Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധർമ്മടത്ത് റോഡ് ഷോ നടത്തുമ്പോൾ മുഖ്യമന്ത്രിക്ക് കോവിഡ്?; രോഗം ബാധിച്ചത് ഏപ്രിൽ നാലിനെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കോവിഡ് പോസിറ്റീവ് എന്ന് മുഖ്യമന്ത്രി അറിയിച്ചത് എട്ടിന്; രോഗം ബാധിച്ച തീയതിയെച്ചൊല്ലി ആശയക്കുഴപ്പം; ആശുപത്രി വിട്ടപ്പോൾ ഒപ്പം യാത്ര ചെയ്ത ഭാര്യ കമല കോവിഡ് ബാധിത; ഡിസ്ചാർജിനായി പ്രോട്ടോകോൾ ലംഘിച്ചെന്നും ആരോപണം

ധർമ്മടത്ത് റോഡ് ഷോ നടത്തുമ്പോൾ മുഖ്യമന്ത്രിക്ക് കോവിഡ്?; രോഗം ബാധിച്ചത് ഏപ്രിൽ നാലിനെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കോവിഡ് പോസിറ്റീവ് എന്ന് മുഖ്യമന്ത്രി അറിയിച്ചത് എട്ടിന്; രോഗം ബാധിച്ച തീയതിയെച്ചൊല്ലി ആശയക്കുഴപ്പം; ആശുപത്രി വിട്ടപ്പോൾ ഒപ്പം യാത്ര ചെയ്ത ഭാര്യ കമല കോവിഡ് ബാധിത; ഡിസ്ചാർജിനായി പ്രോട്ടോകോൾ ലംഘിച്ചെന്നും ആരോപണം

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടതിന് പിന്നാലെ രോഗം സ്ഥിരീകരിച്ച തീയതിയെച്ചൊല്ലി ആശയക്കുഴപ്പം. താൻ കോവിഡ് പോസിറ്റീവ് ആയി എന്ന് ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിക്കുകയും ചെയ്തു.

കൊറോണ ബാധിതനായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ രോഗബാധ മറച്ചുവെച്ചതായുള്ള ആക്ഷേപം ശക്തമാകുകയാണ്. നാലാം തീയതി തന്നെ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി മുഖ്യമന്ത്രിയെ ചികിത്സിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് ഇത് സംബന്ധിച്ച ആക്ഷേപം ശക്തമായത്.

നെഗറ്റിവ് ആയതിനെ തുടർന്ന് ബുധനാഴ്ച അദ്ദേഹം ആശുപത്രി വിട്ടു. പ്രോട്ടോകോൾ പ്രകാരം ഒരാൾ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ നിന്ന് വിട്ടയക്കണമെങ്കിൽ കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞേ പരിശോധന നടത്താവൂയെന്നാണ്. മുഖ്യമന്ത്രി അറിയിച്ച പ്രകാരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യിക്കുന്നതിന് വേണ്ടി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതാണെന്ന ആരോപണം അതോടെ ശക്തമായി.

കൂടാതെ മുഖ്യമന്ത്രി ആശുപത്രിയിൽ കഴിയവേ രോഗം സ്ഥിരീകരിച്ച ഭാര്യ കമലയും അദ്ദേഹത്തിനൊപ്പം ആശുപത്രി വിട്ടിരുന്നു. രോഗബാധിതയായ ഒരാൾ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളും ഇവിടെ ലംഘിക്കപ്പെട്ടു. ആമ്പുലൻസിൽ മടങ്ങേണ്ട രോഗിയെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ ഒപ്പം കൂട്ടിയതടക്കം ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ ഏഴാം ദിവസം തന്നെ പരിശോധന നടത്തി ആശുപത്രിയിൽനിന്ന് വിട്ടയച്ചുവെന്നാണ് ആരോപണമുയർന്നത്. ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എംപി. ശശി പറഞ്ഞത് പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലയെന്നും മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏപ്രിൽ നാലിന് ആണെന്നുമാണ്.

അങ്ങിനെ നോക്കുമ്പോൾ പത്ത് ദിവസം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. അപ്പോളാണ് അടുത്ത പ്രശ്‌നം ഉടലെടുത്തത്. ഏപ്രിൽ നാലിന് പോസിറ്റീവ് ആയതാണെങ്കിൽ അതിനർഥം മുഖ്യമന്ത്രി നാലു ദിവസം അത് മറച്ചുവെച്ച് പൊതുജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നാണല്ലോ. മുഖ്യമന്ത്രി കോവിഡ് ബാധിതനായെന്ന് ഡോ. എംപി. ശശി പറയുന്ന ഏപ്രിൽ നാലിന് ധർമ്മടത്ത് നടന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ആറിന് വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.



സംഭവം വിവാദമായി തുടങ്ങുന്നതിന് മുമ്പേ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ തിരുത്തും വന്നു. ഏപ്രിൽ നാലിന് മുഖ്യമന്ത്രിക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതേ ഉള്ളൂവെന്നും എട്ടിന് പരിശോധന നടത്തിയപ്പോളാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷണങ്ങൾ കണ്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ നെഗറ്റിവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തതെന്നും ഇനി ഒരാഴ്ച അദ്ദേഹം കണ്ണൂരിലെ വീട്ടിൽ ക്വാറന്റീനിൽ ആയിരിക്കുമെന്നും ഡോക്ടർ വിശദീകരിച്ചു.

നാലിന് ലക്ഷണങ്ങൾ കണ്ടിട്ടും പരിശോധന എട്ടാം തീയതി വരെ നീട്ടിയത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തമില്ലായ്മ അല്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഡോക്ടർ നൽകിയില്ല. എല്ലാ ലക്ഷണങ്ങളും കോവിഡിൻേറത് ആകണമെന്നില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. തെരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കും ഭർത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി എട്ടിന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.



ആറാം തീയതി വോട്ടെടുപ്പിനെത്തിയ മുഖ്യമന്ത്രി അണികളോടും പോളിങ് ഉദ്യോഗസ്ഥരോടും മാധ്യമപ്രവർത്തകരോടും അടുത്തിടപെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ കൊറോണ പോസിറ്റീവായതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് അന്ന് ഏറ്റവും ഒടുവിൽ വോട്ട് ചെയ്യാൻ എത്തിയത്. രാവിലെ മുഖ്യമന്ത്രി വോട്ട് ചെയ്ത് മടങ്ങിയ ശേഷം വൈകിട്ടോടെയാണ് വീണ പോസിറ്റീവാണെന്ന വിവരം മാധ്യമപ്രവർത്തകർ ഉൾപ്പെടെ അറിയുന്നത്.

കുടുംബത്തിൽ ആർക്കെങ്കിലും രോഗബാധയുണ്ടെങ്കിൽ മറ്റുള്ളവർ പൊതു ഇടപെടൽ കുറയ്ക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം. എന്നാൽ ഇത്തരം മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് അണികൾക്കും പ്രാദേശിക നേതാക്കൾക്കുമൊപ്പം പിണറായി വിജയൻ പ്രചാരണത്തിൽ പങ്കെടുത്തതും വോട്ട് ചെയ്യാൻ എത്തിയതും മാധ്യമങ്ങളോട് സംസാരിച്ചതും. സാമൂഹിക അകലമോ മറ്റ് കൊറോണ മാർഗനിർദ്ദേശങ്ങളോ ഇതിനിടെ ഒരു ഘട്ടത്തിലും പാലിക്കപ്പെട്ടിരുന്നുമില്ല.

കൊറോണ രണ്ടാം വ്യാപനത്തിൽ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് മുഖ്യമന്ത്രിയിൽ നിന്നും ഈ വീഴ്ച ഉണ്ടായത് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈറസിന്റെ സമൂഹവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് പ്രചാരണഘട്ടത്തിൽ ഉൾപ്പെടെ ആരോഗ്യവകുപ്പ് നൽകിയിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും അനുയായികളുമായി അടുത്തിടപഴകുകയും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതിലൂടെ വൈറസിന്റെ സമൂഹവ്യാപനത്തിന് കൂടിയാണ് മുഖ്യമന്ത്രി അവസരം ഒരുക്കിയതെന്നും വിമർശനം ഉയർന്നുകഴിഞ്ഞു.

മുഖ്യമന്ത്രിയെ യാത്രയാക്കാൻ എംഎൽഎ എ പ്രദീപ് കുമാർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തിയതും കൊറോണ മാർഗനിർദ്ദേശങ്ങളുടെ ലംഘനമായി. ആശുപത്രി വിട്ട് ഒരാഴ്ചയോളം ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് മുഖ്യമന്ത്രിയെ യാത്രയാക്കാൻ എ പ്രദീപ് കുമാറും നേതാക്കളും എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP