Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിക്കാരേക്കാൾ ക്രൂരത നേരിടേണ്ടി വന്നത് ബ്രിട്ടനിൽ നിന്നെത്തിയ മലയാളി കുടുംബത്തിന്; പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വണ്ണപ്പുറത്തെ വീട്ടിലെത്തിയ ക്രൂവിലെ മനുവിനും കുടുംബത്തിനും ഊരുവിലക്ക്; പള്ളിയിൽ സംസ്‌കാരകർമ്മത്തിൽ പങ്കെടുക്കാൻ നാട്ടുകാരുടെ തടസ്സവാദവും; റാന്നിയിലേക്കാൾ ഭയാനകമായ കാഴ്ച മൂവാറ്റുപുഴയിലെ കാളിയാറിൽ

ഇറ്റലിക്കാരേക്കാൾ ക്രൂരത നേരിടേണ്ടി വന്നത് ബ്രിട്ടനിൽ നിന്നെത്തിയ മലയാളി കുടുംബത്തിന്; പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വണ്ണപ്പുറത്തെ വീട്ടിലെത്തിയ ക്രൂവിലെ മനുവിനും കുടുംബത്തിനും ഊരുവിലക്ക്; പള്ളിയിൽ സംസ്‌കാരകർമ്മത്തിൽ പങ്കെടുക്കാൻ നാട്ടുകാരുടെ തടസ്സവാദവും; റാന്നിയിലേക്കാൾ ഭയാനകമായ കാഴ്ച മൂവാറ്റുപുഴയിലെ കാളിയാറിൽ

പ്രത്യേക ലേഖകൻ

മൂവാറ്റുപുഴ: ഇക്കഴിഞ്ഞ മാർച്ചിൽ ഇറ്റലിയിൽ നിന്നും എത്തിയ പ്രവാസി കുടുംബത്തെ കൊറോണപ്പേടിയിൽ റാന്നിക്കാർ നേരിട്ട കാഴ്ച മലയാളി സമൂഹത്തിന്റെ പൊതു മനോഭാവത്തിന്റെ പ്രതീകമാണെന്നു പിന്നീടുണ്ടായ ഒട്ടറെ സമാന സംഭവങ്ങളിൽ നിന്നും പ്രവാസിക്ക് മലയാളികൾക്ക് ബോധ്യപ്പെട്ട കാര്യമാണ്. എന്നാൽ ഒരു വർഷത്തോളം കോവിഡിന് ഒപ്പം കഴിഞ്ഞിട്ടും മലയാളികളുടെ മനോനിലയിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്ന് തെളിയുക്കുകയാണ് ബ്രിട്ടനിൽ നിന്നെത്തിയ കുടുംബത്തിന്റെ അനുഭവം. വാർധക്യ സഹജമായ അസുഖം മൂലം മൂവാറ്റുപുഴക്കു അടുത്ത വണ്ണപ്പുറത്തെ ആദ്യകാല പ്ലാന്റർ കൂടിയായ ജോയ് നമ്പ്യാപറമ്പലിന്റെ മരണത്തെ തുടർന്ന് അന്ത്യശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തിയ മകനും യുകെ മലയാളിയുമായ മനു എൻ ജോയിക്കും കുടുംബത്തിനുമാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം സ്വന്തം നാട്ടുകാർ സമ്മാനിച്ചത്. അവസാനമായി അന്ത്യ ചുംബനം നല്കാൻ മാത്രമല്ല , വിശ്വാസ പ്രകാരമുള്ള ഒരു പിടി മണ്ണ് അവസാനമായി തൂവാനും കോവിഡ് ഭയത്തിൽ മാനുഷികത നഷ്ടമായ നാട്ടുകാർ അനുവദിച്ചില്ല. ഇതോടെ മൂവാറ്റുപുഴക്കടുത്ത കാളിയാർ എന്ന പ്രദേശം പ്രവാസി സമൂഹത്തിൽ തന്നെ കറുത്ത പാടായി മാറിയിരിക്കുകയാണ്.

ലണ്ടനിൽ കോവിഡിന്റെ വകഭേദം വന്ന വൈറസ് പടർന്നു പിടിക്കുക ആണെന്നും അതിനാൽ യുകെയിൽ നിന്നെത്തിയ കുടുംബത്തെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ അനുവദിക്കാനാകില്ല എന്നുമാണ് ഇടവകക്കാർ കൂട്ടായി എടുത്ത തീരുമാനം. തങ്ങളെ മറ്റുള്ളവർ ചടങ്ങിൽ പങ്കെടുത്ത ശേഷം അവസാന അഞ്ചു മിനിറ്റിൽ ശവക്കല്ലറയിൽ ഒരു പിടി പുഷ്പ്പങ്ങൾ എങ്കിലും അർപ്പിക്കാൻ അനുവദിക്കണം എന്ന അപേക്ഷ പോലും പള്ളിവികാരി അടക്കമുള്ളവർ നിഷ്‌ക്കരുണം തള്ളുകയാണുണ്ടായത്. തനിക്കു ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും ഇടവകകരോടൊപ്പം നിൽക്കാനേ കഴിയൂ എന്നുമാണ് പള്ളിവികാരി നിലപാട് എടുത്തതെന്നും മനു ജോയ് പറഞ്ഞു.

മനുവിന് ഒപ്പം അമേരിക്കയിൽ നിന്നെത്തിയ മറ്റൊരു മകൻ മിഥുനും ചടങ്ങിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ടു. വിദേശത്തു നിന്നെത്തിയ ആരും ചടങ്ങിൽ പങ്കെടുക്കണ്ട എന്ന നിലപാടാണ് നാട്ടുകാർ സ്വീകരിച്ചത്. കോവിഡ് വ്യാപനം നടക്കുന്ന ലണ്ടനിൽ നിന്നും നൂറുകണക്കിന് കിലോമീറ്റർ അകലെയാണ് തങ്ങൾ താമസിക്കുന്നത് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ മനുവും കുടുംബവും ഒക്കെ ശ്രമിച്ചതും വെറുതെയായി.

ഈ മാസം 19 നു ആണ് നമ്പ്യാപറമ്പിൽ ജോയ് ജോസെഫ് വാർധക്യ സഹജമായ അസുഖവും തുടർന്ന് ഹൃദയാഘാതവും മൂലം മരിക്കുന്നത് . വിവരമറിഞ്ഞ ഉടൻ മകനായ മനുവും കുടുംബവും ഇരട്ടി തുക നൽകിയാണ് നാട്ടിൽ എത്തിയത്. തൊട്ടു പിന്നാലെ ഷിക്കാഗോയിൽ ഉള്ള മറ്റൊരു മകനും എത്തി. ഓസ്ത്രേലിയക്കാരനായ മൂന്നാമത്തെ മകന് വിമാന സർവീസുകൾ തടസപ്പെട്ടിരിക്കുന്നതിനാൽ നാട്ടിൽ എത്താനും കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ ആഴ്ചകൾ വ്യാപകമായി യുകെയിൽ അതിതീവ്ര കോവിഡ് പടരുന്നു എന്ന വാർത്തകൾ പരന്നതിനെ തുടർന്നാണ് മനുവിനും സഹോദരനും നാട്ടുകാരുടെ ഊരുവിലക്കിനു സമാനമായ എതിർപ്പ് നേരിടേണ്ടി വന്നത്.

വീട്ടിൽ പണിക്കു വന്നവർ പോലും നാട്ടുകാരെ പേടിച്ചു ഈ വീട്ടിൽ കയറാതായി എന്നതാണ് വാസ്തവം. ഇതോടെ വീട്ടുപണികളും വീട്ടുകാർ തന്നെ ചെയ്യേണ്ട അവസ്ഥയായി. സ്ഥിരമായി ഈ വീട്ടിൽ ജോലിക്കു വന്നവരോട് നാട്ടുകാർ പറയുന്നത് ഇനിയും അവിടെ പോയാൽ നിങ്ങൾക്കാരും ജോലി തരില്ലെന്നാണ്. തങ്ങളുടെ നിസ്സഹായത പണിക്കാർ വെളിപ്പെടുത്തുമ്പോൾ വിദേശ മലയാളി കുടുംബത്തിന് എട്ടിന്റെ പണി നൽകിയ സന്തോഷമാണ് നാട്ടുകാർ അനുഭവിക്കുന്നത്.

ലണ്ടനിലും കൊച്ചിയിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽ പിടിച്ചു എത്തിയ കുടുംബം ക്വറന്റീൻ സമയം കൂടി കഴിഞ്ഞാണ് പിതാവിന്റെ ശവസംസ്‌കാരം നിശ്ചയിച്ചത്. എന്നാൽ മൃതദേഹം മോർച്ചറിയിൽ നിന്നും സംസ്‌കാര ദിവസം രാവിലെ പത്തു മണിയോടെ വീട്ടിൽ എത്തിക്കുമ്പോഴാണ് പള്ളി വികാരി അടക്കമുള്ളവർ വീട്ടുകാർ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ നിശ്ചയിച്ച സംസ്‌ക്കാര ചടങ്ങു മുടങ്ങാതിരിക്കുവാൻ കുടുംബം നിവൃത്തിയില്ലാതെ അനുസരിക്കുക ആയിരുന്നു. തങ്ങൾക്കു മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.

സംഭവം അറിഞ്ഞു സഹായ വാഗ്ദാനവുമായി ആരും എത്തിയില്ലെന്നും വിഷാദത്തോടെ മനു കൂട്ടിച്ചേർക്കുന്നു . ഈ ശനിയാഴ്ച മനുവും കുടുംബവും തിരികെ യുകെയിലേക്കു മടങ്ങും മുൻപേ പള്ളിയിൽ എത്തി കുഴിമാടത്തിൽ അവസാന പ്രാർത്ഥന നടത്താൻ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. വീട്ടുകാർ പുറത്തിറങ്ങുന്നുണ്ടോ എന്ന വഴിക്കണ്ണോടെ കാത്തിരിക്കുകയാണ് വണ്ണപ്പുറത്തെ കാളിയാറിലുള്ള നാട്ടുകാർ.

പ്രദേശത്തെ പുരാതന കുടുംബങ്ങളിൽ ഒന്നായ നമ്പ്യാപറമ്പിൽ വീട്ടുകാർ എല്ലാക്കാലത്തും പ്രദേശത്തെ പള്ളിയുമായി ഏറ്റവും നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട് എന്നും മനു പറയുന്നു. പള്ളിയിലെ ചടങ്ങുകളിലും പള്ളി നിർമ്മാണത്തിലും എല്ലാം തങ്ങളുടെ കുടുംബം കഴിവിൽ കൂടുതൽ സഹായിച്ച ചരിത്രമേയുള്ളൂ. നാട്ടുകാരുടെ സമ്മർദത്തിന് മുന്നിൽ പള്ളി വികാരി നിസ്സഹായനായതാകാം ഈ ദുരവസ്ഥക്ക് കാരണമെന്നും മനുവും സഹോദരനും കരുതുന്നു. പ്രാദേശികമായി തങ്ങളോട് എതിർപ്പുണ്ടാവേണ്ട ഒരു സാഹചര്യവും മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്നും എല്ലാ നാട്ടുകാരോടും നല്ല നിലയിലാണ് പെരുമാറിയിട്ടുള്ളത് എന്നും ഇരുവരും പറയുന്നു .

മരിച്ച ജോയ് ജോസെഫിന്റെ സഹോദരൻ മുൻ പഞ്ചായത്ത് പ്രസിഡന്റ ആയിട്ട് പോലും ഒരു രാഷ്ട്രീയ പാർട്ടിയും സഹായഹസ്തവുമായി കുടുംബത്തിനൊപ്പം എത്തിയില്ല എന്നതും വിചിത്രമാണ്. നാടുവിട്ട പ്രവാസി വോട്ടു ബാങ്കിൽ ഉൾപ്പെടാത്തതിനാൽ അവർക്കു വേണ്ടി സംസാരിക്കുന്നതിൽ ഗുണമില്ലെന്ന ചിന്തയാകും രാഷ്ട്രീയക്കർക്കു ഉണ്ടായിരിക്കുക . എന്നാൽ ഇത്തരം കാഴ്ചകൾ ഒരു പ്രവാസി കുടുംബത്തിന് സംഭവിക്കുമ്പോൾ അനേകായിരം പ്രവാസി കുടുംബങ്ങളാണ് നാളെ ഇതേ വിധി തങ്ങളെയും കാത്തിരിക്കുകയല്ലേ എന്ന് ചിന്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP