Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്; വിവാഹത്തിൽ പങ്കെടുത്തയാൾക്കും വരനും കോവിഡ് സ്ഥിരീകരിച്ചു; വരൻ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർ; കെ മുരളീധരൻ എംപിയടക്കം നിരവധി ആളുകൾ വിവാഹത്തിൽ പങ്കെടുത്തതായി ആക്ഷേപം; കേസെടുത്തിരിക്കുന്നത് ചെന്നിത്തലയുടെ ഫോൺവിളിയിലൂടെ പ്രസിദ്ധനായ ഉസ്മാൻ പാറക്കടവിന്റെ സഹോദരനെതിരെ; പ്രചരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയോട്

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്; വിവാഹത്തിൽ പങ്കെടുത്തയാൾക്കും വരനും കോവിഡ് സ്ഥിരീകരിച്ചു; വരൻ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർ; കെ മുരളീധരൻ എംപിയടക്കം നിരവധി ആളുകൾ വിവാഹത്തിൽ പങ്കെടുത്തതായി ആക്ഷേപം; കേസെടുത്തിരിക്കുന്നത് ചെന്നിത്തലയുടെ ഫോൺവിളിയിലൂടെ പ്രസിദ്ധനായ ഉസ്മാൻ പാറക്കടവിന്റെ സഹോദരനെതിരെ; പ്രചരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹ സത്കാരം നടത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. ചെക്യാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കല്ലുകൊത്തിയിൽ അബൂബക്കറിനെതിരെയാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ രമേഷ് ചെന്നിത്തലയുടെ ഫോൺവിളിയിലൂടെ പ്രശസ്തനമായ ഖത്തർ ഇൻകാസ് നേതാവ് ഉസ്മാൻ പാറക്കടവിന്റെ സോഹദരൻ കൂടിയാണ് കോൺഗ്രസ് നേതാവായ കല്ലുകൊത്തിയിൽ അബൂബക്കർ. ഇദ്ദേഹത്തിന്റെ ഡോക്ടറായ മകന്റെ വിവാഹമായിരുന്നു ഈ മാസം 9ന് നടന്നത്. വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് പരാതി.

വടകര എംപി കെ മുരളീധരൻ അടക്കം നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നതായാണ് വിവരം. വിവാഹത്തിൽ പങ്കെടുത്തിരുന്ന ഒരാൾക്കും വരനും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവം വിവാദമായത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ താത്കാലിക ഡോക്ടറാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട നവവരൻ. വിവാഹത്തിൽ പങ്കെടുത്ത കോഴിക്കോട് സ്ഥിരതാമസമാക്കിയിട്ടുള്ള വ്യക്തിക്ക് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് വരനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചെക്യാട് പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് കർശന പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അനിയന്ത്രിതമായ ആളുകൾ വിവാഹത്തിൽ പങ്കെടുത്തതായാണ് വിവരം.

അതേ സമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടത്തിയിരുന്നതെന്നും അല്ലാത്ത തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കല്ലുകൊത്തിയിൽ അബൂബക്കറിന്റെ സഹോദരൻ ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയോട് പറഞ്ഞു. മാർച്ച് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹമാണിത്. മൂവായിരത്തിലധികം ക്ഷണക്കത്തുകളും അതിനായി തയ്യാറാക്കി പകുതിയിലധികം ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അത് മാറ്റിവെക്കുകയായിരുന്നു. നിയന്ത്രണങ്ങൾ അനിശ്ചിതമായി നീണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഈമാസം 9ന് വിവാഹം നടത്താൻ തീരുമാനിച്ചത്. എല്ലാവിധ നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത്. വരനും വധുവും ഡോക്ടർമാരാണ്.

അവരുടെ സുഹൃത്തുക്കളും ഏറ്റവുമടുത്ത ബന്ധുക്കളും അയൽവാസികളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പരമാവധി കുട്ടികളടക്കം 60നും 70നും ഇടയിൽ എണ്ണം ആളുകൾ മാത്രമാണ് പങ്കെടുത്തത്. ചടങ്ങിലുടനീളം സർക്കാർ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഹാന്റ് സാനിറ്റൈസറുകളും ഹാന്റ് വാഷ് ലിക്വിഡുകളും തയ്യാറാക്കിയിരുന്നു. മാസ്‌കില്ലാതെ വരുന്നവർക്ക് നൽകാൻ മാസ്‌കും തയ്യാറാക്കി വച്ചാണ് ചടങ്ങ് നടത്തിയത്.

നിർഭാഗ്യവശാൽ അവിടെ പങ്കെടുത്ത ഒരാൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ വിവാഹം തന്നെ നാട്ടുകാർ അറിഞ്ഞത്. ചടങ്ങിൽ പങ്കെടുത്തതിന് ശേഷം കോവിഡ് സ്ഥീരീകരിച്ചിരിക്കുന്ന വ്യക്തി ഞങ്ങൾക്ക് ഏറെ വേണ്ടപ്പെട്ട ആളാണ്. എത്ര കുറച്ച് ആളുകളെ വിളിച്ച് നടത്തുന്ന ചടങ്ങാണെങ്കിലും ഉണ്ടാകുമായിരുന്നയാളാണ് അദ്ദേഹം. ഞങ്ങളുടെ കുടുംബവുമായും വരനുമായും അത്രയും അടുപ്പമുള്ളയാളാണ്. ചടങ്ങിൽ പങ്കെടുക്കുന്ന സമയത്ത് അദ്ദേഹത്തിന് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു.

സന്തോഷത്തോടെ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പോയി അബൂദാബിയിലേക്ക് തിരിച്ച് പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി സ്വകാര്യ ലാബിൽ വെച്ച് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തനിക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കി വിവാഹത്തിനെത്തിയ ആളൊന്നുമല്ല. വരനുമായി ഏറ്റവും അടുത്ത സമ്പർക്കമുണ്ടായിരുന്നതിനാലാണ് വരനെയും പരിശോധിച്ചത്. ഇന്നലെ വരനായ സഹോദര പുത്രനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. വിവാഹത്തിൽ പങ്കെടുത്ത ഞങ്ങളെല്ലാം ഇപ്പോൾ ക്വാറന്റെയിനിലാണ്. അടുത്ത ദിവസങ്ങളിൽ ഞങ്ങളും പരിശോധനയ്ക്ക് വിധേയരാകും.

ആരും മനപ്പൂർവ്വം രോഗം പകർത്തുന്നവരല്ല. പരമാവധി മുൻകരുതലുകൾ സ്വീകരിച്ച് നടത്തിയ പരിപാടിയിൽ ദൗർഭാഗ്യകരമായ ഒരു സംഭവുണ്ടായതിനെ വളരെ മോശപ്പെട്ട രിതീയിലാണ് പ്രചരിപ്പിക്കുന്നത്. ചടങ്ങിൽ 500 ആളുകൾ പങ്കെടുത്തു എന്നൊക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. അവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. അടുത്തൊരു മരണവീട്ടിൽ എത്തിയപ്പോഴാണ് കെ മുരളീധരൻ എംപി വീട്ടിൽ വന്നത്. അതും വിവാഹത്തിന് മുമ്പുള്ള ദിവസം രാത്രിയിലാണ് അദ്ദേഹം വന്നത്. അത് മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ലെന്നും ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP