Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്-19 ഇന്ത്യയിൽ രണ്ടാം ഘട്ടത്തിൽ; ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ കഴിയണം; രാജ്യത്താകെയുള്ള 76 പരിശോധനാ ലാബുകൾക്ക് പുറമേ സ്വകാര്യ ലാബുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഐസിഎംആർ; രാജ്യത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 54,000 ത്തോളം പേർ; ഒരാൾ മരിച്ചതോടെ മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങൾ; മാഹിയിൽ 68 കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; പത്തനംതിട്ടയിൽ പുതിയ ഫലങ്ങൾ നെഗറ്റീവ്; കൊറോണ വൈറസ് ശൈത്യകാലത്ത് വീണ്ടും വന്നേക്കുമെന്ന് ഡബ്ലുഎച്ച്ഒയുടെ മുന്നറിയിപ്പ്

കോവിഡ്-19 ഇന്ത്യയിൽ രണ്ടാം ഘട്ടത്തിൽ; ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ കഴിയണം; രാജ്യത്താകെയുള്ള 76 പരിശോധനാ ലാബുകൾക്ക് പുറമേ സ്വകാര്യ ലാബുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഐസിഎംആർ; രാജ്യത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 54,000 ത്തോളം പേർ; ഒരാൾ മരിച്ചതോടെ മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങൾ; മാഹിയിൽ 68 കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; പത്തനംതിട്ടയിൽ പുതിയ ഫലങ്ങൾ നെഗറ്റീവ്; കൊറോണ വൈറസ് ശൈത്യകാലത്ത് വീണ്ടും വന്നേക്കുമെന്ന് ഡബ്ലുഎച്ച്ഒയുടെ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 രണ്ടാം ഘട്ടത്തിലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യത്താകെ 76 പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളും സജ്ജമാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ കഴിയണം. 10 ലക്ഷം പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ അറിയിച്ചു.

കോവിഡ് വൈറസിന്റെ വ്യാപനത്തിൽ നാല് ഘട്ടങ്ങളാണുള്ളത്. മൂന്നാമത്തെ ഘട്ടത്തിലാണ് സമൂഹവ്യാപനം നടക്കുക. ഇത് തടയാനാകുമെന്നാണ് പ്രതീക്ഷ. എത്ര കർശനമായി നമ്മുടെ അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കും എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാം ഘട്ടത്തിലെ വൈറസിന്റെ വ്യാപനം. എന്നാൽ, സമൂഹ വ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു.

രാജ്യത്ത് അമ്പത്തി നാലായിരത്തോളം പേർ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ രാജ്യസഭയിൽ പറഞ്ഞു.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്നു രാജ്യങ്ങളിൽനിന്നു കൂടിയുള്ള യാത്രക്കാർക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. അഫ്ഗാനിസ്ഥാൻ, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപ്പെടുത്തിയത്. മാർച്ച് 31 വരെയാണ് വിലക്ക്. ചൊവ്വാഴ്ച വൈകുന്നേരം മുന്നു മുതൽ വിലക്ക് പ്രാബല്യത്തിൽവരും. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ബുധനാഴ്ച മുതൽ യാത്രാ വിലക്ക് ഏർപ്പെടുത്തും.

മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങൾ

:മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ദുബായിൽ നിന്ന് എത്തിയ ആളെയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. നേരത്തെ കർണാടകയിലും ഡൽഹിലുമായിരുന്നു ഓരോരുത്തർ മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 125 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 36 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാൾ മരിച്ചതോടെ മഹാരാഷ്ട്രയിൽ അവശ്യ സർവീസുകൾ ഒഴിച്ച് എല്ലാ സർക്കാർ ഓഫീസുകളും അടച്ചു.

മാഹിയിൽ ഒരാൾക്ക് കോവിഡ്-19

പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു. കേന്ദ്രഭരണപ്രദേശത്തുകൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

ആഴ്ചകൾക്ക് മുൻപാണ് ഇവർ മാഹിയിൽ എത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരിൽ കോവിഡ് സ്ഥിരീകരിച്ചത്. മാഹിയോട് ചേർന്ന് കിടക്കുന്ന കേരളത്തിൽ 24 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറത്തും കാസർകോഡുമായി പുതുതായി മൂന്നുകേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നത്. 12740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്.

കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ മാഹിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകൾ അടച്ചിടാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഈ മാസം 31 വരെ ബാറുകൾ അടച്ചിടാനാണ് തീരുമാനിച്ചത്. 20ലധികം പേർ കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്.

പത്തനംതിട്ടയിൽ പുതിയ ഫലങ്ങൾ നെഗറ്റീവ്

പത്തനംതിട്ടയിൽ പുതിയ ഫലങ്ങൾ നെഗറ്റീവാണ്. ഏഴ് കേസുകളാണ് നെഗറ്റീവായത്. അതേസമയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മതചടങ്ങുകളിൽ പത്തിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം

കോവിഡ്-19 ശൈത്യകാലത്ത് വീണ്ടും വരുമോ?

പുതിയ കൊറോണ വൈറസ് വേനൽകാലത്ത് അതിജീവിക്കുമെന്നും അടുത്ത ശൈത്യകാലത്ത് വീണ്ടും എത്തുമെന്നുമാണ് വിലയിരുത്തൽ. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് ലോകാരോഗ്യ സംഘടനയും വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.സാർസിനും മെർസിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും സാർസ്-കോവ്-2 എന്നും അവർ വിശദീകരിക്കുന്നു. നിലവിൽ പുതിയ വൈറസിനെ ചെറുക്കാൻ മനുഷ്യരിൽ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളിൽനിന്നാണു വൈറസ് പടരുന്നത്. ഏപ്രിൽ, മെയ്‌ മാസത്തെ ചൂടിൽ ഈ സ്രവങ്ങൾ അധികസമയം നിലനിൽക്കില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്ത് വൈറസ് വ്യാപനം വേഗത്തിലാവില്ലെങ്കിലും ശൈത്യകാലത്ത് വീണ്ടും എത്താം. വീണ്ടും വരാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധിച്ചു കണ്ടെത്തുന്നതിലും ക്വാറന്റീൻ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP