Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർകോടും കണ്ണൂരും മലപ്പുറവും എറണാകുളവും പത്തനംതിട്ടയും തിരുവനന്തപുരവും വയനാടും രോഗവ്യാപന സാധ്യതയേറിയ ഹോട്‌സ്‌പോട്ടുകളായി ചുവപ്പു പട്ടികയിൽ; സ്ഥിതി രൂക്ഷമാകാൻ ഇടയുള്ള നോൺ ഹോട്‌സ്‌പോട്ടുകളായ ഓറഞ്ച് സോണിൽ തൃശൂരും കൊല്ലവും ഇടുക്കിയും പാലക്കാടും കോട്ടയവും ആലപ്പുഴയും; ഗ്രീൻ സോണിൽ കോഴിക്കോട്; മെട്രോനഗരങ്ങളായ ഡൽഹിയും മുംബൈയും കൊൽക്കത്തയും ചെന്നൈയും ബെംഗളൂരുവും ഹൈദരാബാദും റെഡ് സോണിലും; കോവിഡിൽ കേരളത്തിൽ ജാഗ്രത കുറയ്ക്കില്ല

കാസർകോടും കണ്ണൂരും മലപ്പുറവും എറണാകുളവും പത്തനംതിട്ടയും തിരുവനന്തപുരവും വയനാടും രോഗവ്യാപന സാധ്യതയേറിയ ഹോട്‌സ്‌പോട്ടുകളായി ചുവപ്പു പട്ടികയിൽ; സ്ഥിതി രൂക്ഷമാകാൻ ഇടയുള്ള നോൺ ഹോട്‌സ്‌പോട്ടുകളായ ഓറഞ്ച് സോണിൽ തൃശൂരും കൊല്ലവും ഇടുക്കിയും പാലക്കാടും കോട്ടയവും ആലപ്പുഴയും; ഗ്രീൻ സോണിൽ കോഴിക്കോട്; മെട്രോനഗരങ്ങളായ ഡൽഹിയും മുംബൈയും കൊൽക്കത്തയും ചെന്നൈയും ബെംഗളൂരുവും ഹൈദരാബാദും റെഡ് സോണിലും; കോവിഡിൽ കേരളത്തിൽ ജാഗ്രത കുറയ്ക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് ഭീഷണിയുടെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ കേന്ദ്രം മൂന്നായി തിരിച്ചപ്പോൾ കേരളത്തിലെ ഏഴ് ജില്ലകൾ റെഡ് സോണിൽ. കേരളത്തിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട്. ഇതിൽ വയനാട്ടിൽ ചില മേഖലകളിൽ (ക്ലസ്റ്റർ) മാത്രമാണ് പ്രശ്‌നം. ഇപ്പോൾ പുറത്തു വിട്ട പട്ടിക പ്രകാരമാണെങ്കിൽ കേരളത്തിൽ 20ന് ശേഷവും വലിയ ഇളവുകൾ കിട്ടാൻ വഴിയില്ല. അതിശക്തമായ പ്രതിരോധം കേരളത്തിൽ തീർക്കേണ്ടി വരും.

കാസർകോട് 167ഉം കണ്ണൂരിൽ 78ഉം മലപ്പുറത്ത് 20ഉം എറണാകളുത്ത് 24ഉം പത്തനംതിട്ടയിൽ 17ഉം തിരുവനന്തപുരത്ത് 14ഉം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വയനാട്ടിൽ 3 കേസുകൾ മാത്രമാണുണ്ടായിരുന്നത്. ഓറഞ്ച് സോണിൽ കേരളത്തിൽ തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയാണുള്ളത്. ഇവിടങ്ങളിൽ പ്രശ്‌നബാധിത മേഖലകളിലാവും കർശന നിയന്ത്രണം. ഗ്രീൻ സോണിൽ കേരളത്തിൽ കോഴിക്കോട് മാത്രമാണുള്ളത്. കേരളത്തിൽ ആകെ 387 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 218 പേർ രോഗം ഭേദമായി. 167 ആക്ടീവ് കേസുകൾ മാത്രമാണുള്ളത്. രണ്ട് മരണവും സംഭവിച്ചു.

രോഗവ്യാപന സാധ്യതയേറിയ ഹോട്‌സ്‌പോട്ടുകളാണു ചുവപ്പുപട്ടികയിൽ (റെഡ് സോൺ) കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും സ്ഥിതി രൂക്ഷമാകാൻ ഇടയുള്ളതുമായ നോൺ ഹോട്‌സ്‌പോട്ടുകളാണ് ഓറഞ്ച് സോൺ. സുരക്ഷിതമായ ജില്ലകൾ ഗ്രീൻ സോൺ. റെഡ് സോണിൽ 170 ജില്ലകളും ഓറഞ്ച് സോണിൽ 207 ജില്ലകളും ഉണ്ട്. ഇതിൽ വയനാട് റെഡ് സോണിൽ എത്തിയത് കേരളത്തിന് അപ്രതീക്ഷിതമായി മാറി. കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച 25 ജില്ലകളെ ഉൾപ്പെടുത്തി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം തയാറാക്കിയ പട്ടികയിൽ ഇടംനേടിയ ജില്ലകളാണ വയനാടും കോട്ടയവും.

അതുകൊണ്ട് തന്നെ ഇതിനെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോട്ടയവും വയനാടും ഇപ്പോൾ യഥാക്രമം ചുവപ്പ്, ഓറഞ്ച് പട്ടികകളിലാണ് ഉള്ളത്. രാജ്യത്തെയോ സംസ്ഥാനത്തെയോ 80% കേസുകൾക്കും കാരണമായ, ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലകൾ, രോഗികളുടെ എണ്ണം ഇരട്ടിയാകാൻ 4 ദിവസത്തിൽ കുറവ് മാത്രമെടുക്കുന്ന ജില്ലകൾ എന്നിവയാണ് റെഡ് സോണിൽ ഉള്ളത്. ഇവിടെ കർശന നിയന്ത്രണം നടപ്പാക്കും.

രണ്ടാഴ്ചയ്ക്കിടെ പുതുതായി ഒരാൾക്കും രോഗബാധ ഇല്ലെങ്കിൽ ഇവ ഓറഞ്ച് സോണിലേക്ക് മാറും. ഓറഞ്ച് സോണിൽനിന്നു ഗ്രീൻ സോൺ ആകാനും ഇതു തന്നെ മാനദണ്ഡം. 28 ദിവസമായി ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മുഴുവൻ ജില്ലകളെയും മൂന്ന് വിഭാഗമായി തിരിച്ചായിരിക്കും പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഹോട്സ്‌പോട്ടുകൾ, നോൺ ഹോട്സ്‌പോട്ടുകൾ, ഗ്രീൻ സോൺ എന്നിങ്ങനെയാണ് തിരിക്കുന്നത്. 207 ജില്ലകളാണ് ഹോട്സ്‌പോട്ടുകളായി മാറാൻ സാധ്യതയുള്ളത്. ഇവയാണ് നോൺ ഹോട്സ്‌പോട്ട് വിഭാഗത്തിലുള്ളത്. രോഗബാധിതർ കുറവുള്ള ജില്ലകളാണിവ. ഒരാൾക്കുപോലും കോവിഡ് സ്ഥിരീകരിക്കാത്ത ജില്ലകളാണ് ഗ്രീൻ സോണിലുള്ളത്. രാജ്യത്തെ ആറ്് മെട്രോനഗരങ്ങളും(ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്) എന്നിവ ഹോട്‌സ്‌പോട്ടുകളിലുൾപ്പെടുന്നു.

പ്രത്യേക കോവിഡ് ആശുപത്രികൾ സ്ഥാപിക്കുന്നതിലും രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവരെ കണ്ടെത്താനും മുൻഗണന നൽകണമെന്ന് സംസ്ഥാനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് അഗർവാൾ പറഞ്ഞു. ഹോട്സ്‌പോട്ടുകളെ പ്രത്യേകകൂട്ടങ്ങളായി തിരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കും. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമുണ്ടായിട്ടില്ല. ചിലയിടത്ത് പ്രാദേശികവ്യാപനം ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ 11.41 ശതമാനം പേർ സുഖംപ്രാപിച്ചു. അടച്ചിടലിനെതിരേ തൊഴിലാളികളുടെ മുന്നേറ്റമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് പറയുന്നു. തൊഴിലാളികൾക്ക് ആവശ്യവസ്തുക്കൾ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്രം ്അറിയിച്ചു.

രാജ്യത്തുകൊറോണ രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവുമധികം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 218 പേരാണ് ഇവിടെ രോഗം പൂർണമായും ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു. ചില മേഖലകളിൽ 20-ാം തിയതി മുതൽ ഇളവുകൾ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിൽ ഏതൊക്കെ വിധത്തിലാണ് അവ നടപ്പിലാക്കാനാവുകയെന്നത് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാൽ ഇന്ന് ഇളവുകൾ പ്രഖ്യാപിക്കുന്ന കൂട്ടത്തിൽ സംസ്ഥാനങ്ങൾക്കുള്ള കൂടുതൽ സാമ്പത്തിക സഹായത്തിന്റെ മേഖലകളിലേക്ക് കേന്ദ്രസർക്കാർ പോയിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് രോഗ പരിശോധന നടത്തുന്നതിന്റെ എണ്ണം അടിയന്തരമായി വർധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ കൂടുതൽ ക്വാറന്റൈനുകൾ തുടങ്ങുമെന്ന വിവരങ്ങൾ അന്വേഷണത്തിന് മറുപടിയായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. യുഎയിലെ പ്രവാസികൾക്കായി ക്വാറന്റൈൻ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി ദുബായ് ഹെൽത്ത് അഥോറിറ്റി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ പ്രവാസികൾക്ക് ഗുണകരമാകും. ഇക്കാര്യത്തിൽ ദുബായ് ഭരണാധികാരികൾ അഭിനന്ദനീയമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറൽ എന്നിവരുമായി നോർക്ക റൂട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കർണാടക സർക്കാരുമായി ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമാണ്. കണ്ണൂർ സ്വദേശിയാണ് ഇദ്ദേഹം. സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് പരിശോധനാഫലം നെഗറ്റീവായി. കാസർകോട് നാലുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. 387 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 167 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. ഇതിൽ 96,942 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.16,002 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്തുനിന്നു വന്നവരും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്.

114 പേർക്കാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. ആലപ്പുഴ-5, എറണാകുളം-21, ഇടുക്കി-10, കണ്ണൂർ-80, കാസർകോട്-167, കൊല്ലം-9, കോട്ടയം-3, കോഴിക്കോട്-16, മലപ്പുറം-21, പാലക്കാട്-8, പത്തനംതിട്ട-17, തിരുവനന്തപുരം-14, തൃശ്ശൂർ-13, വയനാട്-3 എന്നിങ്ങനൊണ് രോഗം സഥിരീകരിച്ചിട്ടുള്ളത്. രോഗം ഭേദമായി പോകുന്നവരുടെ നിരക്ക് രാജ്യത്തിൽ തന്നെ കേരളത്തിലാണ് കൂടുതലെന്നും ഇതിനോടകം 218 പേർക്ക് രോഗം പൂർണമായും ഭേദമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP