Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ജനറൽ വാർഡിൽ 2300 രൂപ; എച്ച്ഡിയു 3300 രൂപയും ഐസിയൂവിന് 6500 രൂപയും, ഐസിയൂ വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ നൽകേണ്ടത്11,500 രൂപ; പിപിഇ കിറ്റിനുള്ള ചാർജും ഇതിന് പുറമേ നൽകേണ്ടിവരും; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാർഗനിർദ്ദേശങ്ങളും പുറത്തിറക്കി സംസ്ഥാന സർക്കാർ; കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

ജനറൽ വാർഡിൽ 2300 രൂപ; എച്ച്ഡിയു 3300 രൂപയും ഐസിയൂവിന് 6500 രൂപയും, ഐസിയൂ വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ നൽകേണ്ടത്11,500 രൂപ; പിപിഇ കിറ്റിനുള്ള ചാർജും ഇതിന് പുറമേ നൽകേണ്ടിവരും; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാർഗനിർദ്ദേശങ്ങളും പുറത്തിറക്കി സംസ്ഥാന സർക്കാർ; കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാർഗനിർദ്ദേശങ്ങളും പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) പുറത്തിറക്കിയ ഇതിനായുള്ള മാർഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ അംഗങ്ങളാക്കി വരുന്നു. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളെ കൂടാതെ സർക്കാർ സംവിധാനത്തിൽ നിന്നും ചികിത്സക്കായി റെഫർ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാർഗ നിർദ്ദേശങ്ങളുമാണ് പുറത്തിറക്കിയത്.

സർക്കാർ സ്വകാര്യ ആരോഗ്യ മേഖല ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെ നേരിടുന്നതാണ്. കോവിഡ് ഉൾപ്പെടെയുള്ള ഏതൊരു ആരോഗ്യ പ്രശ്‌നങ്ങൾക്കും രോഗിയുടെ ഇഷ്ടപ്രകാരം സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്. നേരത്തെ തന്നെ 28 സർക്കാർ ആശുപത്രികൾ കോവിഡ് സ്ഥിരീകരിച്ചവരുടെ ചികിത്സയ്ക്ക് മാത്രം സജ്ജമാക്കിയിരുന്നു. കൂടാതെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ട്രയാജ് സംവിധാനവും ആവശ്യാനുസരണം അർഹരായവർക്ക് സ്രവം ശേഖരിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളെ അഡ്‌മിറ്റ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യ മേഖലയിലെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായുള്ള പരിശീലനങ്ങളും സർക്കാർ, സ്വകാര്യ മേഖലയിൽ എല്ലാ ജില്ലകളിലും പൂർത്തിയായി. ചികിത്സാ പ്രോട്ടോകോൾ ഉൾപ്പെടെയുള്ള മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ജനറൽ വാർഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണ്.
ആർടിപിസിആർ ഓപ്പൺ 2750 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേർട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വൺ) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ തുടങ്ങിയ സർക്കാർ നിരക്കിൽ വിവിധ കോവിഡ് പരിശോധനകൾ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/ സ്വകാര്യ ലാബുകളിൽ ചെയ്യാവുന്നതാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂർണമായും സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി വഹിക്കുന്നതാണ്. പദ്ധതിയിൽ ഉൾപ്പെടാത്ത സർക്കാർ സംവിധാനം റഫർ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവ് കേരള സർക്കാരും വഹിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെയും കോവിഡ് മരണങ്ങളുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാർഗനിർദ്ദേശങ്ങളും പുറത്തിറക്കിയിരിക്കുന്നത്. രോ​ഗ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് കുമളി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 17 നാണ് ഇദ്ദേഹം അവസാനമായി ഡ്യൂട്ടിയിൽ എത്തിയത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടക്കം നിരീക്ഷണത്തിൽ പോകേണ്ടിവരും.

പാലിയേറ്റീവ് വിഭാഗത്തിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദേവികുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അടച്ചു. കൂടുതൽ ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ടി വരും. ആശുപത്രി അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇടുക്കി തങ്കമണിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടിക വിപുലമായതിനാൽ തങ്കമണി ടൗൺ പൂർണമായും അടച്ചു.

അതേ സമയം പാലക്കാട് കഞ്ചിക്കോട് കീം ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ധ്യാപിക ഈ മാസം 14 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് പോയിരുന്നെങ്കിലും നിരീക്ഷണത്തിൽ പോയിരുന്നില്ല. 14 തമിഴ്‌നാട്ടിൽ പോയ ഇവർ
16ന് ആണ് പരീക്ഷാ ഡ്യൂട്ടി എടുത്തത്. ജില്ലാ ആരോഗ്യവകുപ്പിനെ യാത്രാവിവരം അറിയിച്ചിരുന്നുവെന്ന് അദ്ധ്യാപികയുടെ മകൾ പറയുന്നു. എന്നാൽ യാത്രാവിവരം അറിയില്ലായിരുന്നുവെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP