Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ കൊറോണ ഭീഷണിയും; നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പിന്നാലെ വ്യാപാര മേഖലയിലും തൊഴിലില്ല; ടൂറിസം മേഖല ഇനി എന്ന് ഉണരുമെന്നതിനും ഉറപ്പൊന്നുമില്ല; കൊറോണ ഭീഷണിയെ തുടർന്ന് തൊഴിൽ നഷ്ടമായതോടെ ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ

സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ കൊറോണ ഭീഷണിയും; നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പിന്നാലെ വ്യാപാര മേഖലയിലും തൊഴിലില്ല; ടൂറിസം മേഖല ഇനി എന്ന് ഉണരുമെന്നതിനും ഉറപ്പൊന്നുമില്ല; കൊറോണ ഭീഷണിയെ തുടർന്ന് തൊഴിൽ നഷ്ടമായതോടെ ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ കുറേ നാളുകളായി സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന കേരളത്തിലെ തൊഴിൽ മേഖലകൾ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്. നിർമ്മാണ മേഖലയിൽ പിടികൂടിയിരുന്ന മാന്ദ്യം കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹോട്ടൽ മേഖലയിലേക്കും ചെറുകിട വ്യാപാര മേഖലയിലേക്കും വ്യാപിച്ചതോടെ തൊഴിൽ നഷ്ടമായ ഇതരസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിക പോകുന്ന തിരക്കിലാണ്. ടൂറിസം മേഖല നിർജീവമായതോടെ സകല മേഖലകളിലും സ്തംഭനാവസ്ഥയാണ് നിലനിൽക്കുന്നത്.

തൊഴിൽ ഇല്ലാത്ത സാഹചര്യവും മാരക വൈറസിന്റെ ഭീഷണിയും എന്ന അവസ്ഥയിൽ സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണ് ഇതരസംസ്ഥാന തൊഴിലാളികൾ. ഇതോടെ ബംഗാളിലേക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിനുകളിൽ തിരക്ക് വർധിച്ചു. ഒരാഴ്ചയായി ഉറങ്ങിക്കിടന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗുവാഹത്തി, ഹൗറ എക്സ്‌പ്രസുകളിലും ചെന്നൈ മെയിലിലും കാലുകുത്താൻ ഇടമുണ്ടായിരുന്നില്ല. എറണാകുളത്തുനിന്നു കയറിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ കൂടുതൽ പേർ കയറാതിരിക്കാൻ വാതിലുകൾ അകത്തുനിന്നടച്ചതു സംഘർഷത്തിനിടയാക്കി. ആർപിഎഫ് ഇടപെട്ടു വാതിൽ തുറപ്പിക്കുകയാണ് ചെയ്തത്.

തിരക്കു മൂലം ഗുവാഹത്തി, ഹൗറ എക്സ്‌പ്രസുകളിൽ കയറിപ്പറ്റാൻ കഴിയാത്തവരാണ് ചെന്നൈ മെയിലിൽ പോയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കു കുറച്ചുനാളായി പണി കുറവാണ്. നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് കോവിഡ് ഭീതി പടർന്നത്.

25 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ബംഗാളികളാണ് കൂടുതൽ എങ്കിലും ജമ്മു കാശ്മീർ, അരുണാചൽ പ്രദേശ് തുടങ്ങി ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആളുകൾ കേരളത്തിൽ തൊഴിലെടുക്കുന്നു. ഇതും കൂടാതെ നേപ്പാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ളവരുമുണ്ട്.

ടൂറിസം മേഖലയുടെ നിശ്ചലാവസ്ഥയോടെ ഹോട്ടൽ-വ്യാപാര സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്നതുകൊണ്ടാകുന്ന തൊഴിൽ നഷ്ടം വളരെ വലുതാണ്. ഗ്രാമീണ മേഖലയിലും നഗര മേഖലയിലും ഇത് ഒരുപോലെ ബാധിക്കുന്നു. നിത്യോപയോഗ സാധനങ്ങൾ ഒഴികെ മറ്റ് മേഖലകളിലുള്ള റീറ്റെയ്ൽ സ്റ്റോറുകളിലെല്ലാം പ്രശ്നങ്ങളുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചന. നിർമ്മാണ മേഖലയിലും വ്യാപകമായ തൊഴിൽ നഷ്ടം കഴിഞ്ഞ കുറേ നാളുകളായി സ്ഥിരം വാർത്തയായിരിക്കുകയാണ്. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട മറുനാടൻ തൊഴിലാളികളിൽ വലിയൊരു വിഭാഗം മടങ്ങി പോകുകയും ചെയ്തിരുന്നു.

അണുവിമുക്തമാക്കി വാഹനങ്ങളും

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളും ട്രെയിനുകളും അണുമുക്തമാക്കാനുള്ള നടപടികൾ തുടങ്ങി. ബസുകൾ യാത്ര ആരംഭിക്കും മുൻപാണു വൃത്തിയാക്കുന്നത്. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തറ കഴുകി വൃത്തിയാക്കുകയും സീറ്റും കമ്പികളും ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളും അണുനാശിനികൾ സ്‌പ്രേ ചെയ്തു തുടയ്ക്കുകയുമാണു ചെയ്യുന്നത്. ഇതിനു ജീവനക്കാരെ നിയോഗിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

യാത്ര പുറപ്പെടും മുൻപ് ട്രെയിനുകളുടെ അകത്തും പുറത്തും അണുനാശിനികൾ സ്‌പ്രേ ചെയ്യുന്നതായി ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. എസി കോച്ചുകളിൽ കമ്പിളിപ്പുതപ്പു വിതരണം ഒരു മാസത്തേക്കു നിർത്തി. ആവശ്യമെങ്കിൽ കോച്ച് അറ്റൻഡന്റിനോടു ചോദിച്ചു വാങ്ങാം. എസി കോച്ചുകളിലെ കർട്ടനുകൾ നീക്കം ചെയ്തു തുടങ്ങി. ജീവനക്കാർക്കു മാസ്‌ക് നൽകി.

തകർന്നടിഞ്ഞ് ടൂറിസം മേഖല

സംസ്ഥാനത്തിന്റെ ജിഡിപിയിൽ നിർണായക സ്വാധീനമുള്ള മേഖലയാണ് ടൂറിസം. കേരളത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനത്തോളവും തൊഴിൽ മേഖലയിൽ 25 ശതമാനത്തോളവും വിഹിതം ടൂറിസത്തിന്റേതാണ്. കൊറോണ ഭീതി മൂലം യാത്രക്കാർ വരുന്നത് കുറയുന്നതിലൂടെ ഈ മേഖലയിൽ ധാരാളം പേരുടെ തൊഴിലാണ് ഇതിനോടകം നഷ്ടമായത്. ട്രാവൽസുകൾ പലതും തങ്ങളുടെ ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലകളിൽ പ്രധാനപ്പെട്ടതാണ് ടൂറിസം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP