Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരം; ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾ പോസിറ്റീവ്; ടി പി ആർ 48 ശതമാനം; കോളേജുകൾ അടയ്ക്കുന്നു; നിയന്ത്രണം കടുപ്പിക്കുന്നു

തിരുവനന്തപുരത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരം; ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾ പോസിറ്റീവ്; ടി പി ആർ 48 ശതമാനം; കോളേജുകൾ അടയ്ക്കുന്നു; നിയന്ത്രണം കടുപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരം. തലസ്ഥാന ജില്ലയിൽ ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾ പോസിറ്റീവ് ആവുകയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മാളുകളിൽ എണ്ണം നിയന്ത്രിക്കുന്നതും വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നാളെ ഉന്നതതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ ഏറ്റവും ഉയർന്ന ടി.പി.ആർ ഉള്ള ജില്ല തിരുവനന്തപുരമാണ്. 48 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിയമന്ത്രണങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിയണം.

ജില്ലയിൽ കളക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. വിവാഹങ്ങൾ 50 പേർ പങ്കെടുക്കണമെന്ന നിർദ്ദേശം പല സ്ഥലങ്ങളിലും ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകും.

നിയന്ത്രണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കുന്നില്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണം. മാളുകൾക്കും നിർദ്ദേശങ്ങൾ ബാധകമാണ്. മാളുകളിലെ തിരക്കുകൾ നിയന്ത്രിക്കണം. സർക്കാരിന്റെ എല്ലാ പരിപാടികളും നിലവിലെ സാഹചര്യത്തിൽ മാറ്റിയിട്ടുണ്ട്. അപ്പോഴും ചില സംഘടനകൾ അവർ തീരുമാനിച്ച പരിപാടിയുമായി മുന്നോട്ട് പോകുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ല.

തിരുവനന്തപുരത്തെ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ചില നിർദ്ദേശങ്ങൾ സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയും ഉന്നതാധികാര സമിതിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപന നിരക്ക് പ്രതിദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂട്ടം കൂടുന്നതുൾപ്പെടെ ഒഴിവാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ മന്ത്രിമാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവാഹ, മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ കൂടാതിരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കാനും യോഗം തീരുമാനിച്ചു.

തലസ്ഥാനത്തെ കോളേജുകളും അടയ്ക്കാൻ തീരുമാനിച്ചു. എം ജി കോളേജ്, ആൾ സെയിന്റ്‌സ് കേളോജ്, മാർ ഇവാനിയോസ് കോളേജ് എന്നിവയാണ് അടയ്ക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ഓമിക്രോൺ സ്ഥിരീകരിച്ചവരിൽ ആറ് പേർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ്. ടൂർ പോയി വന്നശേഷം നടത്തിയ പരിശോധനയിലാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഓമിക്രോൺ ക്ലസ്റ്ററായിട്ടുണ്ട്.

ടിപിആർ നിരക്ക് 48 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു. ആശുപത്രികളും കോളേജുകളും ഉൾപ്പെടെ ജില്ലയിൽ നിലവിൽ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. 7 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുൾപ്പെടെ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തിരുവനനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പൊലീസ് കമ്മീഷണർ, റൂറൽ പൊലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP