Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് കോവിഡ് മരണസംഖ്യ ഏഴ് ലക്ഷം കടന്നു; ഇന്ന് 3,046 രോ​ഗികൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 7,00,132 ആയി; 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിച്ചത് 1,17,268 പേർക്ക്; ഇന്ത്യയിൽ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും രോ​ഗബാധ; ഓക്‌സ്ഫോഡ് വാക്‌സിൻ പരീക്ഷണം ഒരാഴ്‌ച്ചക്കുള്ളിൽ ഇന്ത്യയിൽ ആരംഭിക്കുമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ലോകത്ത് കോവിഡ് മരണസംഖ്യ ഏഴ് ലക്ഷം കടന്നു; ഇന്ന് 3,046 രോ​ഗികൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 7,00,132 ആയി; 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിച്ചത് 1,17,268 പേർക്ക്; ഇന്ത്യയിൽ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും രോ​ഗബാധ; ഓക്‌സ്ഫോഡ് വാക്‌സിൻ പരീക്ഷണം ഒരാഴ്‌ച്ചക്കുള്ളിൽ ഇന്ത്യയിൽ ആരംഭിക്കുമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണസംഖ്യ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,046 രോ​ഗികൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 7,00,132 ആയി. ഇന്ന് വിവിധ രാജ്യങ്ങളിലായി 1,17,268 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതർ 1,85,52,741 ആയി. 48,77,448 കോവിഡ് കേസുകളും 1,59,408 മരണങ്ങളുമായി അമേരിക്ക തന്നെയാണ് കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്. 27,59,436 കോവിഡ് ബാധിതരും 95,078 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ്. അന്ന് 46,003 പേർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചതോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 19,01,334 ആയി. 24 മണിക്കൂറിനിടെ 816 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 39,787 ആയി.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് പടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര പെട്രോളിയം, സ്റ്റീൽ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ധർമേന്ദ്ര പ്രധാന്റെ ജീവനക്കാരിലൊരാൾക്ക് നേരത്തേ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ കോവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ ഇന്ന് 7,760 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,57,956 ആയി. 24 മണിക്കൂറിനിടെ 300 പേർ മരിച്ചതോടെ ആകെ മരണം 16,142 ആയി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 108 പേർ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത് 6,501 പേരാണ്.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,68,285 ആയി ഉയർന്നു. ഇതിൽ 2,08,784 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശത്തുനിന്നെത്തിയ രണ്ട് പേർക്കും കേരളിത്തിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയ 8 പേർക്കും മറ്റിടങ്ങളിൽ നിന്നെത്തിയ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസറ്റീവ് ആയവരിൽ3,041 പേർ പുരുഷന്മാരും 2,022 പേർ സ്ത്രീകളുമാണ്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,349 ആയി.

അതിനിടെ, രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 674 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10,000ത്തിൽ താഴെ എത്തുകയും ചെയ്തിട്ടുണ്ട്. 9,897 ആണ് നിലവിൽ ആക്ടീവ് കേസുകൾ. ഇതിൽതന്നെ 5,000ത്തിൽ അധികം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 12 മരണങ്ങൾ ഇന്ന് റിപ്പോർട്ടു ചെയ്തു. 674 പേർക്കുകൂടി ഇന്ന് കോവിഡ് ബാധിച്ചതോടെ ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,156 ആയി. 12 മരണങ്ങൾ ഇന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 4033 ആയി. 972 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തർ 1,25,226 ആയി.

കർണാടകത്തിൽ ഒരു എംഎൽഎക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഷിമോഗ ബിജെപി എംഎൽഎ ഹാരതലു ഹാലപ്പയ്ക്കാണ് രോഗം സ്ഥിരീകരിച്ചത് . എംഎൽഎയുടെ ഭാര്യക്കും രണ്ട് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ച എംഎൽഎമാരുടെ എണ്ണം 11 ആയി.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിപ്പേരും 60നും 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 37 ശതമാനം മരണം 45 വയസ്സിനും അറുപതു വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മളനത്തിൽ പറഞ്ഞു. നിലവിൽ 5,86,298 പേരാണ് വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇതിന്റെ ഇരട്ടിയിലധികം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡ് മുക്തി നേടിയവരുടെ എണ്ണം 12 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവിൽ മൂന്ന് വാക്‌സിൻ പരീക്ഷണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇവ വ്യത്യസ്ത ഘട്ടങ്ങളിലാണ്. ഭാരതി ബയോടെക്കിന്റെയും സൈഡസ് കാഡില്ലയുടെയും വാക്‌സിൻ പരീക്ഷണങ്ങൾ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി. ഈ രണ്ടു കമ്പനികൾ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ മാധ്യമങ്ങളോട് പറഞ്ഞു. ഓക്‌സ്ഫോഡ് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ രണ്ടും മൂന്നും ഘട്ട വാക്‌സിൻ പരീക്ഷണത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ 17 സംസ്ഥാനങ്ങളിലായി കമ്പനി വാക്‌സിൻ പരീക്ഷണം ആരംഭിക്കുമെന്നും ബൽറാം ഭാർഗവ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP