Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഇനിയും പൂർത്തിയായില്ല; രണ്ടാം ഡോസ് കിട്ടാനുള്ളത് 1.03 ലക്ഷം പേർക്ക്; കോവിഷീൽഡിന്റെ ഇടവേള വർധിപ്പിച്ചതാണ് കാരണമെന്ന് ആരോഗ്യ വകുപ്പ്; 18 വയസ്സിനു മുകളിലുള്ള പകുതിയിലേറെപ്പേർക്കും ആദ്യ ഡോസ് നൽകി

കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഇനിയും പൂർത്തിയായില്ല; രണ്ടാം ഡോസ് കിട്ടാനുള്ളത് 1.03 ലക്ഷം പേർക്ക്; കോവിഷീൽഡിന്റെ ഇടവേള വർധിപ്പിച്ചതാണ് കാരണമെന്ന് ആരോഗ്യ വകുപ്പ്; 18 വയസ്സിനു മുകളിലുള്ള പകുതിയിലേറെപ്പേർക്കും ആദ്യ ഡോസ് നൽകി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ തുടങ്ങിയ വേളയിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ വാക്‌സിനേഷനിലെ മെല്ലെപ്പോക്ക് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴും സംസ്ഥാനത്ത് ആ മെല്ലപ്പോക്ക് തുടരുകയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷൻ തുടങ്ങി ആറ് മാസം പിന്നിട്ടിട്ടും മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് വാക്‌സിൻ ലഭിച്ചിട്ടില്ല.

വാക്‌സിനേഷൻ തുടങ്ങി 6 മാസം കഴിഞ്ഞിട്ടും ഒരു ലക്ഷത്തിലേറെ ആരോഗ്യപ്രവർത്തകർക്ക് രണ്ടാം ഡോസ് വാക്‌സീൻ ലഭിച്ചില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ രണ്ടു ഡോസും നിർബന്ധമാണെന്നിരിക്കെ ദിവസേനയെന്നോണം 50 മുതൽ 100 ആരോഗ്യപ്രവർത്തകർ വരെ കോവിഡ് ബാധിതരാകുന്നതിന്റെ കാരണങ്ങളിലൊന്ന് രണ്ടാം ഡോസിന്റെ കുറവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടും ഡോസും പൂർത്തിയാക്കാത്തവർക്ക് കോവിഡ് പിടികൂടുന്നത് പതിവായിട്ടുണ്ട്.

പൊലീസ് ഉൾപ്പെടെയുള്ള കോവിഡ് മുൻനിര പ്രവർത്തകരിലും ഏതാണ്ട് ഒരുലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സീൻ ലഭിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ആദ്യ ഡോസ് വാക്‌സീൻ എടുത്ത ആരോഗ്യപ്രവർത്തകരുടെ എണ്ണം 5.45 ലക്ഷം. ഇതുവരെ രണ്ടാം ഡോസ് ലഭിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 4.42 ലക്ഷം. ഇനി ലഭിക്കാനുള്ളവർ 1.03 ലക്ഷം. എറണാകുളത്ത് ഏതാണ്ട് 17,000 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസ് എടുക്കാനുണ്ട്. തിരുവനന്തപുരത്ത് 15,000, മലപ്പുറത്തും കോഴിക്കോട്ടും 10,000 വീതം ആരോഗ്യപ്രവർത്തകർ ബാക്കിയുണ്ട്.

ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം 5.57 ലക്ഷം മുൻനിര പ്രവർത്തകർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ രണ്ടു ഡോസും ലഭിച്ചവർ 4.49 ലക്ഷം പേർ മാത്രം. തിരുവനന്തപുരം ജില്ലയിൽ മാത്രം രണ്ടാം ഡോസ് ലഭിക്കാതെ 17,000 മുൻനിര പ്രവർത്തകരുണ്ട്. കോവിഷീൽഡ് വാക്‌സീൻ ഇടവേള 84 ദിവസമാക്കിയതാണ് രണ്ടാം ഡോസ് വൈകാനുള്ള പ്രധാന കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ശേഷം കോവിഡ് ബാധിക്കുന്നവർക്കും രണ്ടാം ഡോസ് വൈകിയാണു നൽകുന്നത്. ആരോഗ്യ, മുൻനിര പ്രവർത്തകർക്ക് വാക്‌സീൻ വിതരണം അതിവേഗം പൂർത്തിയാക്കണമെന്നും വകുപ്പ് ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള പകുതിയിലധികം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സീൻ നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,66,89,600 പേർക്കാണ് വാക്‌സീൻ നൽകിയത്. അതിൽ 1,20,10,450 പേർക്ക് ആദ്യ ഡോസും 46,79,150 പേർക്ക് രണ്ടും ഡോസും നൽകി. 18 വയസ്സിനു മുകളിലുള്ളവരിൽ 50.04% പേർക്ക് ഒന്നാം ഡോസും 19.5% പേർക്ക് രണ്ടു ഡോസും നൽകിയതായി മന്ത്രി അറിയിച്ചു.

ആകെ ജനസംഖ്യയുടെ 35.95% പേർക്ക് ഒന്നാം ഡോസും 14% പേർക്ക് രണ്ടു ഡോസും നൽകി. 86,70,691 സ്ത്രീകളും 80,16,121 പുരുഷന്മാരുമാണ് വാക്‌സീൻ എടുത്തത്. 1844 പ്രായപരിധിയിലുള്ള 39,84,992 പേർക്കും 4560 പരിധിയിലെ 58,13,498 പേർക്കും 60 വയസ്സിനു മുകളിലുള്ള 68,91,110 പേർക്കും വാക്‌സീൻ നൽകി. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് വാക്‌സീൻ വിതരണത്തിൽ മുന്നിൽ.
സംസ്ഥാനത്തിനാകെ ഇതുവരെ 1,60,87,960 ഡോസ് വാക്‌സീൻ ആണു ലഭിച്ചത്. പാഴാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഉൾപ്പെടുത്തുന്ന അളവു കൂടി ലാഭിച്ചതോടെയാണ് 6 ലക്ഷത്തോളം ഡോസ് അധികം നൽകാൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP