Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര സർക്കാർ പണം വാങ്ങിയാലും ഇല്ലെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായി നൽകും; കേന്ദ്രം തന്നെ വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ അതാണ് നല്ലത്; കേരളത്തിന് കൂടുതൽ ഷെയറിന് അർഹതയുണ്ട്; വാക്‌സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കാൻ കേരളം സജ്ജം; കേരളത്തിൽ വാക്‌സിൻ സൗജന്യമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

കേന്ദ്ര സർക്കാർ പണം വാങ്ങിയാലും ഇല്ലെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായി നൽകും; കേന്ദ്രം തന്നെ വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ അതാണ് നല്ലത്; കേരളത്തിന് കൂടുതൽ ഷെയറിന് അർഹതയുണ്ട്; വാക്‌സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കാൻ കേരളം സജ്ജം; കേരളത്തിൽ വാക്‌സിൻ സൗജന്യമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യം കോവിഡ് വാക്‌സിനേഷനിലേക്ക് നീങ്ങുമ്പോൾ എത്രത്തോളം പേർക്ക് വാക്‌സിൻ സൗജന്യമായി ലഭ്യമാകും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആദ്യം ലഭ്യമാക്കുന്ന മൂന്ന് കോടി പേർക്ക് സൗജന്യമായി നൽകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം മറ്റുള്ളവർ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയും ഇതോടെ സംജാതമാകും. ഇതിനിടെ കേരളം എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന നിലപാടാണ് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ഈ നിലപാട് ആവർത്തിച്ചു കൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി.

കോവിഡ് വാക്‌സിന് കേന്ദ്ര സർക്കാർ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തിൽ അത് സൗജന്യമായി തന്നെ നൽകുമെന്നാണ് ശൈലജ ടീച്ചർ വ്യക്തമാക്കിയത്. ഒരു മലയാളം വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ വാക്‌സിൻ സൗജന്യമായി തന്നെ നല്കുകയാണെങ്കിൽ അത് നല്ലതാകുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് വാക്‌സിന്റെ കൂടുതൽ ഷെയറിന് അർഹതയുണ്ടെന്നും കേന്ദ്രം അക്കാര്യം പരിഗണിക്കുമെന്നാണ് താൻ കരുതുന്നതെന്നും ആരോഗ്യമന്ത്രി പറയുന്നു.

വാക്‌സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കുമെന്നും വാക്സിൻ നൽകേണ്ടവരെ സംബന്ധിച്ച മുൻഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐസിഎംആർ ഗൈഡ് ലൈൻ അനുസരിച്ചായിരിക്കും വാക്സിൻ വിതരണം ചെയ്യുകയെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.അതേസമയം, സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഡ്രൈ റൺ നടന്നു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്.

തിരുവനന്തപുരത്ത് പേരൂർക്കട ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് ഡ്രൈ റൺ നടന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്.

അതേസമയം കോവിഡ് വാക്‌സിൻ ആദ്യഘട്ടത്തിൽ സൗജന്യമായിട്ടായിരിക്കും നൽകുകയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചത്. അതേസമയം മറ്റുള്ളവരുടെ കാര്യത്തിൽ പണം കൊടുത്തു വാങ്ങേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്. 30 കോടി പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി മൂന്നു കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേർക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.

ഓക്സഫഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീൽഡിന് അനുമതിക്കായി കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ കോവിഷീൽഡ് നിർമ്മിക്കുന്നത്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്സിനും അനുമതി ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP