Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ചെറുപ്പത്തിലെ കുടുംബം പുലർത്താൻ ജോലി തേടി ആദ്യം വിദേശത്ത് പോയപ്പോൾ കിട്ടിയത് സലാലയിലെ ഡ്രൈവർ ജോലി; ദുബായിൽ ചില്ലറ ബിസിനസ് നടത്തിവരുന്നതിനിടെ മറൈൻ ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയതോടെ പച്ചപിടിച്ചു; വിവാഹം കഴിച്ചത് അഞ്ച്‌സഹോദരിമാരെ സുരക്ഷിതമായി പറഞ്ഞയച്ച ശേഷം; രണ്ടുമക്കളെ കൂടി ദുബായിലെത്തി കരകയറ്റുന്നതിനിടെ അവിചാരിതമായി ഹൃദ്രോഗം; മാർച്ച് 16 ന് നാട്ടിലേക്ക് മടങ്ങുമ്പോൾ കടുത്ത ന്യൂമോണിയ; കോവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ ജീവിത കഥ

ചെറുപ്പത്തിലെ കുടുംബം പുലർത്താൻ ജോലി തേടി ആദ്യം വിദേശത്ത് പോയപ്പോൾ കിട്ടിയത് സലാലയിലെ ഡ്രൈവർ ജോലി; ദുബായിൽ ചില്ലറ ബിസിനസ് നടത്തിവരുന്നതിനിടെ മറൈൻ ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയതോടെ പച്ചപിടിച്ചു; വിവാഹം കഴിച്ചത് അഞ്ച്‌സഹോദരിമാരെ സുരക്ഷിതമായി പറഞ്ഞയച്ച ശേഷം; രണ്ടുമക്കളെ കൂടി ദുബായിലെത്തി കരകയറ്റുന്നതിനിടെ അവിചാരിതമായി ഹൃദ്രോഗം; മാർച്ച് 16 ന് നാട്ടിലേക്ക് മടങ്ങുമ്പോൾ കടുത്ത ന്യൂമോണിയ; കോവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ ജീവിത കഥ

ആർ പീയൂഷ്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ദുബായിൽ മറൈൻ ഉപകരണങ്ങളുടെ ബിസിനസ്സായിരുന്നു. കച്ചി മേമൻ വിഭാഗത്തിൽ പെട്ട സേട്ട് യാക്കൂബ് ഹുസൈൻ ചെറുപ്പകാലത്ത് ഏറെ ദുരിതം അനുഭവിച്ചയാളായിരുന്നു. പിതാവിന്റെ മരണത്തോട് കൂടി ഏറെ ബുദ്ധിമുട്ടിലായ കുടുംബം പുലർത്താൻ വേണ്ടി സലാലയിൽ ഡ്രൈവർ ജോലിക്കായാണ് ആദ്യമായി വിദേശത്തേക്ക് പോയത്. ഏറെ നാളത്തെ കഷ്ടപ്പെടലിന്റെ ഫലമായി അഞ്ച് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു. അതിന് ശേഷമായിരുന്നു വിവാഹം കഴിച്ചത്.

പിന്നീട് ദുബായിൽ ചില ബിസിനസൊക്കെ നടത്തി വരുന്നതിനിടയിലാണ് മറൈൻ ഉപകരണങ്ങളുടെ വിൽപ്പന തുടങ്ങിയാലോ എന്ന് തീരുമാനിച്ചത്. അങ്ങനെ തുടങ്ങിയ ബിസിനസ് വളരെ വേഗം പച്ചപിടിച്ചു. നാൽപതു വർഷത്തെ പ്രയത്നത്തിന്റെ ഫലമായി ഇന്ന് വലിയ തരക്കേടില്ലാത്ത ഒരു ബിസിനസ് സ്ഥാപനമായി അത് വളർന്നു വന്നു. തന്റെ രണ്ട് മക്കളെ കൂടി അവിടേക്ക് കൊണ്ടു പോയി. ഇതിനിടയിലാണ് ഹൃദയ സംബന്ധമായ രോഗം യാക്കൂബിനെ ബാധിച്ചത്. തുടർന്ന് നാട്ടിലെത്തി ലൂർദ് ഹോസ്പിറ്റലിൽ ചികിത്സ നടത്തുകയും പിന്നീട് ഹൃദയ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

ശസ്ത്രക്രിയക്ക് ശേഷം ദുബായിലെ ബിസിനസ് നോക്കി നടത്താൻ ആളുകളെ ഏൽപ്പിച്ച് പതുക്കെ നാട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നു. എങ്കിലും മൂന്ന് മാസം കൂടുമ്പോൾ ദുബായിൽ പോയി വന്നു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ പോയി വന്നതായിരുന്നു മാർച്ച് 16 ന്. അന്ന് കടുത്ത ന്യുമോണിയ ഉണ്ടായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. അവിടെ നിന്നും വീട്ടിൽ പോയി ഐസലേഷനിൽ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചത്.

സംസ്‌കാര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ കർശന വ്യവസ്ഥകൾ പാലിച്ചാണ് നടന്നത്. സംസ്‌കാരം പ്രോട്ടോക്കോൾ പ്രകാരം മട്ടാഞ്ചേരി കച്ഛി ഹനഫി മസ്ജിദിൽ 3.45 ന് നടത്തി. അടുത്ത ബന്ധുക്കളായ 5 പേരടക്കം 10 പേർ മാത്രമായിരുന്നു പങ്കെടുത്തത്. മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ സമ്മതിച്ചില്ല. പത്തടി താഴ്ചയിലാണ് കുഴിയെടുത്തത്. തഹസിൽദാരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം. ഭാര്യയും മക്കളും ഐസൊലേഷനിലായതു കൊണ്ട് ആശുപത്രിയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴിയാണ് മൃതദേഹം കാണിച്ചത്.

ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി ചികിത്സയിലാണ്. ദുബായിൽ നിന്നു സേട്ട് മടങ്ങിയെത്തിയ വിമാനത്തിലെ 49 യാത്രക്കാരും നിരീക്ഷണത്തിലാണ്. മട്ടാഞ്ചേരി ചുള്ളിക്കൽ കുമാർ പെട്രോൾ പമ്പിനു സമീപമുള്ള പി.സി. അഗസ്റ്റിൻ റോഡിലെ ഫ്ലാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പത്ത് കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ 42 പേരാണ് താമസിക്കുന്നത്. ഇദ്ദേഹം ചികിത്സയിൽ ആയതോടെ ഇവരെല്ലാം നിരീക്ഷണത്തിൽ കഴിയുകയാണ്. ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിലായിരുന്നു ഇദ്ദേഹവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ഇവരുടെ മകളും കുടുംബവും താമസിക്കുന്നുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. മകൾ പിതാവിനെ സന്ദർശിച്ചതിനെ തുടർന്നാണ് സമ്പർക്ക വിലക്കിലായത്. ഇവരുടെ വീട്ടിൽ ജോലിക്കു വന്ന സ്ത്രീയും സമ്പർക്ക വിലക്കിലാണ്.

ഇവർ ആശുപത്രിയിലായ വിവരം അറിഞ്ഞ ശേഷം സമീപവാസികളായ ആരും ഈ പ്രദേശത്തേയ്ക്ക് പോകാറില്ല. എന്നാൽ ഫ്ലാറ്റിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. താഴെ ഭക്ഷണം വച്ച ശേഷം ഫോണിൽ വിളിച്ചറിയിക്കുകയാണ് പതിവ്. ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയതിന്റെ തൊട്ടു പിന്നാലെ തന്നെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫയർഫോഴ്സും താലൂക്ക് അധികൃതരും ചേർന്ന് ഫ്ലാറ്റും പരിസര പ്രദേശങ്ങളും വഴിയും അണുവിമുക്തമാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. രാവിലെ തുടങ്ങിയ പണി രാത്രി എട്ടുമണിയോടെയാണ് പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP