഐയുടെ സർവ്വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദിവാകരൻ. ഫയലുകൾ നീങ്ങാത്തതിന് ഉദ്യോഗസ്ഥരെ പഴിചാരി രാഷ്ട്രീയ നേതൃത്വത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തിലെ ഐ.എ.എസുകാരെപ്പോലെ സൂത്രപ്പണി പഠിച്ചവരെ രാജ്യത്ത് ഒരിടത്തും കാണാൻ കഴിയില്ല. അവരെ കണ്ടറിഞ്ഞ് നിയന്ത്രിക്കാൻ കഴിയണം. എന്നാൽ, മന്ത്രിയുടെ താൽപര്യം എന്താണെന്ന് മനസ്സിലാക്കിയാൽ പിന്നീട് വഴിവിട്ട് ഒന്നിനും അവർ നിൽക്കില്ലെന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ ഭരണത്തിൽ സെക്രട്ടറിയേറ്റിൽ ഫയലുകൾ കൂടികിടക്കുകയും തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നതിന് അതിരൂക്ഷമായ ഭാഷയിലാണ് ദിവാകരൻ വിമർശിച്ചത്. താൻ മന്ത്രിയായിരുന്നകാലത്ത് വെറ്ററിനറി യൂനിവേഴ്‌സിറ്റി കൊണ്ടുവരാൻ ഒരുപാട് പാടുപെട്ടിട്ടുണ്ട്. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ വെടിവെച്ച് കൊന്നാലും അദ്ദേഹം അത് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു. പക്ഷേ, മുഖ്യമന്ത്രിയായിരുന്ന വി.എസും പാർട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനും തനിക്കൊപ്പം നിന്നു. ഒടുവിൽ തന്നെ തോൽപ്പിക്കാൻവേണ്ടിയാണ് വെറ്ററിനറി യൂനിവേഴ്‌സിറ്റിക്കൊപ്പം ഫിഷറീസ് മന്ത്രിയായിരുന്ന ശർമക്ക് സിപിഎം ഫിഷറീസ് യൂനിവേഴ്‌സിറ്റി കൊടുത്തതെന്നും ദിവാകരൻ ആരോപിച്ചു.

സംസ്ഥാന ഭരണ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നത് 1.48 ലക്ഷം ഫയലുകൾ കെട്ടികിടക്കുന്നതായി മറുനാടൻ മലയാളി വാർത്ത പുറത്തു കൊണ്ടു വന്നിരുന്നു. കൂടുതൽ ഫയലുകൾ കെട്ടി കിടക്കുന്നത് പൊതുഭരണം, റവന്യു , തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ മുഖ്യമന്ത്രിക്ക് ഫയലുകൾ തീർപ്പാക്കുന്നതിൽ മുന്നേറാൻ സാധിക്കുന്നില്ല എന്നാണ് കെട്ടി കിടക്കുന്ന ഫയലുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഫയലുകൾ കെട്ടി കിടക്കുന്നതിൽ മുഖ്യമന്ത്രി കടുത്ത നിരസത്തിലാണ്. ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പിൽ കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തിര നിർദ്ദേശം നൽകിയിരിക്കുകയാണ്. പതിനേഴായിരത്തോളം ഫയലുകളാണ് ധനകാര്യ വകുപ്പിൽ കെട്ടി കിടക്കുന്നത്. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചതോടെ പല ഫയലുകളിലും തീരുമാനമെടുക്കാൻ കഴിയാതെ വരുന്നതാണ് ധനകാര്യ വകുപ്പിൽ ഫയലുകളുടെ എണ്ണം കൂടാൻ കാരണം. സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് ഫയലിലെ ആവശ്യം പരിഗണിക്കാം എന്ന സ്ഥിരം മറുപടി തയ്യാറാക്കി അയക്കുകയാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പിൽ കെട്ടി കിടക്കുന്നത് 11415 ഫയലുകളാണ്. സർവീസ് സംബന്ധമായ കാര്യങ്ങളാണ് ഇതിൽ കൂടുതൽ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അപേക്ഷകൾ കൂടുതൽ എത്തുന്ന റവന്യൂ, തദ്ദേശസ്വയം ഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ ഫയൽ കുന്നു കൂടുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും.

നിയമസംബന്ധമായ അഭിപ്രായങ്ങൾ തേടി വരുന്ന നിയമ വകുപ്പിൽ കെട്ടി കിടക്കുന്നത് 2400 ഫയലുകളാണ്. സെക്രട്ടേറിയേറ്റിൽ കൂടുതലും ഫയലുകൾ ഇ-ഫയലുകളാണ്. 2022 ജനുവരി മുതൽ ഏപ്രിൽ വരെ ഇ-ഫയലുകളുടെ എണ്ണം 81000 ആണ്. ഈ മാസം മാത്രം ഇ ഫയലുകൾ 27810 ആയി. സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം , തീർപ്പ് കൽപിച്ചത്, കെട്ടികിടക്കുന്നതെത്ര എന്നിവയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലാണ്.എത്ര ഫയലുകൾ സെക്രട്ടേറിയേറ്റിൽ കെട്ടി കിടക്കുന്നു എന്ന് നിയമസഭയിൽ ചോദ്യം വരുമ്പോൾ സർക്കാർ പലപ്പോഴും ഉത്തരം തരാറില്ല. സ്ഥിരം തരുന്ന മറുപടി ' വിവരം ശേഖരിച്ചു വരുന്നു ' എന്നാണ്. ഇത് മനഃപൂർവ്വമാണ്. സെക്രട്ടേറിയേറ്റിൽ വേറെ എന്ത് നടന്നില്ലെങ്കിലും ഒരു മാസം മുമ്പ് വരെയുള്ള ഫയൽ കണക്കുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തയ്യാറാക്കും. കെട്ടി കിടക്കുന്ന ഫയൽ വിശദാംശങ്ങൾ സംബന്ധിച്ച മറുപടി വന്നാൽ വിമർശനം ഉണ്ടാകും എന്ന ഭയത്താലാണ് മറുപടി നൽകാത്തത് .

കെട്ടി കിടക്കുന്ന ഫയലുകൾ സംബന്ധിച്ചുള്ള വിവരവകാശ ചോദ്യത്തിനു പോലും മറുപടി നൽകാതെ ഉഴപ്പി കളിക്കാൻ മിടുക്കരാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലുള്ളത്. 4000 ത്തോളം ജീവനക്കാരാണ് സെക്രട്ടേറിയേറ്റിൽ ഉള്ളത്. മന്ത്രിമാരും പേഴ്‌സണൽ സ്റ്റാഫും അടക്കം 600 പേർ വേറെയും. മുൻ കാലങ്ങളിൽ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ഫയലുകൾ തീർപ്പാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. ആഴ്ചയിൽ നാലു ദിവസം സെക്രട്ടേറിയേറ്റിൽ കർശനമായി മന്ത്രിമാർ ഉണ്ടായിരിക്കണമെന്ന് അന്നത്തെ ഇടതു വലതു മുഖ്യമന്ത്രിമാർ നിഷ്‌കർഷിച്ചിരുന്നു.

രണ്ട് മാസം കൂടുമ്പോൾ ഓരോ വകുപ്പും ഫയൽ തീർപ്പാക്കൽ മേള നടത്തിയിരുന്നു. കോടതി സംബന്ധമായ തർക്കങ്ങൾ ഉള്ള ഫയലുകൾ മാത്രമാണ് അക്കാലത്ത് കെട്ടി കിടന്നിട്ടുള്ളത്. ഇന്നത്തെ പോലെ വീട്ടിലിരുന്ന് പോലും നോക്കാൻ സൗകര്യമുള്ള ഇ-ഫയലുകൾ അന്നില്ലായിരുന്നു എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഓരോ ഫയലും ഓരോ ജീവിതമാണന്ന് ഓരോ വർഷവും ആവർത്തിച്ച് കെട്ടി കിടക്കുന്ന ഫയലുകൾ നോക്കി ഇരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. ഫയലിൽ കുരുങ്ങി ജീവിതം ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ടവരായി സംസ്ഥാനത്തെ ജനങ്ങളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP