Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും കോവിഡ് വാക്സിനെതിരെ ഭയം വളർത്തുന്നു; ബ്രിട്ടനിൽ വാക്സിൻ വേണ്ടാത്തവരെ നിർബന്ധിക്കരുത് എന്ന പരാതിയിൽ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേർ; അടുത്തയാഴ്‌ച്ച പാർലമെന്റൽ ചർച്ച; മലയാളികൾക്കിടയിലും വാക്സിൻ ഭയം ഉള്ളവരുടെ എണ്ണം പെരുകുന്നു; ആശുപത്രികൾ ആദ്യ ലിസ്റ്റിൽ ഇടം പിടിക്കില്ല

പെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും കോവിഡ് വാക്സിനെതിരെ ഭയം വളർത്തുന്നു; ബ്രിട്ടനിൽ വാക്സിൻ വേണ്ടാത്തവരെ നിർബന്ധിക്കരുത് എന്ന പരാതിയിൽ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേർ; അടുത്തയാഴ്‌ച്ച പാർലമെന്റൽ ചർച്ച; മലയാളികൾക്കിടയിലും വാക്സിൻ ഭയം ഉള്ളവരുടെ എണ്ണം പെരുകുന്നു; ആശുപത്രികൾ ആദ്യ ലിസ്റ്റിൽ ഇടം പിടിക്കില്ല

പ്രത്യേക ലേഖകൻ

ലണ്ടൻ: ഏറെക്കുറെ കുറ്റമറ്റതെന്നു കരുതപ്പെടുന്ന അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്സിൻ ആദ്യം എടുക്കുന്ന രാജ്യമായി മാറുക എന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തിനു അപ്രതീക്ഷിത തിരിച്ചടി. വാക്സിൻ എടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ബ്രിട്ടനിലേക്ക് വരുവാൻ ശ്രമിക്കുമ്പോഴാണ് രാജ്യത്തിനകത്തു വാക്‌സിനെതിരെ ഭയം വളരുന്നത്. പെട്ടെന്നെത്തിയ പ്രഖ്യാപനവും വാക്സിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങളും വാക്സിൻ നിർമ്മാണ കമ്പനികളുടെ അനാവശ്യ തിടുക്കവും എല്ലാം ജനങ്ങളിൽ എതിർപ്പ് ഉയർത്താനും കാരണമായിരിക്കുകയാണ്. കുട്ടികൾക്കും പതിനാറു വയസിൽ താഴെ ഉള്ളവർക്കും വാക്സിൻ വേണ്ടെന്നും ആദ്യ ഘട്ടത്തിൽ കെയർ ഹോമുകളിൽ കഴിയുന്ന വൃദ്ധർക്കാണ് പരിഗണന എന്ന പ്രഖ്യാപനവും വാക്‌സിനോട് മുഖം തിരിക്കാൻ ജനങ്ങൾക്ക് ആവശ്യത്തിൽ അധികം കാരണമാണ്.

കുട്ടികളിൽ വന്ധ്യതാ വളർത്തുമെന്നും വിവിധ രാജ്യങ്ങൾ ജനസംഖ്യ വർധനക്ക് എതിരെ ഉള്ള ഫലപ്രദമായ ആയുധമായി വാക്സിനെ മാറ്റുമെന്നും ഒക്കെയുള്ള പ്രചാരണങ്ങൾ ഇതിനകം ജനങ്ങളിൽ എത്തിക്കഴിഞ്ഞു. പ്രായമായവർക്ക് വാക്സിൻ നൽകിയാൽ പാർശ്വഫലം എതിരായാൽ പോലും അവരെ ഗിനിപ്പന്നികൾ ആക്കാനുള്ള ഭാവമാണോ ബ്രിട്ടീഷ് സർക്കാരിന് എന്നും എതിർ പ്രചാരകർ ചോദിക്കുന്നു. ആരോഗ്യം ഇല്ലാത്ത വൃദ്ധർക്കു ഒരു പായ്ക്ക് യോഗർട്ട് കഴിക്കാൻ കൊടുക്കുന്ന ലാഘവത്തിലാണോ ഈ വാക്സിൻ കുത്തിവയ്ക്കാൻ ഒരുങ്ങുന്നതെന്ന ചോദ്യം ഫലപ്രദമായ ഉത്തരം ഇല്ലാതെ നിൽക്കുകയാണ്. ഇതേതുടർന്ന് ഇന്നലെ മുതൽ കെയർ ഹോമുകളിലും മറ്റും പ്രാദേശിക ജിപികളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങിയെങ്കിലും ജീവനക്കാരിൽ നല്ല പങ്കും വാക്‌സിനോട് മുഖം തിരിക്കുകയാണ്. ഇതിനും പുറമെ വാക്സിൻ എടുക്കാൻ ഉള്ളവരുടെ പട്ടികയിൽ തുടക്കത്തിൽ ആശുപത്രി ജീവനക്കാരെ ഒഴിവാക്കും എന്ന പ്രഖ്യാപനവും അനാവശ്യ സംശയത്തിന് ഇട നൽകുകയാണ്.

വാക്സിൻ എടുക്കുന്ന കാര്യത്തിൽ യുകെ മലയാളികൾക്കിടയിലും ആശങ്ക ഉണ്ടെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കെയർ ഹോമുകളിൽ ജോലി ചെയ്യന്ന മലയാളികളിൽ നല്ല പങ്കിനും വാക്സിൻ അനുമതി ഒപ്പിട്ടു നല്കാൻ ആശങ്കയുണ്ട്. മിക്കവാറും പേരും താരതമെന്യേ പ്രായം കുറഞ്ഞവർ ആണെന്നതും ശരീരത്തിൽ പ്രതിപ്രവർത്തനം നടക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത പ്രതീക്ഷിക്കുന്നതിനാലുമാണ് എതിർപ്പ് കൂടാൻ കാരണം. വാക്സിൻ എടുക്കുന്നത് സ്വമേധയാ ആണെന്നുള്ള സമ്മതി പത്രം നൽകണോ എന്ന കാര്യത്തിലും ഇനിയും വ്യക്തത ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ വാക്സിൻ നൽകുന്നത് ഒന്നോ രണ്ടോ ദിവസം കൂടി വൈകും എന്നാണ് സൂചന. വിതരണ ക്രമത്തിൽ ഉള്ള ചില തടസങ്ങൾ ആണെന്നും സർക്കാർ ഇക്കാര്യത്തിൽ വീണ്ടു വിചാരം നടത്താൻ ഉള്ള സാധ്യത ഇല്ലെന്നുമാണ് മാധ്യമ റിപ്പോർട്ടുകളുടെ പൊതുസൂചന.

വാക്സിൻ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളിൽ നിയന്ത്രിക്കണം എന്ന സർക്കാരിന്റെ ചിന്തകൾക്ക് തുടക്കത്തിലേ ഉണ്ടായിരുന്ന കാർക്കശ്യം ഇപ്പോൾ ഇല്ലെന്നതും പ്രധാനമാണ്. തുടക്കത്തിൽ ഇമ്മ്യൂണിറ്റി പാസ്പോർട്ട, മൊബൈൽ ഫോൺ ആപ് തുടങ്ങിയ നിർദ്ദേശങ്ങൾ ഒക്കെ ഉയർന്നിരുന്നെങ്കിലും അതിന്റെ ഒക്കെ പരിപൂർണത ചോദ്യം ചെയ്യപ്പെട്ടതാണ് വീണ്ടു വിചാരത്തിനു കാരണമായത്. ആന്റി വാക്‌സേർസ് എന്ന നിസഹകരണ ഗ്രൂപ് തന്നെ രൂപപ്പെട്ടിരിക്കുന്നതും പരസ്യ പ്രതിഷേധം ഉയരുന്നതും വരും ദിവസങ്ങളിൽ സർക്കാരിന് തലവേദനയായി മാറും.

അതിനിടെ വാക്സിന് എതിരെ എതിർപ്പ് ഉയർന്നതോടെ ആരെയും നിർബന്ധിക്കരുതെന്നും വാക്സിൻ എടുക്കാത്തതിന്റെ പേരിൽ നിയന്ത്രണങ്ങൾക്കു വിധേയരാക്കരുതെന്നും ആവശ്യപ്പെടുന്ന ഓൺലൈൻ പരാതി വളരെ വേഗത്തിൽ വൈറൽ ആയിരിക്കുകയാണ്. ഇതിനകം രണ്ടേമുക്കാൽ ലക്ഷത്തിൽ അധികം ആളുകൾ ഒപ്പുകൾ നൽകിയതോടെ അടുത്ത ആഴ്ച ഈ പരാതിയിൽ പാർലമെന്റിൽ ചർച്ച നടക്കും. നിലവിലെ സാഹചര്യത്തിൽ പരാതി തള്ളിപ്പോകാനാണ് സാധ്യത.

പക്ഷെ ജനങ്ങളിൽ വലിയ വിഭാഗം ആശങ്കയിൽ ആണെന്നതിനു വ്യക്തമായ ഉദാഹരണമാണ് പരാതിക്കു ലഭിച്ച ജനസമ്മതി. പരാതിയിൽ ഒപ്പിടുന്നവരുടെ എണ്ണം അടിക്കടി കൂടിക്കൊണ്ടിരിക്കുന്നത് സർക്കാരിന് സമ്മർദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വാക്സിൻ എടുക്കാത്തവരെ യാത്രകൾ ചെയ്യാൻ അനുവദിക്കില്ലെന്നും പബുകൾ, റസ്റ്റോറന്റുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തടയും എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓൺലൈൻ പരാതി രൂപപ്പെട്ടത്. ജനങ്ങളുടെ അടിസ്ഥാന അവകാശം നിക്ഷേധിക്കാൻ സർക്കാരിന് അർഹത ഇല്ലെന്നാണ് പരാതിക്കാരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP