Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഭയാനകമായ വർധനവ്; ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി; ആകെ രോ​ഗബാധിതർ 2,97,001; ഇന്ത്യക്ക് മുന്നിൽ അമേരിക്കയും ബ്രസീലും റഷ്യയും മാത്രം; മാരക വൈറസ് സംഹാരതാണ്ഡവമാടിയ ഇം​ഗ്ലണ്ടും സ്പെയിനും ഇറ്റലിയും കോവി‍ഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യക്കും പിന്നിൽ; പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കാമെന്ന് ഐസിഎംആർ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഭയാനകമായ വർധനവ്; ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി; ആകെ രോ​ഗബാധിതർ 2,97,001; ഇന്ത്യക്ക് മുന്നിൽ അമേരിക്കയും ബ്രസീലും റഷ്യയും മാത്രം; മാരക വൈറസ് സംഹാരതാണ്ഡവമാടിയ ഇം​ഗ്ലണ്ടും സ്പെയിനും ഇറ്റലിയും കോവി‍ഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യക്കും പിന്നിൽ; പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കാമെന്ന് ഐസിഎംആർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ 9,846 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,97,001ആയി ഉയർന്നു. 20,74,438 കോവിഡ് കേസുകളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 1,15,375 പേരാണ് യുഎസിൽ ഇതുവരെ മരിച്ചത്. 7,87,489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ബ്രസീലാണ് പട്ടികയിൽ രണ്ടാമത്. 40,276 കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 5,02,436 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത റഷ്യയാണ് പട്ടികയിൽ ഇന്ത്യക്ക് മുന്നിൽ മൂന്നാം സ്ഥാനത്തുള്ളത്. 6,532 കോവിഡ് മരണങ്ങൾ റഷ്യയിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിൽ ഇതുവരെ മരിച്ചത് 8,473 കോവിഡ് രോ​ഗികളാണ്. ഇന്ന് മാത്രം രാജ്യത്ത് 366 രോ​ഗികൾ മരണത്തിന് കീഴടങ്ങി. കോവിഡ് വലിയ തോതിൽ മരണം വിതച്ച ഇം​ഗ്ലണ്ടും സ്പെയിനും ഇറ്റലിയും രോ​ഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്കും പിന്നിലാണ്.

ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലും രോഗബാധയ്ക്ക് ശമനമില്ല. 24 മണിക്കൂറിനിടെ 3607 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 97648 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 152 പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതുവരെ 3590 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതെന്നും സംസ്ഥാന ആരോഗ്യവിഭാഗം അറിയിച്ചു. ധാരാവിയിൽ ഇന്നുമാത്രം രണ്ടുപേർ രോഗബാധയെ തുടർന്ന് മരിച്ചു.പുതുതായി 20 പേർക്ക് രോഗബാധ ഉണ്ടായി. ധാരാവിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1984 ആയി ഉയർന്നതായും 75 പേർ രോഗബാധയെ തുടർന്ന് മരിച്ചതായും മുൻസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയുടെ അയൽസംസ്ഥാനമായ ഗുജറാത്തിലും കോവിഡ് കേസുകൾ ഉയരുകയാണ്. 24 മണിക്കൂറിനിടെ 513 പേർക്കാണ് രോഗബാധ ഉണ്ടായത്. ഈ സമയപരിധിയിൽ 38 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ സംസ്ഥാനത്ത് 22067 പേർക്കാണ് രോഗബാധ കണ്ടെത്തിയതെന്നും ഗുജറാത്ത് ആരോഗ്യവിഭാഗം കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലും സ്ഥിതി വ്യത്യസമല്ല. 24 മണിക്കൂറിനിടെ 1877 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയപരിധിയിൽ 65 പേർക്ക് മരണം സംഭവിച്ചു. ഇതുവരെ 34687 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 20871 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 12731 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ഡൽഹി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 1085 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്.

തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് ഇന്ന് മാത്രം 23പേർ മരിച്ചു. 1878കേസാണ് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിൽ മടങ്ങിയെത്തിയ രണ്ടുപേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 38,716ആയി. 17,659പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 20,705പേർ രോഗമുക്തരായപ്പോൾ, 349പേർ മരണത്തിന് കീഴടങ്ങി. കർണാടകയിൽ 204 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 6245ആയി. 2976പേരാണ് രോഗമുക്തരായത്. 3195പേരാണ് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. 72പേരാണ് ഇതുവരെ മരിച്ചത്.

വൈറസ് ബാധ നിയന്ത്രണാധീതമായതോടെ റെയിൽവെയോട് ഐസൊലേഷൻ കോച്ചുകൾ ആവശ്യപ്പെട്ട് യു.പി, ഡൽഹി, തെലങ്കാന സംസ്ഥാനങ്ങൾ. 24 സ്ഥലങ്ങളിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കുന്നതിനായി 240 കോച്ചുകളാണ് ഉത്തർപ്രദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോച്ചുകൾ നൽകണമെന്നാണ് തെലങ്കാനയുടെ ആവശ്യം. പത്ത് കോച്ചുകൾ ഡൽഹിയും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് റെയിൽവെ നേരത്തെതന്നെ ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കിയിരുന്നുവെങ്കിലും ഇപ്പോഴാണ് അവയ്ക്ക് ആവശ്യക്കാർ എത്തുന്നത്. ഗുരുതരാവസ്ഥയിൽ അല്ലാത്ത രോഗികളെ റെയിൽവെയുടെ ഐസൊലേഷൻ കോച്ചുകളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 16 കിടക്കകളാവും ഓരോ കോച്ചിലുമുണ്ടാവുക.

പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കാമെന്ന് ഐസിഎംആർ

കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കാമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് വലിയ വിഭാഗം ജനങ്ങൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുവരെ 1.40 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവിൽ ചികിത്സയിലുള്ളവർ 1.37 ലക്ഷം പേരാണ്. ആയിരത്തിലേറെപ്പേർക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഗുജറാത്തും രാജസ്ഥാനുമാണ് രോഗമുക്തിയിൽ മുന്നിൽ. ഗുജറാത്തിൽ 87 % പേർ ആശുപത്രി വിട്ടു; രാജസ്ഥാനിൽ 74 %. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗമുക്തർ 46.96 %. നേരത്തെ രോഗമുക്തിയിൽ മുന്നിലായിരുന്നെങ്കിലും കേരളത്തിൽ നിലവിലെ നിരക്ക് 41.8 % ആണ്. ഒരു ലക്ഷം ജനങ്ങളെ കണക്കിലെടുത്താൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണെന്നും ഐസിഎംആർ വ്യക്തമാക്കി. 0.08 ശതമാനം മാത്രമാണ് മരണനിരക്ക്. രാജ്യത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് രോഗബാധിതരെന്നും ഐസിഎംആർ വ്യക്തമാക്കി.

ലോകമെമ്പാടുമായി ഇതുവരെ 75,34,391പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 4,21,136 രോ​ഗബാധിതർ മരണത്തിന് കീഴടങ്ങി. 38,19,359 പേർ രോ​ഗമുക്തി നേടി. ചികിത്സയിലുള്ള 32,93,896 പേരിൽ 53,945 പേരുടെ നില അതീവ ​ഗുരുതരമാണ്. 24 മണിക്കൂറിനിടെ 3,001 വൈറസ് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മെക്സിക്കോ- 708, അമേരിക്ക-245, ബ്രസീൽ-479, റഷ്യ-174, ഇന്ത്യ-366, ബ്രിട്ടൻ-151 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP