Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഫ്രിക്കൻ വൻകരയിൽ കൊറോണ പടരുമ്പോൾ പൊലിയുക ലക്ഷക്കണക്കിന് ജീവനുകൾ; ആരോ​ഗ്യ സുരക്ഷാ സംവിധാനങ്ങളും സാമൂഹിക ക്ഷേമ സംവിധാനങ്ങളും പേരിന് പോലും ഇല്ലാത്ത രാജ്യങ്ങൾ എങ്ങനെ മാരക വൈറസിനെ അതിജീവിക്കും എന്ന ചോദ്യവുമായി ആരോ​ഗ്യ പ്രവർത്തകർ; സമ്പന്ന രാജ്യങ്ങൾ പോലും പകച്ചുനിൽക്കുമ്പോൾ എബോളയെ അതിജീവിച്ച ആഫ്രിക്കൻ വൻകര കൊവിഡ്19നെ അതിജീവിക്കുമോ എന്ന ആശങ്കയിൽ ലോകവും

ആഫ്രിക്കൻ വൻകരയിൽ കൊറോണ പടരുമ്പോൾ പൊലിയുക ലക്ഷക്കണക്കിന് ജീവനുകൾ; ആരോ​ഗ്യ സുരക്ഷാ സംവിധാനങ്ങളും സാമൂഹിക ക്ഷേമ സംവിധാനങ്ങളും പേരിന് പോലും ഇല്ലാത്ത രാജ്യങ്ങൾ എങ്ങനെ മാരക വൈറസിനെ അതിജീവിക്കും എന്ന ചോദ്യവുമായി ആരോ​ഗ്യ പ്രവർത്തകർ; സമ്പന്ന രാജ്യങ്ങൾ പോലും പകച്ചുനിൽക്കുമ്പോൾ എബോളയെ അതിജീവിച്ച ആഫ്രിക്കൻ വൻകര കൊവിഡ്19നെ അതിജീവിക്കുമോ എന്ന ആശങ്കയിൽ ലോകവും

മറുനാടൻ മലയാളി ബ്യൂറോ

ലോകം കൊറോണ എന്ന മഹാമാരിയെ നേരിടുമ്പോഴും ഭീതിയോടെ നോക്കുന്നത് ആഫ്രിക്ക എങ്ങനെ മാരക വൈറസിനെ അതിജീവിക്കും എന്നതാണ്. മികച്ച ആരോ​ഗ്യ പരിപാലന സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ പോലും ആയിരങ്ങൾ കോവിഡ്19 ബാധിച്ച് മരിച്ച് വീഴുമ്പോൾ താരതമ്യേന അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങൾ എങ്ങനെ കൊറോണയെ നേരിടും എന്നതാണ് ആരോ​ഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും ആശങ്കപ്പെടുന്നത്. ലക്ഷക്കണക്കിന് ആളുകൾ ആഫ്രിക്കൻ വൻകരയിൽ കൊവിഡ്19 മൂലം മരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ കൊറോണ ബാധിച്ച് ആഫ്രിക്കയിലാകെ 83 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച വരെ ഭൂഖണ്ഡത്തിലാകെ 3,200 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഫ്രിക്കൻ യൂണിയൻ അറിയിച്ചു.

സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും, സിറിയ, യെമൻ പോലെ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലും വൈറസ് എത്തിയാൽ മരിച്ചുവീഴുക ലക്ഷക്കണക്കിനു പേരായിരിക്കും. അവിടങ്ങളിലെ വൃത്തിയും ശുചിത്വവും ഇപ്പോഴും വളരെ മോശപ്പെട്ട അവസ്ഥയിലാണ്. മാത്രമല്ല, പേരിനുപോലും മികച്ച സാമൂഹിക ക്ഷേമ സംവിധാനങ്ങൾ ഈ രാജ്യങ്ങളില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങളിലും ആഭ്യന്തര സംഘർഷം നിറഞ്ഞ രാജ്യങ്ങളിലും പകർച്ചവ്യാധിയുണ്ടായാൽ പൂർണനശീകരണമായിരിക്കും ഫലമെന്നാണ് വിലയിരുത്തൽ. അഭയാർഥികൾ, വീടുകളിൽനിന്നു മാറ്റപ്പെട്ട് താമസിക്കുന്നവർ തുടങ്ങിയവരെയായിരിക്കും പകർച്ചവ്യാധി ഏറ്റവുമധികം ബാധിക്കുകയെന്ന് ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി) പറഞ്ഞു.

കാലാവസ്ഥയും സാമൂഹിക പിന്നോക്കാവസ്ഥയുമാണ് കൊവിഡിനെ പ്രതിരോധിക്കൻ ഈ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്ഷണം, ശുദ്ധജലം തുടങ്ങിയവ ഇല്ലാത്തതും കടുത്ത തണുപ്പിനോടു പോരടിക്കുന്നവരുമായി ആയിരക്കണക്കിനുപേരാണ് ഇത്തരം രാജ്യങ്ങളിൽ ജീവിക്കുന്നത്. മോശം ആരോഗ്യമുള്ള ഇവരുടെ അടുത്തേക്ക് പകർച്ചവ്യാധി എത്തിയാൽ ഉണ്ടാവുന്ന ദുരന്തം ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കുമെന്നും ഐആർസി പ്രതിനിധി മിസ്റ്റി ബസ്‌വൽ പറഞ്ഞു.

മുന്നൊരുക്കങ്ങളുടെ ഭാഗമായി പല ആഫ്രിക്കൻ രാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, കെനിയ, ഘാന, ഗബോൺ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്. മൊറോക്കോ എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. റവാൻഡയും മാലിയും കോംഗോയും യാത്രക്കാർക്ക് ക്വാറന്റീൻ ഏർപ്പെടുത്തി. വൈറസ് ബാധിച്ചവർ സിംബാബ്‌വെയിൽനിന്ന് രാജ്യത്തേക്കു കടക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിതുയർത്താൻ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.

വൈറസ് പൊതുജനാരോഗ്യത്തെ ബാധിക്കുന്നതിനു മുൻപുതന്നെ ആഫ്രിക്കയുടെ സമ്പ‍ദ്‍‌വ്യവസ്ഥയെ ബാധിച്ചിരുന്നു. പകർച്ചവ്യാധിയുടെ ഫലമായി ആഫ്രിക്കയുടെ ജിഡിപിയിൽ 1.4% കുറവുണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ, ആഫ്രിക്കയ്ക്കു വേണ്ടിയുള്ള സാമ്പത്തിക കമ്മിഷൻ അടുത്തിടെ റിപ്പോർട്ട് നൽകിയിരുന്നു. എണ്ണവിലയിലെ ഇടിവ് അംഗോളയും നൈജീരിയയും പോലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമായി വരുമാനത്തിൽ 65 ബില്യൻ യുഎസ് ഡോളറിന്റെ നഷ്ടമാണ് ഇതുണ്ടാക്കുക. മാത്രമല്ല, കൊറോണയെ നേരിടാൻ 10.6 ബില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് ആഫ്രിക്കയിലെങ്ങുമായി ചെലവഴിക്കുക. പകർച്ചവ്യാധിയുടെ സാഹചര്യം മോശമാകുകയും ആഗോളതലത്തിലെ പ്രശ്നങ്ങൾ സങ്കീർണമാകുകയും ചെയ്താൽ ആഫ്രിക്കയ്ക്ക് ജിഡിപിയിൽ 2.1% കുറവുണ്ടാകുമെന്ന് അമേരിക്കൻ ഗവേഷകരായ ബ്രൂക്കിങ്സ് കണക്കുകൂട്ടുന്നു.

അതേസമയം, അടിയന്തര നടപടിയെടുത്തില്ലെങ്കിൽ 40 മില്യൻ ജനങ്ങൾ മരിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജ് മുന്നറിയിപ്പു നൽകിയിട്ടും സമ്പന്ന സർക്കാരുകൾ ചെറിയ തുകകൾ മാത്രമേ കോവിഡിനെ നേരിടാൻ ഉപയോഗിക്കുന്നുള്ളൂവെന്ന് രാജ്യാന്തര സന്നദ്ധ സംഘടനകളിലൊന്നായ ഓക്സ്ഫാമിന്റെ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ ചേമ വെര പറ‍ഞ്ഞു. വികസിത രാജ്യമായ ഫ്രാൻസിന് 7000 ഇന്റൻസീവ് കെയർ കിടക്കകൾ ഉള്ളപ്പോൾ ഇത്തരം രാജ്യങ്ങളിൽ ആകെ 100 എണ്ണമോ അതിൽ കുറച്ചുകൂടുതലോ മാത്രമേ കാണൂ. അതീവഗുരുതരമായ സാഹചര്യം വന്നാൽ നമുക്ക് ഒന്നും ചെയ്യാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് ഡോക്ടേഴ്സ് വിതൗട്ട് ബോർ‍ഡേഴ്സിന്റെ ഓപ്പറേഷൻസ് മേധാവി ഇസബെല്ലെ ഡെഫൗർണി പറഞ്ഞു.

മാനവ വിഭവശേഷിയും സാമ്പത്തിക രം​ഗവും തകർന്നടിയും

കൊറോണ ലോകത്താകെ ബാധിച്ചത് ആഫ്രിക്കൻ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഇതിനോടകം പിടിച്ചുലച്ച് കഴിഞ്ഞു. പല ആഫ്രിക്കൻ രാജ്യങ്ങളും ചൈനയിലേക്കുള്ള കയറ്റുമതിയിലൂടെയാണ് പിടിച്ചുനിൽക്കുന്നത്. അംഗോള, ദക്ഷിണാഫ്രിക്ക, കോംഗോ, തെക്കൻ സുഡാൻ, നമീബിയ, കെനിയ, റുവാൻ‍‍‍ഡ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ചൈനയിലെ കൊറോണ ബാധയെത്തുടർന്ന് ഉലഞ്ഞിരുന്നു. ചൈനയിലേക്ക് നേരിട്ട് എണ്ണയും മറ്റ് ചരക്കുകളും കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങളാണിവ. തെക്കൻ സുഡാന്റെ എണ്ണ ഉത്പാദനത്തിൽ 95 ശതമാനവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അംഗോളയുടെ എണ്ണ ഉത്പാദനത്തിൽ 61%, എറിട്രിയ ഉത്പാദിപ്പിക്കുന്നതിൽ 58% എന്നിങ്ങനെയാണ് കയറ്റുമതി.

ചൈനയുടെ എണ്ണ ആവശ്യത്തിൽ 20% കുറവു വന്നിട്ടുണ്ടെന്നാണ് വ്യക്തമാകന്നത്. ഇതും എണ്ണവിലയിലെ തകർച്ചയുമായപ്പോൾ ഈ രാജ്യങ്ങളിലെ കയറ്റുമതിയെ ആകെ ബാധിച്ചു. മാർച്ച് നാലിന് പുറത്തുവന്ന അവസാന കണക്കുപ്രകാരം അംഗോളയിൽനിന്നും നൈജീരിയയിൽനിന്നുമായി പോയ ക്രൂഡ് ഓയിൽ കാർഗോകൾക്ക് ഇതുവരെ മറ്റൊരു ഉപഭോക്താവിനെ കണ്ടെത്താനായിട്ടില്ല. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ സ്ഥിതിയിലാണ്.

ഇറക്കുമതിയിലും ഈ മുരടിപ്പ് പ്രകടമാണ്. ദക്ഷിണാഫ്രിക്കയിൽ 17 മാസത്തെ ഉയർന്ന നാണ്യപ്പെരുപ്പമാണ് ഉണ്ടായിരിക്കുന്നത്. ചൈനയിൽനിന്നെത്തുന്ന അടിസ്ഥാന ഉപഭോക്തൃ ചരക്കുകളിലുണ്ടായ കുറവുമൂലം ഘാനയിൽ കടുത്ത വിലക്കയറ്റം അനുഭവപ്പെടുന്നു. ചില ഉൽപന്നങ്ങൾക്ക് 100 ശതമാനത്തിലധികമാണ് വില ഉയർന്നിരിക്കുന്നത്. അരി, എണ്ണ തുടങ്ങിയവയ്ക്കു റുവാൻഡ പോലുള്ള രാജ്യങ്ങൾ അടിസ്ഥാന വില നിർബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും കാര്യമായ നഷ്ടമുണ്ടാകും. ഇതിന് പിന്നാലെയാണ് കൊറോണ വൈറസ് വൻകരയിലേക്കെത്തിയത്. ഇതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാകും എന്നാണ് ആരോ​ഗ്യ പ്രവർത്തകർ വിലയിരുത്തുന്നത്.

എബോളക്ക് പിന്നാലെ

ആഫ്രിക്കൻ രാജ്യങ്ങളെ ഇതിന് മുമ്പ് പിടിച്ചുലച്ച മാരക വൈറസായിരുന്നു എബോള. മധ്യ ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾക്ക് സമീപത്തുള്ള ഗ്രാമ പ്രദേശങ്ങളിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. ഗനിയയിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗം സിയേറ ലിയോണയിലും ലൈബീരിയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ രോഗത്തിന് മരണനിരക്ക് വളരെ കൂടുതലാണ്. ഇത് ഏകദേശം 50 ശതമാനത്തോളം വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 2014- 2016 കാലയളവിൽ 28,616 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 11,310 പേർക്ക് മരണം സംഭവിച്ചു.

2014-ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസ് പടർന്നുപിടിച്ചപ്പോൾ അന്താരാഷ്ട്ര ഇടപെടലിലൂടെയാണ് നേരിട്ടത്. രണ്ട് വർഷത്തോളം ആശങ്ക പടർത്തിയ വൈറസ് ഭീഷണി നിയന്ത്രണത്തിലാക്കാനായത് 2016-ലാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഏകോപനത്തിലൂടെയാണ് വൈറസ് വ്യാപനം നിയന്ത്രിച്ചത്. 2018-ൽ വീണ്ടും ആഫ്രിക്കയിൽ എബോള പടർന്നപ്പോൾ ആദ്യം വൈറസ് വ്യാപിച്ചപ്പോൾ വികസിപ്പിച്ച ചികിത്സാരീതികളാണ് ഫലപ്രദമായി ഉപയോഗിച്ചത്. കോംഗയിലായിരുന്നു രണ്ടാം ഘട്ടത്തിൽ രോഗം വ്യാപിച്ചത്. രണ്ട് തവണയും മനുഷ്യരുടെ ഇടപെടലിലൂടെയാണ് വൈറസിനെ നിയന്ത്രിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP