Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202227Thursday

5000 അദ്ധ്യാപകർ ഇനിയും വാക്‌സിൻ എടുത്തില്ല; ആരോഗ്യപരമായ കാരണങ്ങളാൽ കുത്തി വയ്‌പ്പ് എടുക്കാത്തവരെ വെറുതെ വിടും; ബാക്കിയുള്ളവർക്ക് എതിരെ നടപടി; ആദ്യ പടിയായി വിവര ശേഖരണം; വാക്‌സിൻ എടുക്കാത്ത ആരും സ്‌കൂളിൽ വരേണ്ടതില്ലെന്ന് മന്ത്രി ശിവൻകുട്ടി; നിലപാട് കടുപ്പിച്ച് സർക്കാർ

5000 അദ്ധ്യാപകർ ഇനിയും വാക്‌സിൻ എടുത്തില്ല; ആരോഗ്യപരമായ കാരണങ്ങളാൽ കുത്തി വയ്‌പ്പ് എടുക്കാത്തവരെ വെറുതെ വിടും; ബാക്കിയുള്ളവർക്ക് എതിരെ നടപടി; ആദ്യ പടിയായി വിവര ശേഖരണം; വാക്‌സിൻ എടുക്കാത്ത ആരും സ്‌കൂളിൽ വരേണ്ടതില്ലെന്ന് മന്ത്രി ശിവൻകുട്ടി; നിലപാട് കടുപ്പിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സീനെടുക്കാത്ത അദ്ധ്യാപകർക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ്. ഇവരെ സർവ്വീസിൽ നിന്ന് നീക്കുന്നത് പോലും സർക്കാർ ആലോചനയിലുണ്ട്. സർക്കാർ-എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർ എല്ലാം ഉടൻ തന്നെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സർക്കാരിന് നൽകേണ്ടി വരും. അല്ലാത്തവർക്ക് എതിരെയാകും നടപടി. എന്നാൽ സ്വകാര്യ മേഖലയിൽ എന്തു ചെയ്യുമെന്ന ആശങ്കയും ശക്തമാണ്.

വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തു വന്നിരുന്നു. സംസ്ഥാനത്ത് അയ്യായിരത്തോളം അദ്ധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചില അദ്ധ്യാപകർ വാക്‌സിനെടുക്കാതെ സ്‌കൂളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ ന്യായീകരിക്കാനാകില്ല. വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. അദ്ധ്യാപകരുടെ ഈ നടപടി സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരെ സ്‌കൂളുകളിലേക്ക് വരാൻ മാനേജ്‌മെന്റുകൾ നിർബന്ധിക്കുന്നുവെന്നും മന്ത്രി പറയുന്നു.

വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. ഈ സാഹചര്യത്തിലാണ് കണക്കെടുപ്പ്. നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അദ്ധ്യാപകരും 327 അനധ്യപകരും വാക്‌സീനെടുത്തിട്ടില്ല. എന്നാൽ കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ, 5000ഓളം അദ്ധ്യാപകർ വാക്‌സിനെടുക്കാത്തതായി ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് ഇന്ന് വീണ്ടും ശരിവയ്ക്കുകയും ചെയ്തു.

എത്രപേർ അലർജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാൽ, മതപരമായകാരണങ്ങൾ എന്നിങ്ങനെ വേർതിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നൽകുന്നില്ല. സ്‌കൂൾ തുറന്ന സമയത്ത് ഡിഡിഇമാർ നൽകിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അദ്ധ്യാപകരോട് സ്‌കൂളിൽ വരേണ്ടെന്ന നിർദ്ദേശവും നൽകിയരുന്നു. പിന്നീട് ഈ അദ്ധ്യാപകർ സ്‌കൂളുകളിൽ എത്തി തുടങ്ങി. ഒമിക്രോൺ വൈറസിന്റെ ഭീതിയിൽ കൂടുതൽ ജാഗ്രത അനിവാര്യമാണ്. അതുകൊണ്ടാണ് കണക്കെടുപ്പ്.

ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്തവർക്കെതിരെ വലിയ നടപടിയുണ്ടാകില്ല. എന്നാൽ മറ്റ് കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്തത് ഗൗരവമുള്ള കുറ്റമായി കാണും. ഇതിനെ അങ്ങനെ നേരിടാനാണ് തീരുമാനം. വാക്‌സിൻ എടുക്കാത്ത സ്‌കൂളിൽ വരാത്ത അദ്ധ്യാപകർക്ക് ഈ കാലയളവിൽ ശമ്പളം സർക്കാർ നൽകില്ല. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്കായി മാത്രമാണ് ഈ അദ്ധ്യാപകരെ ഉപയോഗിക്കുന്നത്. കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.

ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാൽ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാൽ മതപരമായ കാരണങ്ങളാൽ വാക്‌സീനെടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ വാക്‌സീൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്‌കൂളിൽ വരാൻ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP