Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം: എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ; രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് വരെ നിയന്ത്രണം; സ്‌കൂളുകൾ മെയ് 15വരെ അടച്ചു; പരീക്ഷകൾ നീട്ടിവച്ചു; ഗുജറാത്തിൽനിന്ന് 25,000 കുപ്പി റെംഡിസിവിർ എത്തിക്കും

ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം: എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ; രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് വരെ നിയന്ത്രണം; സ്‌കൂളുകൾ മെയ് 15വരെ അടച്ചു; പരീക്ഷകൾ നീട്ടിവച്ചു; ഗുജറാത്തിൽനിന്ന് 25,000 കുപ്പി റെംഡിസിവിർ എത്തിക്കും

ന്യൂസ് ഡെസ്‌ക്‌

ലക്നൗ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ എട്ട് ജില്ലകളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത്.

രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം. ലക്നൗ, അലഹബാദ്, വാരാണസി, കാൻപൂർ, ഗൗതംബുദ്ധ്നഗർ, ഗസ്സിയാബാദ്, മീററ്റ്, ഗൊരഖ്പൂർ എന്നീ ജില്ലകളിലാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയത്.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മെയ് 15വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടിവച്ചതായും സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.

ബോർഡ് പരീക്ഷകളുടെ പുതിക്കിയ തീയതി മെയ് ആദ്യ ആഴ്ച തീരുമാനിക്കും. പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂളുകൾ മെയ് 15വരെ അടച്ചിട്ടിരിക്കുകയാണ്. ഈകാലയളവിൽ പരീക്ഷകളൊന്നും നടക്കില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷ മെയ് 20വരെ നീട്ടിവച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം.

ഉത്തർപ്രദേശിൽ ബോർഡ് പരീക്ഷകൾ മെയ് എട്ടിന് ആരംഭിക്കാനിരുന്നതായിരുന്നു. ഇന്നലെ സംസ്ഥാനത്ത് 20,000ത്തിലധികമാണ് രോഗികൾ.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആന്റി വൈറൽ മരുന്നായ റെംഡിസിവിറിന്റെ ക്ഷാമം പരിഹരിക്കാൻ ഗുജറാത്തിൽനിന്ന് 25,000 വയൽ (കുപ്പി) റെംഡിസിവിർ ഇൻജക്ഷൻ എത്തിക്കാനുള്ള നീക്കം യുപി സർക്കാർ തുടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകിയതോടെ മരുന്ന് എത്തിക്കാൻ അഹമ്മദാബാദിലേക്കു പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്നു വൈകിട്ടോടെ സംസ്ഥാനത്ത് ആവശ്യത്തിനു മരുന്നെത്തിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

റെംഡിസിവിറിനു പുറമേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഐവർമെക്ടിൻ, പാരസെറ്റാമോൾ, ഡോക്‌സിസൈക്ലിൻ, അസിത്രോമൈസിൻ, വൈറ്റമിൻ സി, സിങ്ക് അടങ്ങിയ ഗുളികകൾ, വൈറ്റമിൻ ബി കോപ്ലക്‌സ്, വൈറ്റമിൻ ഡി ത്രി തുടങ്ങിയ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തുമെന്ന് അധികൃതർ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികൾക്കായി ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നതാണ് ഈ മരുന്നുകൾ. റെംഡിസിവിർ ഉൾപ്പെടെ, കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ ലഭ്യമാകാത്ത സാഹചര്യം സംസ്ഥാനത്തെ ഒരു ജില്ലയിലും ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകി.

റെംഡിസിവിർ നിർമ്മിക്കാൻ യുഎസ് കമ്പനിയായ ഗലിയഡ് സയൻസസുമായി ഇന്ത്യയിലെ പല കമ്പനികളും താൽക്കാലിക കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂടി 38.80 ലക്ഷം യൂണിറ്റ് മരുന്നാണ് ഒരു മാസം നിർമ്മിക്കുന്നത്. കോവിഡ് വ്യാപനം അതിശക്തമായതോടെ പ്രതിമാസ ഉൽപാദനം 78 ലക്ഷം യൂണിറ്റ് ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. മരുന്നുകളുടെ വില കുറയ്ക്കാനും കമ്പനികൾ തയാറായിട്ടുണ്ട്.

കോവിഡ് രോഗികളിൽ അനിയന്ത്രിതമായ റെംഡിസിവിർ ഉപയോഗം ആരോഗ്യമന്ത്രാലയം വിലക്കിയിട്ടുണ്ട്. കോവിഡ് രോഗികളിൽ ഇപ്പോഴും ഇതു പരീക്ഷണ മരുന്നാണ്. ആശുപത്രികളിൽ വച്ചേ രോഗികൾക്കു നൽകാവൂ. മെഡിക്കൽ ഷോപ്പുകൾ മരുന്നു നൽകരുത്. വീടുകളിൽ തുടരുന്ന കോവിഡ് ബാധിതർക്കും ലക്ഷണമില്ലാത്ത രോഗികൾക്കും നൽകരുത്. ആശുപത്രിയിൽ ഓക്‌സിജൻ സഹായത്തോടെ ചികിത്സയിൽ തുടരുന്നവർക്കു മാത്രമാണ് റെംഡെസിവർ നൽകേണ്ടതെന്നു ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP