Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പത്തഞ്ചിന്റെ നിറവിൽ ജന്മശതാബ്ദി ആഘോഷത്തിന് ആഹ്വാനം ചെയ്ത് സിപിഎം; തങ്ങളുടെ പിറന്നാളാണെങ്കിൽ തൊണ്ണൂറ്റഞ്ചേ ആയുള്ളൂ എന്ന് സിപിഐ; സിംപിളായ ഉത്തരം തേടി എത്തുന്നവർക്ക് മാർക്‌സ് മുതൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ വരെ ജന്മചരിത്രം പറഞ്ഞ് ന്യായീകരിച്ച് സൈബർ സഖാക്കളും; ഇടത് മുന്നണിയിലെ ഇരു പാർട്ടികളും തമ്മിലുള്ള തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

അമ്പത്തഞ്ചിന്റെ നിറവിൽ ജന്മശതാബ്ദി ആഘോഷത്തിന് ആഹ്വാനം ചെയ്ത് സിപിഎം; തങ്ങളുടെ പിറന്നാളാണെങ്കിൽ തൊണ്ണൂറ്റഞ്ചേ ആയുള്ളൂ എന്ന് സിപിഐ; സിംപിളായ ഉത്തരം തേടി എത്തുന്നവർക്ക് മാർക്‌സ് മുതൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ വരെ ജന്മചരിത്രം പറഞ്ഞ് ന്യായീകരിച്ച് സൈബർ സഖാക്കളും; ഇടത് മുന്നണിയിലെ ഇരു പാർട്ടികളും തമ്മിലുള്ള തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ പല വാദങ്ങളും സാമാന്യ ബോധത്തിന് നിരക്കുന്നതല്ല. അത്തരത്തിൽ ഒരു വാദമാണ് സിപിഐയും സിപിഎമ്മുമായി കാലങ്ങളായി നടന്നുവരുന്നത്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചിട്ട് എത്ര വർഷമായി എന്ന മൗലികമായ ചോദ്യത്തിന്റെ പുറത്താണ് ഇന്ത്യയിലെ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും പതിറ്റാണ്ടുകളായി തർക്കിക്കുന്നത്. ഇപ്പോൾ വീണ്ടും ഈ തർക്കം ചൂടുപിടിക്കുകയാണ്.

55 വർഷം മുമ്പ് മാത്രം രൂപീകരിച്ച സിപിഎം, പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിക്കുവാൻ ആഹ്വാനം ചെയ്തതാണ് പുതിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴി തെളിക്കുന്നത്. ഇന്ത്യയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് എന്നാണ് എന്നതിന് സിംപിളായി ഉത്തരം പറയാൻ സിപിഎമ്മിനോട് ആരെങ്കിലും ചോദിച്ചാൽ അവന്റെ കാര്യത്തിൽ തീരുമാനമായി എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ അവസ്ഥ. മാർക്‌സിന്റെ ജനനം മുതൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ പിറവി വരെ വിശദമായി പറഞ്ഞിട്ടേ സൈബർ സഖാക്കൾ പിന്മാറു.

അമ്പത്തഞ്ചിൽ ജന്മശതാബ്ദിയാഘോഷവുമായി സിപിഎം

പാർട്ടി രൂപം കൊണ്ട് 55 വർഷം തികയുമ്പോഴാണ് സിപിഎം പാർട്ടിയുടെ ജന്മശതാബ്ദി ആഘോഷത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. '1920 ഒക്ടോബർ 17-ന് താഷ്‌ക്കണ്ടിൽ വച്ചാണ് ഏഴംഗ ഗ്രൂപ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകുന്നത്. 2019 ഒക്ടോബർ 17 മുതൽ 2020 ഒക്ടോബർ 17 വരെ ഒരുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കാണ് പാർട്ടി നേതൃത്വം നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. അന്നേദിവസം എല്ലാ ബ്രാഞ്ചുകളിലും പതാക ഉയർത്തിയും പ്രഭാതഭേരി മുഴക്കിയും വാർഷികയോഗം സംഘടിപ്പിക്കണം'- സിപിഐ.എം പുറത്തിറക്കിയ പ്രസ്താവയിൽ പറയുന്നു.

കേൾക്കുമ്പോൾ സ്വാഭാവികമായും ആളുകൾക്കുണ്ടാകുന്ന സംശയം സിപിഎം എന്ന പാർട്ടി രൂപം കൊണ്ടത് 1964ൽ അല്ലേ എന്നും ഈ പറയുന്ന ദിവസം സിപിഐയുടെ രൂപീകരണ ദിനമല്ലേ എന്നുമാകും. എന്നാൽ തർക്ക വിശാരദരായ സിപിഎമ്മുകാർ അതിനും തർക്കം നടത്താനുള്ള വകുപ്പിട്ടാണ് തങ്ങളുടെ പാർട്ടി രൂപീകരണ ദിനം തീരുമാനിച്ചത്. തങ്ങളുടെ പാർട്ടി രൂപീകരണ ദിനം ഇതല്ല എന്നും സിപിഐ രൂപീകരിച്ചത് 1925 ഡിസംബർ 26 കാൻപൂരിലാണ് എന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ സിപിഐക്ക് 95 വയസാകുമ്പോഴാണ് 1964ൽ രൂപം കൊണ്ട സിപിഎം ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

സിപിഐ നിലപാട്

1925 ഡിസംബർ 26നാണ് കാൻപുരിൽ സിപിഐ രൂപീകരിച്ചത്. അതിന് മുമ്പ് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കമ്മ്യൂണിസ്റ്റുകാർ ഒത്തുകൂടി പല തവണ പാർട്ടി രൂപീകരിച്ചിരുന്നു എന്ന കാര്യം സിപിഐ അംഗീകരിക്കുന്നു. എന്നാൽ ഇത്തരം ഗ്രൂപ്പുകൾ ബ്രിട്ടൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്ന ചെറുസംഘങ്ങളുടെ കൂട്ടായ്മ മാത്രമായിരുന്നു. ഇത്തരം കൂട്ടായ്മകൾ ഇന്ത്യാ മഹാരാജ്യത്തെ കമ്മ്യൂണിസറ്റുകളെ ആകെ പ്രതിനിധീകരിക്കുകയോ ഒരു പാർട്ടി ഭരണഘടനക്ക് രൂപം നൽകുകയോ തുടർച്ച ഉണ്ടാകുകയോ ചെയ്തിരുന്നി്ല്ല എന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. 1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്. അവിടെ വച്ചാണ് സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനെയാണ് സ്ഥാപക വർഷമായി സിപിഐ കണക്കാക്കുന്നത്. എസ്.വി ഘാട്ടെ, എം.എൻ റോയി, സത്യഭക്തൻ, അബനി മുഖർജി ചാരുമജുംദാർ, എന്നിവർ മുൻകൈ എടുത്താണ് ഈ സമ്മേളനം വിളിക്കുന്നത്. എസ് വി ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറൽ സെക്രട്ടറി എന്നുമാണ് സിപിഐ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് ഈ സമ്മേളനത്തിന്റെ തുടർച്ചയായ പ്രവർത്തനമാണ് സിപിഐ ഇന്നും നടത്തിവരുന്നത്. പാർട്ടിയുടെ പേര് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നായിരിക്കുമെന്നും പതാക ചുവന്ന കൊടിയിൽ അരിവാൾ ചുറ്റിക നക്ഷത്രം ആയിരിക്കണം എന്നും ആദ്യ സമ്മേളനത്തിൽ തീരുമാനിച്ചു. രണ്ടാം പാർട്ടി കോൺഗ്രസിലാണ് പതാകയിലെ നക്ഷത്രം ഒഴിവാക്കാൻ പാർട്ടി തീരുമാനിക്കുന്നത്.

കൃഷി ഭൂമി കർഷകന്, വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്രസമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങളാണ് പാർട്ടി ആദ്യകാലത്ത് ഉയർത്തിയത്. അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്‌സ് ആൻഡ് പെസന്റ്‌സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സിപിഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു.

സിപിഎം രൂപം കൊള്ളുന്നു

1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ദത്തിന്റെ പേരിൽ സിപിഐയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ചൈനീസ് സഖാക്കൾ ഇന്ത്യയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ സ്ഥാപിച്ച് തങ്ങൾക്ക് കൈമാറും എന്ന് ചിലർ സ്വപ്‌നം കണ്ടു. എന്നാൽ ചൈന ഇന്ത്യയിൽ നിന്നും പിന്മാറണം എന്നും പഴയ അതിർത്തി നിലനിർത്തണമെന്നും സിപിഐ ഔദ്യോഗിക നിലപാടെടുത്തു. ആ അഭിപ്രായ ഭിന്നത 1964ൽ സിപിഐയെ ഭിന്നിപ്പിലേക്ക് നയിച്ചു.110 അംഗങ്ങളുള്ള ദേശീയ കൗൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സിപിഐ (എം) എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു. കൽക്കട്ടയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസിനെ അവർ ഏഴാം പാർട്ടി കോൺഗ്രസ് എന്ന് വിളിച്ചു. ചൈനീസ് നേതാവ് മാവോ സെ തുങിന്റെ ഫോട്ടോ ഉൾപ്പെടെ വച്ചായിരുന്നു ആദ്യ സമ്മേളനം.

കമ്മ്യൂണിസ്റ്റുകൾ കേരളത്തിൽ

കോൺഗ്രസ്സ് സംഘടനയിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് വിഭാഗം എന്നറിയപ്പെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ 1939-ൽ മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിആയിമാറി. 1939 ഡിസംബർ മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ചായിരുന്നു ഇത്. പി. കൃഷ്ണപിള്ള, കെ ദാമോദരൻ, ഇ എം എസ്, എൻ ഇ ബാലറാം, പി.നാരായണൻ നായർ, കെ കെ വാര്യർ, എ കെ ഗോപാലൻ, സുബ്രഹ്മണ്യ ശർമ്മ, എ പി ഗോപാലൻ, പി എസ് നമ്പൂതിരി, സി എച് കണാരൻ, കെ എ കേരളീയൻ, തിരുമുമ്പ്, കെ പി ഗോപാലൻ, വി വി കുഞ്ഞാമ്പു ചന്ദ്രോത്,കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി , മഞ്ചുനാഥ റാവു, വില്യം സ്‌നേലക്‌സ് , എ വി കുഞാമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണ മേനോൻ, കെ കൃഷ്ണൻ നായർ, വിദ്വാതി കൃഷ്ണൻ, പിണറായി കൃഷ്ണൻ നായർ, കെ എൻ ചന്തുക്കുട്ടി, കൊങ്ങശ്ശേരി കൃഷ്ണൻ എന്നിവരായിരുന്നു കേരളത്തിൽ പാർട്ടി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ. സമ്മേളനം പി കൃഷ്ണപിള്ളയെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു.

കയ്യൂരിലും കരിവള്ളൂരിലും പുന്നപ്രയിലും വയലാറിലും ശൂരനാടും അന്തിക്കാടും ഒഞ്ചിയത്തും കാവുംബായിയിലുമെല്ലാം സിപിഐ നേതൃത്വത്തിൽ വലിയ വിപ്ലവ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധിയായ സഖാക്കൾ ഈ സമരങ്ങളിൽ രക്തസാക്ഷിത്വം വരിച്ചു. കയ്യൂർ സമര സഖാക്കളായ കുഞ്ഞമ്പു, ചിരുകണ്ടൻ, അബുബക്കർ, അപ്പു എന്നിവരെ 1943 ൽ തൂക്കിലേറ്റി. സർ സി പി യുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സിപിഐ വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. ടി വി തോമസ്, സി കെ കുമാരപ്പണിക്കർ, കെ സി ജോർജ് , കെ വി പത്രോസ് എന്നിവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയവർ. 1946 ഒക്ടോബർ 22 നു സിപിഐ പൊതുപണിമുടക്കിനു ആഹ്വാനം ചെയ്തു. അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നാ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരക്കണക്കായ തൊഴിലാളികളും കർഷകരും പണിമുടക്കിൽ അണിചേർന്നു.

ഒക്ടോബർ 24നു പുന്നപ്രയിലും 27 നു വയലാറിലും സി പിയുടെ പട്ടാളം സമരം തോക്കുകൾ കൊണ്ട് നേരിട്ടു. ആയിരക്കണക്കിനാളുകൾ ഈ പോരാട്ടങ്ങളിൽ രക്ത സാക്ഷികളായി. 1948ൽ സഖാവ് പി കൃഷ്ണപിള്ള ആലപ്പുഴയിലെ കണ്ണാർകാട്ടെ ചെല്ലിക്കണ്ടാത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റു മരിച്ചു. തുടർന്ന് ഇ എം സ്സിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിച്ചു. 1952ൽ സി അച്യുതമേനോൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1956 ഐക്യ കേരളം നിലവിൽ വന്നപ്പോൾ സി അച്യുതമേനോൻ സിപിഐയുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി . പിന്നീട് എം എൻ ഗോവിന്ദൻ നായർ സിപിഐയുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സിപിഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. അത്തരം ഒരു വിജയത്തിലേക്ക് സിപിഐയെ നയിച്ച എംഎന്നെ പിന്നീട് കേരള ക്രുഷ്‌ചെവ് എന്നറിയപ്പെട്ടു. സിപിഐയുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ഇ എം എസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി.

ദേശീയ തലത്തിലെ പിളർപ്പ് കേരളത്തിലും പാർട്ടിയെ ബാധിച്ചു. ഇഎംഎസും എകെജിയും വി എസ് അച്ചുതാനന്ദനും പുതിയ പാർട്ടിയിലേക്ക് പോയപ്പോൾ എംഎൻ ഗോവിന്ദൻ നായരും ടി വി തോമസും സി അച്ചുതമേനോനും ഉൾപ്പെടെയുള്ളവർ സിപിഐയിൽ ഉറച്ചുനിന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 1967 ൽ സിപിഐ - സിപി എം ഉൾപ്പെട്ട സപ്തകക്ഷി മുന്നണി ഭരിച്ചു എങ്കിലും 1969ൽ രണ്ടു പാർട്ടികളും വ്യത്യസ്ത മുന്നണികളിലായി. 1969ൽ സി അച്യുതമേനോൻ മന്ത്രി സഭ അധികാരത്തിലേറി. കാലാവധി പൂർത്തിയാക്കിയ ആദ്യ സർക്കാരായി മാറി അത്. 1977 വരെ ഭരണം തുടർന്ന്. 1977 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സിപിഐ ഉൾപ്പെട്ട ഐക്യമുന്നണി വീണ്ടും അധികാരത്തിൽ എത്തി. 1978ൽ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയുടെ ഭട്ടിൻഡയിൽ വച്ച് ചേർന്ന പാർട്ടി കോൺഗ്രസ് ഇടതു മുന്നണി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ പി കെ വി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അന്ന് മുതൽ സിപിഐ , സി പി എം പാർട്ടികൾ ഒരു മുന്നണിയായി പ്രവർത്തിക്കുമ്പോഴും രൂപീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തർക്കം ഇപ്പോഴും തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP