Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തുകൊവിഡ് മരണങ്ങൾ 209,132 ആയി ഉയർന്നു; ഇതുവരെ രോ​ഗബാധ കണ്ടെത്തിയത് 3,027,192 പേരിൽ; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 2,217 മരണങ്ങൾ; യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി നീങ്ങുന്നു എന്ന് റിപ്പോർട്ടുകൾ; സാമൂഹിക അകലം പാലിക്കാതെ അമേരിക്ക; ചൂട് കൂടിയതിനാൽ കാലിഫോർണിയ ഉൾപ്പെടെയുള്ള ബീച്ചുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയതും തലവേദനയാകുന്നു

ലോകത്തുകൊവിഡ് മരണങ്ങൾ 209,132 ആയി ഉയർന്നു; ഇതുവരെ രോ​ഗബാധ കണ്ടെത്തിയത് 3,027,192 പേരിൽ; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 2,217 മരണങ്ങൾ; യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി നീങ്ങുന്നു എന്ന് റിപ്പോർട്ടുകൾ; സാമൂഹിക അകലം പാലിക്കാതെ അമേരിക്ക; ചൂട് കൂടിയതിനാൽ കാലിഫോർണിയ ഉൾപ്പെടെയുള്ള ബീച്ചുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയതും തലവേദനയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,027,192 ആയി. മരണ സംഖ്യ 209,132 ആയി ഉയർന്നു. ലോകത്ത് ഇതുവരെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 895,668 ആണ്. നിലവിൽ 1,922,392 പേർ ചികിത്സയിലാണ്. ഇന്ന് മാത്രം വിവിധ രാജ്യങ്ങളിലായി 33,930 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 2,217 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുടുതൽ രോ​ഗികളും മരണവും അമേരിക്കയിൽ തന്നെയാണ്. ഇന്ന് 726 പേർ മരിക്കുകയും 8,128 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിക്കുകയും ചെയ്തു. 995,288 പേർക്കാണ് അവിടെ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

55,415 പേരാണ് യു.എസിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. യു.എസിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോ‌ർട്ട് ചെയ്ത ന്യൂയോർക്ക്, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ്‌ പകുതി വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഗവർണർമാർ വ്യക്തമാക്കുന്നത്. അതേ സമയം, ജോർജിയ, ഒക്‌ലഹോമ, അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിൽ കടകൾ ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ഓരോ രീതിയിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നിലനില്ക്കുന്നത്. ചൂട് കൂടിയതിനാൽ കാലിഫോർണിയ ഉൾപ്പെടെയുള്ള ബീച്ചുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയതും തലവേദനയായി.

നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഡെമോക്രാറ്റിക് ഗവർണർമാർ ആവശ്യപ്പെടുമ്പോഴും നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് ഭരണകൂടം. രാജ്യത്ത് നിയന്ത്രണങ്ങൾ നീക്കി വ്യാപാരമേഖല സജീവമാക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന സംസ്ഥാനങ്ങൾക്കിടയിൽ പുതിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ആരാധനാലയങ്ങളും റെസ്റ്റോറന്റുകളും തുറക്കാനൊരുങ്ങുകയാണെന്നാണ് ഒക്‌ലഹോമ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ ഗവർണർമാർ പറയുന്നത്. അതേ സമയം, മിഷിഗൺ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് ഗവർണർമാർ പറയുന്നത് തങ്ങൾക്ക് നിയന്ത്രണം തുടരണമെന്നാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും രോഗവ്യാപനം തടയാൻ രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യണമെന്നും ഇവർ പറയുന്നു. മോണ്ടാനയിൽ ചില പള്ളികളിൽ കഴിഞ്ഞ ദിവസം പ്രാർത്ഥനകൾ നടന്നിരുന്നു.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളായി മാറിയ യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി നീങ്ങുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുകയാണ് മിക്ക രാജ്യങ്ങളും. യൂറോപ്പിൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച ഇറ്റലിയിൽ മെയ്‌ നാല് മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വീടിനുള്ളിൽ കഴിയുന്നവർക്ക് ഇനി അവരവരുടെ പ്രവിശ്യകൾക്കുള്ളിൽ സഞ്ചരിക്കാൻ കഴിയും.

ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 333 പേരാണ്. 199,414 പേർക്കാണ് മെഡിറ്ററേനിയൻ രാജ്യമായ ഇറ്റലിയിൽ ഇതേവരെ രോഗം സ്ഥിരീകരിച്ചത്. 26,977 പേരാണ് ആകെ മരിച്ചത്. ദിവസവും 900 ത്തിലേറെ പേർ മരിച്ചിരുന്ന ഇറ്റലിയിൽ നിരക്ക് 350 ൽ താഴെ എത്തിയിരിക്കുന്നത് ഏറെ ആശ്വാസകരമാണ്. സ്പെയിനിലും സ്ഥിതിഗതികൾ ശാന്തമായി വരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളുമായി ഒരു മണിക്കൂർ പുറത്ത് ചെലവഴിക്കാമെന്ന സർക്കാർ ഉത്തരവ് ഒരു മാസത്തിലേറെയായി വീടിനുള്ളിൽ കഴിയുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. കൂടുതൽ ഇളവുകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻഷെസ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 331 പേരാണ് സ്പെയിനിൽ മരിച്ചത്. ഇതോടെ സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 23,521 ആയി.2,36,199 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ സ്പെയിനിലാണ്. അതേ സമയം, ഏറ്റവും കൂടുതൽ കൊവിഡ് മരണം ഇറ്റലിയിലാണുണ്ടായിരിക്കുന്നത്.കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓഫീസിൽ തിരിച്ചെത്തിയിട്ടുണ്ട്.

152,840 പേർക്കാണ് യു.കെയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20,732 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ബോറിസ് ജോൺസണിന്റെ അഭാവം യു.കെയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചതായാണ് വിലയിരുത്തൽ. നിലവിൽ മെയ്‌ 7 വരെ നിശ്ചയിച്ചിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എന്നുവരെ തുടരണമെന്നതാണ് ഇപ്പോൾ ബോറിസിന്റെ മുന്നിലെ ചർച്ചാ വിഷയം. രാജ്യത്തുകൊവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി മാത്രമേ ഇളവുകൾ അനുവദിക്കാനിടയുള്ളു.

മറ്റ് യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ്. ജർമനിയിൽ കടകളും മറ്റും കഴി‌ഞ്ഞാഴ്ച തുറന്നിരുന്നു. അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികൾക്ക് ഡെന്മാർക്കിൽ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തുടങ്ങിയിരിക്കുകയാണ്

അതേ സമയം, യു.എസിൽ കൊവിഡ് അതിന്റെ ഭീകരതയിൽ തുടരുമ്പോഴും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനാവശ്യമാണെന്ന് വാദിക്കുന്ന ഒരു വിഭാഗം രോഗനിയന്ത്രണത്തിന് വെല്ലുവിളിയാവുകയാണ്.യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യങ്ങളാണ് ഇറ്റലി, ബ്രിട്ടൺ, ഫ്രാൻസ്, സ്പെയിൻ എന്നിവ. ഇവിടങ്ങളിലെല്ലാം ഇതേ വരെ 20,000ത്തിലേറെ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യു.എസിൽ മാത്രം ഇതിന്റെ ഇരട്ടി മരണങ്ങൾ ഇതിനൊടകം തന്നെ രേഖപ്പെടുത്തിക്കഴി‌ഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP