Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സിൻ വിതരണനയം ഉദാരമാക്കി മോദിസർക്കാർ; മൂന്നാം ഘട്ടത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; സംസ്ഥാന സർക്കാരുകൾ വാക്‌സിൻ വാങ്ങേണ്ടത് നിർമ്മാതാക്കൾ മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക്‌; കേന്ദ്ര ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഡോസുകൾ നൽകുക കേസുകളുടെ എണ്ണം നോക്കി; വാക്‌സിൻ പാഴാക്കിയാൽ ക്വാട്ട കുറയും; വാക്‌സിൻ വിതരണ നയമാറ്റങ്ങൾ ഇങ്ങനെ

കോവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സിൻ വിതരണനയം ഉദാരമാക്കി മോദിസർക്കാർ; മൂന്നാം ഘട്ടത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; സംസ്ഥാന സർക്കാരുകൾ വാക്‌സിൻ വാങ്ങേണ്ടത് നിർമ്മാതാക്കൾ മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക്‌;  കേന്ദ്ര ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഡോസുകൾ നൽകുക കേസുകളുടെ എണ്ണം നോക്കി; വാക്‌സിൻ പാഴാക്കിയാൽ ക്വാട്ട കുറയും;  വാക്‌സിൻ വിതരണ നയമാറ്റങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറാണ വൈറസ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, വാക്‌സിൻ വിതരണ നയം കേന്ദ്ര സർക്കാർ കൂടുതൽ ഉദാരവത്കരിച്ചു. മെയ് ഒന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകണമെന്നത് കൂടാതെ നിരവധി തീരുമാനങ്ങൾ പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതലയോഗത്തിൽ എടുത്തു. വാക്‌സിനേഷന്റെ വേഗം കൂട്ടുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

തീരുമാനങ്ങൾ ഇങ്ങനെ:

*സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാം

*മാസന്തോറും വാക്‌സിൻ നിർമ്മാതാക്കൾ അവരുടെ 50 ശതമാനം വാക്‌സിൻ ഡോസുകൾ കേന്ദ്രസർക്കാരിന് നൽകണം

* 50 ശതമാനം വാക്‌സിൻ പൊതുവിപണിയിൽ നിർമ്മാതാക്കൾക്ക് വിതരണം ചെയ്യാം

* രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ വാക്‌സിനുകൾക്കും 50: 50 മാനദണ്ഡം ബാധകമാണ്

* എന്നാൽ ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകൾക്ക് 50: 50 അനുപാതം ബാധമല്ല. സംസ്ഥാനങ്ങൾക്കോ, സ്വകാര്യ സ്ഥാപനങ്ങൾക്കോ ഡോസുകൾ നേരിട്ട് വിൽക്കാം

* സർക്കാർ കേന്ദ്രങ്ങളിലെ വാക്‌സിനേഷൻ സൗജന്യമായി തുടരും

*ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 45 വയസിന് മേലേയുള്ളവർക്കെല്ലാം സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്‌സിനേഷൻ തുടരും

*സെക്കൻഡ് ഡോസ് വാക്‌സിനേഷന് മൂന്നാം ഘട്ടത്തിൽ മുൻഗണന നൽകണം

* സർക്കാർ തലത്തിലും അല്ലാതെയും ഉള്ള എല്ലാ വാക്‌സിനേഷനും ദേശീയ പ്രതിരോധ വാക്‌സിൻ യജ്ഞത്തിന്റെ ഭാഗമായിരിക്കും

* സ്‌റ്റോക്കും ഓരോ ഡോസിന്റെയും വിലയും കൃത്യസമയത്ത് അറിയിക്കണം

* വാക്‌സിൻ വിലയെ കുറിച്ച് നിർമ്മാതാക്കൾ മുൻകൂട്ടി അറിയിക്കണം

* മെയ് ഒന്നിന് മുമ്പ് സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും ലഭ്യമാകുന്ന 50 ശതമാനം വാക്‌സിന്റെ വില നിർമ്മാതാക്കൾ പ്രഖ്യാപിക്കണം

* മുൻകൂട്ടി പ്രഖ്യാപിച്ച വിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളും, സ്വകാര്യ ആശുപത്രികളും, വ്യവസായ സ്ഥാപനങ്ങളും നിർമ്മാതാക്കളിൽ നിന്ന് വാക്‌സിൻ വാങ്ങണം

*സർക്കാരിതര ചാനലുകൾക്കായി നീക്കി വച്ചിരിക്കുന്ന 50 ശതമാനത്തിൽ നിന്നാവണം സ്വകാര്യ ആശുപത്രികൾ വാക്‌സിൻ സംഭരിക്കേണ്ടത്.

* സംസ്ഥാനങ്ങൾക്ക് തുടർന്നും കേന്ദ്രം വാക്‌സിൻ അലോട്ട് ചെയ്യും

* കേന്ദ്രസർക്കാരിന്റെ പങ്കിൽ നിന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ അലോട്ട് ചെയ്യും. ഇത് അതാത് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണത്തെയും, വാക്‌സിൻ വിതരണ വേഗതയെയും ആശ്രയിച്ചിരിക്കും.

* വാക്‌സിൻ പാഴാക്കുന്നതും ക്വാട്ടയെ ബാധിക്കും

കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധമാണ് വാക്സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് വ്യാപനം സംബന്ധിച്ചും വാക്സിനേഷൻ പുരോഗതിയെ കുറിച്ചുമായി രാജ്യത്തുടനീളമുള്ള ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൊറോണ വൈറസ് മഹാമാരി സമയത്ത് രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത സേവനത്തിന് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരേയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

പ്രതിദിന കേസുകളുടെ എണ്ണം 2.73 ലക്ഷമായി ഉയർന്നതോടെയാണ് 18 ന് വയസിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയത്.. കേസുകളുടെ പ്രതിദിന വർദ്ധനയിൽ ഇത് റെക്കോഡാണ്. കോവിഡ് മുന്നണി പോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കുമാണ് നിലവിൽ രാജ്യത്ത് വാക്സിൻ നൽകി കൊണ്ടിരിക്കുന്നത്.ഒരുവർഷമായി പരമാവധി ഇന്ത്യാക്കാർക്ക് വാക്‌സിൻ ഡോസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നൽകാൻ സർക്കാർ കഠിന പ്രയത്‌നം നടത്തിവരികയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ നിർബന്ധമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഉദ്പാദനം വർധിപ്പിക്കണമെന്ന് വിവിധ മന്ത്രായലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജൻ ഇറക്കുമതി ഉൾപ്പെടെയുള്ള നടപടികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രട്ടറി ചർച്ച നടത്തി.

മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 68,631, ഡൽഹിയിൽ 25,462, കർണാടകയിൽ 19,067 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. പ്രതിസന്ധി തരണം ചെയ്യുന്നതിന് കർഫ്യു ഉൾപ്പെടെയുള്ള നടപടികൾ വിവിധ സർക്കാരുകൾ നാടപ്പാക്കിത്തുടങ്ങി. ഡൽഹിയിൽ ഒരാഴ്ചത്തെ കർഫ്യു ഇന്ന് രാത്രി ആരംഭിക്കും. നേരത്തെ, ഡൽഹിയിൽ വാരാന്ത്യ കർഫ്യു നടപ്പാക്കിയിരുന്നു. മഹാരാഷ്ട്രയിൽ മെയ് ഒന്ന് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വാക്‌സിൻ നിർമ്മാണം വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് 4500 കോടി

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്‌സിൻ നിർമ്മാണം വർധിപ്പിക്കാൻ വാക്‌സിൻ കമ്പനികൾക്ക് തുക കേന്ദ്ര സർക്കാർ അനുവദിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് 4500 കോടി അനുവദിക്കാൻ ധനമന്ത്രാലയം അനുമതി നൽകി.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയുമാണ് സപ്ലെ ക്രെഡിറ്റ് എന്ന നിലയിൽ അനുവദിക്കുകയെന്നും ഇത് എത്രയും വേഗം കൈമാറുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിമാസ കോവിഡ് വാക്‌സിൻ ഉത്പാദനം 100 മില്യൻ ഡോസിൽനിന്ന് വർധിപ്പിക്കാൻ മൂവായിരം കോടിരൂപ അനുവദിക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ. അദാർ പൂനാവാല കഴിഞ്ഞ ദിവസം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP