Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജം; കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കി; ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; സർക്കാർ ശ്രമിക്കുന്നത് വാക്‌സിനേഷൻ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജം; കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കി; ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; സർക്കാർ ശ്രമിക്കുന്നത് വാക്‌സിനേഷൻ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനെന്നും മുഖ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

കണ്ണൂർ: കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

'ഒന്നാമത്തെ തരംഗം ഉണ്ടായപ്പോൾ ഉള്ളതിനേക്കാൾ സുസജ്ജമാണ് ഇപ്പോൾ നമ്മുടെ കോവിഡ് പ്രതിരോധ ആരോഗ്യസംവിധാനങ്ങൾ. ഇക്കാലയളവിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഇവിടെ വളർത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ട്, ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച ചികിത്സ സർക്കാർ ഒരുക്കുന്നതയായിരിക്കും'. അദ്ദേഹം കുറിച്ചു.

അതോടൊപ്പം വാക്‌സിനേഷൻ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എത്രയും വേഗം നൽകാൻ ആവശ്യമായ നടപടികൾ ആണ് സ്വീകരിക്കുന്നത്.

കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാൻ കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ ക്യാംപെയിനാണ് 'ബാക് ടു ബേസിക്‌സ്'. മാസ്‌കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീർക്കണം. രോഗം പകരില്ലെന്നും പടർത്തില്ലെന്നും ഉറപ്പിക്കണമെന്നും വിശദമായ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ്:

കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത്. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്ക ഉയർന്നുവരികയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മൾ. ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മൾ കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചത്.

ഐസിഎംആറിന്റെ സെറോ പ്രിവലൻസ് പഠനപ്രകാരം കേരളത്തിൽ ഏകദേശം 11 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ഇന്ത്യൻ ശരാശരി ഏകദേശം 25 ശതമാനം ആണെന്നോർക്കണം. ഇതു നമുക്ക് സാധിച്ചത് നമ്മൾ കാണിച്ച ജാഗ്രത മൂലമാണ്. മറ്റിടങ്ങളേക്കാൾ മികച്ച രീതിയിൽ മരണ നിരക്ക് പിടിച്ചു നിർത്താനും നമുക്ക് സാധിച്ചു. ചികിത്സയ്ക്കാവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കാൻ സാധിച്ചതാണ് അതിനു കാരണമായത്. ഇത്തരത്തിൽ ജനങ്ങളും സർക്കാരും ഒത്തുചേർന്ന് കരുതലോടെ തീർത്ത പ്രതിരോധത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്.

ഈ ഘട്ടത്തിൽ കൂടുതൽ കരുത്തോടെ ആ മാതൃക വീണ്ടെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. 'ബാക് റ്റു ബേസിക്‌സ്' എന്ന ക്യാംപെയിൻ ഈ ലക്ഷ്യം മുന്നിൽക്കണ്ടാണ് ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. മാസ്‌കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീർക്കണം. രോഗം പകരില്ലെന്നും, പടർത്തില്ലെന്നും ഉറപ്പിക്കണം.

ഒന്നാമത്തെ തരംഗം ഉണ്ടായപ്പോൾ ഉള്ളതിനേക്കാൾ സുസജ്ജമാണ് ഇപ്പോൾ നമ്മുടെ കോവിഡ് പ്രതിരോധ ആരോഗ്യസംവിധാനങ്ങൾ. ഇക്കാലയളവിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഇവിടെ വളർത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ട്, ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച ചികിത്സ സർക്കാർ ഒരുക്കുന്നതയായിരിക്കും.

അതോടൊപ്പം വാക്‌സിനേഷൻ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എത്രയും വേഗം നൽകാൻ ആവശ്യമായ നടപടികൾ ആണ് സ്വീകരിക്കുന്നത്. വാക്‌സിൻ ലഭിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. രോഗം പിടിപെടുകയാണെങ്കിൽ തന്നെ, രോഗം ഗുരുതരമാകാതിരിക്കാനും വാക്‌സിൻ സഹായകമാകും. അതുകൊണ്ട് വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും അതു സ്വീകരിക്കാൻ തയ്യാറാകണം. രോഗത്തെ തടയാൻ നമുക്ക് മുൻപിലുള്ള ഏറ്റവും ഫലപ്രദമായ മാർഗം അതാണെന്നോർക്കണം.

നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ടെസ്റ്റുകൾ പരമാവധി വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. 2223 ടെസ്റ്റിങ് സെന്ററുകളാണ് സർക്കാർ സജ്ജമാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനടി ടെസ്റ്റ് ചെയ്യാൻ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് എല്ലാവരും തയ്യാറാകണം. എത്രയും വേഗം രോഗികളെ കണ്ടെത്തി വ്യാപനം തടയാനും ഉചിതമായ ചികിത്സ വേഗത്തിൽ നൽകി രോഗം ഗുരുതരമാകുന്നത് ഒഴിവാക്കാനും ഇതു സഹായകമാകും.

എങ്കിലും രോഗം പിടിപെടാതിരിക്കാനുള്ള ശ്രദ്ധയാണ് ഏറ്റവും പ്രധാനം. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ, ആരോഗ്യസംവിധാനങ്ങൾക്ക് ആ സാഹചര്യം താങ്ങാൻ കഴിയാതെ പോകും. അത്തരമൊരു അവസ്ഥ ഉണ്ടാക്കില്ലെന്ന് നമ്മൾ ഉറപ്പിക്കണം. ഇന്ത്യയിൽ ഏറ്റവും ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഒന്നാമത്തെ തരംഗം ഏറ്റവും അവസാനം ഉച്ചസ്ഥായിയിലെത്തിയത് കേരളത്തിലാണ്. ആ നേട്ടം നമുക്ക് സാധ്യമായത് ഇച്ഛാശക്തിയോടെ, ആത്മധൈര്യത്തോടെ, ജാഗ്രതയോടെ ഈ മഹാമാരിയെ നേരിട്ടതുകൊണ്ടാണ്. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടു നമുക്ക് മുന്നോട്ടു പോകാം. സർക്കാർ ഒപ്പമുണ്ട്. നമ്മൾ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP