Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

600 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്കും പോസിറ്റീവ്; തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളി ഗ്രാമത്തിൽകോവിഡ് സൂപ്പർ സ്‌പ്രെഡ്; കടലിലും കരയിലും അടക്കം സമ്പൂർണ്ണ ലോക്ഡൗൺ; സകലരേയും വീട്ടിൽ ഇരുത്താൻ സ്‌പെഷ്യൽ കമാൻഡോകൾ തെരുവ് പിടിച്ചു; യന്ത്രത്തോക്കേന്തി സമ്പൂർണ്ണ നിരീക്ഷണം: നഗരാതിർത്തിയിൽ വിമാനത്താവളത്തോട് ചേർന്ന് കനത്ത ജാഗ്രത

600 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 119 പേർക്കും പോസിറ്റീവ്; തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളി ഗ്രാമത്തിൽകോവിഡ് സൂപ്പർ സ്‌പ്രെഡ്; കടലിലും കരയിലും അടക്കം സമ്പൂർണ്ണ ലോക്ഡൗൺ; സകലരേയും വീട്ടിൽ ഇരുത്താൻ സ്‌പെഷ്യൽ കമാൻഡോകൾ തെരുവ് പിടിച്ചു; യന്ത്രത്തോക്കേന്തി സമ്പൂർണ്ണ നിരീക്ഷണം: നഗരാതിർത്തിയിൽ വിമാനത്താവളത്തോട് ചേർന്ന് കനത്ത ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളി ഗ്രാമമായ പൂന്തുറയിൽ കോവിഡ് സൂപ്പർ സ്‌പ്രെഡ്. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗവ്യാപനത്തിൽ സൂപ്പർ സ്‌പ്രെഡ് ഇന്നലെ സ്ഥിരീകരിക്കുക ആയിരുന്നു. അഞ്ചു ദിവസത്തിനിടെ ഇവിടെ നിന്ന് ശേഖരിച്ച 600 സാംപിളുകളിൽ 119 എണ്ണവും കോവിഡ് പോസിറ്റീവായി. ബുധനാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ച 54 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതോടെ ഇവിടെ രോഗവ്യാപനത്തിന്റെ സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിക്കുക ആയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇതോടെ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇതോടെ പൂന്തുറ ഗ്രാമം അതീവ ജാഗ്രതയിലേക്ക് നീങ്ങിയിരിക്കുകയാണ്. കടലിലും കരയിലും അടക്കം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കുകയോ ഇവിടെ നിന്നും പുറത്തേക്ക് പോകാനോ സാധിക്കുകയില്ല. ജനങ്ങൾക്ക് വീടിനുള്ളിൽ തന്നെ തുടരേണ്ടി വരും. ഇത് ഉറപ്പാക്കാൻ യന്ത്രതോക്കേന്തിയ കമാൻഡോകളേയും നിയോഗിച്ചിട്ടുണ്ട്.

ആരോഗ്യപ്രവർത്തകരുടെ ആറു സംഘങ്ങളെയും പൂന്തുറയിൽ രംഗത്തിറക്കിയിട്ടുണ്ട്. രോഗവ്യാപനം അതിശക്തമായതിനാൽ ആരോഗ്യ പ്രവർത്തകർ വ്യാഴം, വെള്ളി ദിവസങ്ങളിൽ വ്യാപകമായ രീതിയിൽ അണുനശീകരണ നടപടികൾ സ്വീകരിക്കും. വെള്ളിയാഴ്ച പൂന്തുറയിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്താനാണു തീരുമാനം. പൂന്തുറയ്ക്കു ചുറ്റുമുള്ള വാർഡുകളിലും അണുനശീകരണം നടത്തും. ടെലിഡോക്ടർ സേവനം 24 മണിക്കൂറും പൂന്തുറ നിവാസികൾക്കു നൽകും. കോവിഡ് പോസിറ്റീവായ എല്ലാവരെയും ഉടൻ ആശുപത്രികളിലേക്കു മാറ്റും.അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയർ കെ.ശ്രീകുമാറും വിശദീകരിച്ചു.

കരയിലും കടലിലും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങളും നിരോധിച്ചും. സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാനും ആളുകൾ കൂട്ടം കൂടുന്നത് ാെഴിവാക്കാനുമാണ് മത്സ്യ ബന്ധനത്തിന് ജില്ലയിൽ നിരോധനം ഏർപ്പെടുത്തിയതെന്ന് കലക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു.

പൂന്തുറ മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കയതോടെ ഈ മേഖലയിൽ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നതു തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൂന്തുറ മേഖലയിൽ സാമൂഹികഅകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവൽകരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും.

ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്‌നാട് ഡിജിപി ജെ.കെ ത്രിപാഠിയുമായി ഫോണിൽ സംസാരിച്ചു.

പൂന്തുറയിൽ ട്രിപ്പിൾ ട്രിപ്പിൾ ലോക്ഡൗൺ കർശനമാക്കിയതോടെ 25 കമാൻഡോകളെയാണ് സദാസമയവും ജനങ്ങളെ നിരീക്ഷിക്കാനായി നിയോഗിച്ചിരിക്കുന്നത്. കർശന രീതിയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കാനും നിർദ്ദേശം നൽകി. ഇവിടെ സ്പെഷ്യൽ ഡ്യൂട്ടിക്കായി എസ്എപി കമാണ്ടന്റ് ഇൻ ചാർജ്ജ് എൽ.സോളമന്റെ നേതൃത്വത്തിൽ 25 കമാൻഡോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പൊലീസ് നടപടികൾക്ക് നേതൃത്വം നൽകും. ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും.

തിരുവനന്തപുരം ജില്ലയിൽ കോവിഡ്-19 സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്. സൂപ്പർ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുന്നതുമാണ്. ഇതുസംബന്ധിച്ച ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റീൻ നിർദേശങ്ങൾ കർശനമായി പാലിക്കേണം. എല്ലാ ദിവസവും യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തി നടപടികൾ സ്വീകരിക്കും. രോഗബാധിത പ്രദേശങ്ങളിൽ വിവിധ മാർഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണു സൂപ്പർ സ്‌പ്രെഡ്?
ഒരു വലിയ മേഖലയിലുള്ള ഒട്ടേറെ പേരിലേക്ക് രോഗം എത്തിക്കാൻ വിധം ശരീരത്തിൽ വൈറസ് നിറഞ്ഞയാളെ സൂപ്പർ സ്‌പ്രെഡർ എന്നാണു വിളിക്കുന്നത്. ഇങ്ങനെ രോഗം ഒരുപാടു പേരിലേക്ക് എത്തുന്നതിനെ സൂപ്പർ സ്‌പ്രെഡ് എന്നു വിളിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP