Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കൊറോണ ബാധയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തെ മഹാനഗരങ്ങൾ നിശ്ചലമാകുന്നു; ഡൽഹിയിലെ മുഴുവൻ ഷോപ്പിങ് മാളുകളും മുംബെയിലെ ഓഫീസുകളും അടച്ചിടും; കേരള അതിർത്തി അടച്ച് തമിഴ്‌നാടും കർണാടകവും; അതിർത്തി കടക്കാൻ അനുവാദം നൽകുക അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; കൊവിഡ്19 ന്റെ സാമൂഹിക വ്യാപനം തടയാൻ ഭരണകൂടങ്ങൾ സ്വീകരിക്കുന്നത് പഴുതടച്ച മുൻകരുതലുകൾ

കൊറോണ ബാധയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തെ മഹാനഗരങ്ങൾ നിശ്ചലമാകുന്നു; ഡൽഹിയിലെ മുഴുവൻ ഷോപ്പിങ് മാളുകളും മുംബെയിലെ ഓഫീസുകളും അടച്ചിടും; കേരള അതിർത്തി അടച്ച് തമിഴ്‌നാടും കർണാടകവും; അതിർത്തി കടക്കാൻ അനുവാദം നൽകുക അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; കൊവിഡ്19 ന്റെ സാമൂഹിക വ്യാപനം തടയാൻ ഭരണകൂടങ്ങൾ സ്വീകരിക്കുന്നത് പഴുതടച്ച മുൻകരുതലുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ രാജ്യമാകെ കടുത്ത നിന്ത്രണങ്ങൾ. ഡൽഹി, മുംബെ നഗരങ്ങൾ ഭാഗികമായി അടച്ചിടും. അതിനിടെ, കേരളത്തിലേക്കുള്ള റോഡ് ഗതാഗതത്തിൽ തമിഴ്‌നാടും കർണാടകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കേരളത്തിലേക്ക് പോകുന്നതും കേരളത്തിൽ നിന്നും വരുന്നതുമായ വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഇരു സംസ്ഥാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ ഗതാഗതത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ വരും ദിവസങ്ങളിൽ രാജ്യം നിശ്ചലമാകും. ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നവയിൽ ഏറെയും സ്‌പെഷ്യൽ ട്രെയിനുകളാണ്. ഡൽഹിയിൽ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. പലചരക്ക്, ഫാർമസി ഷോപ്പുകൾ വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ സെൻട്രൽ അടക്കമുള്ള റയിൽവേ സ്റ്റേഷനുകളിലെല്ലാം മുഴുവൻ യാത്രക്കാരെയും തെർമൽ സ്‌കാനർ വച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്. യാത്രക്കാർ വിശ്രമിക്കുന്ന സ്ഥലങ്ങളിൽ മിനിറ്റുകൾ ഇടവിട്ടു അണുനാശിനി തളിക്കുന്നുണ്ട്. വലിയ കടകൾ നിർബന്ധിച്ചു അടപ്പിച്ചതോടെ വാണിജ്യ കേന്ദ്രമായ ടി.നഗറിൽ ഇടതടവില്ലാതെ വാഹനങ്ങളും മനുഷ്യരും നിറഞ്ഞൊഴുകിയിരുന്ന നിരത്തുകൾ വിജനമായി. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുപി സ്വദേശിയുടെ സമ്പർക്ക പട്ടികയുണ്ടാക്കാൻ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാൾ ആഗ്രയും ഡൽഹിയും സന്ദർശിച്ചതിനാൽ യുപി, ഡൽഹി സർക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് തമിഴ്‌നാട്.

മുംബൈയിലെ എല്ലാ ഓഫീസുകളും മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കൂടാതെ അവശ്യ വസ്തുക്കൾ വിൽപന നടത്തുന്നത് ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും. മുംബൈയെ കൂടാതെ പുണെ, പിംപ്രി ചിന്ദ്വാദ്, നാഗ്പുർ എന്നീ നഗരങ്ങളിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ആളുകൾ മാത്രമേ ഹാജരാകേണ്ടതുള്ളൂവെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. നടപടിക്രമങ്ങൾ അതാത് ജില്ലകളിലെ കളക്ടർമാർ അറിയിക്കും.

കേരളത്തിലേക്കുള്ള യാത്രകൾക്ക് തമിഴ്‌നാടും കർണാടകവും നിയന്ത്രണം ഏർപ്പെടുത്തിയതുകൊറോണ ബാധയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണെന്നാണ് ഒദ്യോഗിക വിശദീകരണം. അത്യാവശ്യം ഇല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശം. അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ നിന്ന് വരുന്നതുമായ വാഹനങ്ങൾക്ക് നിയന്ത്രണവും പരിശോധനയും ഉണ്ട്.

അടിയന്തര സർവ്വീസുകൾ മാത്രം മതിയെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ സർക്കാർ നിർദ്ദേശം. കോയമ്പത്തൂർ തേനി കന്യാകുമാരി ഉൾപ്പടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടർമാർക്കെല്ലാം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.അനാവശ്യ യാത്രകൾ തടയാനാണ് നടപടിയെന്ന് വിശദീകരണം. കോയമ്പത്തൂരിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഇന്ന് വൈകിട്ട് അടയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ പ്രധാന ആരാധനാലയങ്ങളും ആഴ്ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടി സർക്കാർ ഉത്തരവിറക്കി.

വാളയാർ അതിർത്തി വഴിയുള്ള വാഹന ഗതാഗതത്തിനും തമിഴ്‌നാട് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയവരെയും ആശുപത്രികളിലേക്ക് പോകുന്നവരെയും മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മറ്റു വാഹനങ്ങൾ കേരളത്തിലേക്ക് തിരിച്ചയക്കുന്നു. വാളയാർ അതിർത്തി കഴിഞ്ഞ് തമിഴ്‌നാട്ടിലെ ചാവടിയിലാണ് പൊലീസും ഡോക്ടർമാർ അടങ്ങിയ ആരോഗ്യവകുപ്പ് സംഘവും ചേർന്ന് പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടിലേക്ക് പോകണമെന്നു നിർബന്ധമുള്ളവർക്ക് ആരോഗ്യ പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ വാഹനങ്ങളിൽ പോകാൻ ഇപ്പോൾ അനുമതിയുണ്ട്.

കേരളത്തിലേക്കുള്ള ബസുകൾ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടയുകയാണ്. ഇനി സർവീസ് നടത്തരുതെന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞതായി കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. ഗുണ്ടൽപേട്ട്, ബാവലി ചെക്‌പോസ്റ്റുകളിൽ ആണ് ബസുകൾ തടഞ്ഞത്.

കേരളത്തിൽനിന്നുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങളൊന്നും അതിർത്തി കടത്തിവിടരുതെന്ന് തമിഴ്‌നാട്ടിലെ നീലഗിരി കലക്ടറും കർണാടകയിൽ നിന്നു ഗുണ്ടൽപേട്ട് പൊലീസും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ, ബെംഗളൂരുവിലേക്കു പുറപ്പെട്ട കെഎസ്ആർടിസി ബസുകളിലൊന്ന് ബത്തേരിയിൽ സർവീസ് നിർത്തി. കേരളത്തിലെ മറ്റു ഡിപ്പോകളിൽ നിന്ന് ഇതിനോടകം തന്നെ വയനാട് വഴി പുറപ്പെട്ട ബസുകൾ മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളത്തിലേക്കും കെഎസ്ആർടിസി സർവീസ് ഉണ്ടായിരിക്കുന്നതല്ല. നിലവിൽ അതിർത്തി കടന്നു പോയ കെഎസ്ആർടിസി ബസുകൾ മാത്രം തിരികെയെത്തും. രാത്രിയോടെ വയനാട് അതിർത്തി വഴിയുള്ള പൊതുഗതാഗതം പൂർണമായി നിലയ്ക്കും. സ്വകാര്യ വാഹനങ്ങൾ അതിർത്തി കടന്നു പോകുന്നതിന് ഇപ്പോൾ വിലക്കില്ല. കർശന പരിശോധനകൾക്കു ശേഷം അത്യാവശ്യക്കാരെയേ കടത്തിവിടുന്നുള്ളൂവെന്നു മാത്രം.

കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന 14 ട്രെയിനുകൾ കൂടി റദ്ദാക്കി. സ്പെഷ്യൽ ട്രെയിനുകൾ ആണ് ഇന്ന് റദ്ദാക്കിയതിൽ കൂടുതലും. ഇന്നലെ 18 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനുള്ള മുൻ കരുതൽ നടപടികളുടേയും ഭാഗമായാണ് നടപടി. കൊവിഡ് വൈറസ് ബാധിച്ച വ്യക്തി പൊതുഗതാഗതസംവിധാന ഉപയോഗിക്കുന്നത് വൈറസ് കൂടുതൽ പേരിലേക്ക് പടരാനിടയാക്കും. ഇത് മുന്നിൽ കണ്ട് കടുത്ത മുൻകരുതൽ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ മാറ്റി

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 17ന് ആരംഭിച്ച കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷ നിർത്തിവെച്ചിരിക്കുകയാണ്. മാർച്ച് 20 മുതൽ 28 വരെ എഴുതാൻ ഹാൾടിക്കറ്റ് നൽകിയവർക്കുള്ള പുതിയ തീയതി കമ്മീഷൻ പിന്നീട് അറിയിക്കും. മാർച്ച് 30 മുതൽ നടത്താനിരുന്ന ജൂനിയർ എൻജിനീയർ റിക്രൂട്ട്മെന്റ് പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. അറിയിപ്പുകൾ ലഭിക്കാനായി കമ്മീഷന്റെ വെബ്സൈറ്റ് (www.ssc.nic.in) സന്ദർശിക്കണമെന്നും നിർദ്ദേശമുണ്ട്.

നേരത്തെ മാർച്ച് 17 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 30 ലക്ഷത്തോളംപേർ അപേക്ഷിച്ചിരുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെയായിരുന്നു ജൂനിയർ എൻജിനീയർ പരീക്ഷ നിശ്ചയിച്ചിരുന്നത്.

സർവകലാശാല പരീക്ഷകൾ നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം യുജിസി നിർദ്ദേശം നൽകിയിരുന്നെങ്കിലും സർവകലാശാല പരീക്ഷകളും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്ഥിതിഗതികൾ വഷളാകുന്നതോടെ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ ഇന്ന് ചേർന്ന ഉന്നതതല സമിതി തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP