Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

ഇപ്പോൾ വില്ലൻ ഡെൽറ്റ പ്ലസ്; ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദം; ഡെൽറ്റ പ്ലസിനെതിരായ പ്രതിരോധ ശേഷിയിൽ പഠനങ്ങൾ തുടരുന്നു; ആൽഫയെ നേരിടാൻ കോവിഷീൽഡിനും ഡെൽറ്റയെ ചെറുക്കാൻ കോവാക്‌സിനും മിടുക്ക്

ഇപ്പോൾ വില്ലൻ ഡെൽറ്റ പ്ലസ്; ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവിഷീൽഡും കോവാക്‌സിനും ഫലപ്രദം; ഡെൽറ്റ പ്ലസിനെതിരായ പ്രതിരോധ ശേഷിയിൽ പഠനങ്ങൾ തുടരുന്നു;  ആൽഫയെ നേരിടാൻ കോവിഷീൽഡിനും ഡെൽറ്റയെ ചെറുക്കാൻ കോവാക്‌സിനും മിടുക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ തുടരുന്നതിനിടയിലും പുതിയ വൈറസ് വകഭേദങ്ങളെ നേരിടാൻ ഇവ പര്യാപ്തമോ എന്ന് സംശയങ്ങൾ ഉയരുന്നുണ്ട്. ഇതുവരെ 48 കോവിഡ് ബാധിതരിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 20 കേസുകളും മഹാരാഷ്ട്രയിൽ നിന്നുമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ആശങ്ക ഉയർത്തുന്ന ആദ്യത്തെ വൈറസ് വകഭേദം യു.കെയിലാണ് കണ്ടെത്തിയത്. ഇപ്പോൾ ഇത്തരത്തിലുള്ള നാല് വകഭേദങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടന അവയ്ക്ക് പേര് നൽകിയിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ വകഭേദമാണ് ഡെൽറ്റ.

കോവിഷീൽഡും കോവാക്‌സിനും ആൽഫ ബീറ്റ ഗാമ ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡെൽറ്റ പ്ലസ് വകഭേദത്തിന് എതിരായ പ്രതിരോധശേഷി പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.

ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ആൽഫ വകഭേദത്തെ നേരിടുേമ്പാൾ കോവാക്‌സിന്റെ പ്രതിരോധശേഷിക്ക് വലിയ കോട്ടം സംഭവിക്കുന്നില്ലെന്ന് കണ്ടെത്തി. വകഭേദങ്ങളെ നേരിടുന്നതിൽ മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും പ്രതിരോധശേഷി മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്

ആൽഫ വകഭേദത്തെ നേരിടാൻ കോവിഷീൽഡാണ് ഫലപ്രദമെങ്കിൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന് കോവാക്‌സിൻ ആണ് കുറച്ചുകൂടി നല്ലത്. ഇരുവാക്‌സിനുകളുടെയും പ്രതിരോധ ശേഷി ഓരോ വകഭേദങ്ങളുടെ കാര്യത്തിലും മാറിമാറി വരും. എങ്കിലും ഫൈസറും മോഡേണയുമായി താരതമ്യപ്പെടുത്തുമ്പാൾ കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിൽ ഇരു വാക്‌സിനുകളും വളരെ മുന്നിലാണെന്ന്ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ പോലെ ഡെൽറ്റ പ്ലസിനെയും വിശദമായി പഠിച്ചു വരികയാണ്. ഇതിനെതിരെ വാക്‌സിൻ എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച ലബോറട്ടറി പരിശോധനകളും നടന്നു വരുന്നു. 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ നമുക്ക് ഇതിന്റെ ഫലം ലഭിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസിന് സംഭവിക്കുന്ന ജനിതക വ്യതിയാനം സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ അവ വാക്‌സിന്റെ പ്രതിരോധത്തെ മറികടക്കുന്നുണ്ടോ, കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോ, രോഗതീവ്രത കൂടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിലെ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഈ രോഗികളും, ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന എല്ലാവരും നിലവിൽ രോഗമുക്തി നേടിയിട്ടുണ്ട്
നിലവിൽ 12 രാജ്യങ്ങളിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്?. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 55ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP