Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉറവിടമറിയാത്ത രോഗികൾ വർദ്ധിക്കുന്നു; കോഴിക്കോട് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം; വ്യാപാരിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചതോടെ വലിയങ്ങാടിയിൽ നിയന്ത്രണങ്ങൾ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് റദ്ദാക്കി; പാലക്കാട് നിന്നും ക്വാറന്റെയിൻ ലംഘിച്ചയാളും ബൈക്കിൽ കോഴിക്കോടെത്തിയത് അശങ്ക

ഉറവിടമറിയാത്ത രോഗികൾ വർദ്ധിക്കുന്നു; കോഴിക്കോട് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം; വ്യാപാരിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചതോടെ വലിയങ്ങാടിയിൽ നിയന്ത്രണങ്ങൾ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് റദ്ദാക്കി; പാലക്കാട് നിന്നും ക്വാറന്റെയിൻ ലംഘിച്ചയാളും ബൈക്കിൽ കോഴിക്കോടെത്തിയത് അശങ്ക

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഉറവിടം തിരിച്ചറിയാനാകാത്ത കേസുകൾ വർദ്ധിച്ചതോടെ കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം. മൂന്ന് കേസുകളാണ് ജില്ലയിൽ ഉറവിടമറിയാത്തതായി ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗർഭിണിക്കും കൊളത്തറ സ്വദേശിയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കോവിഡ് പിടിപെട്ടത് എവിടെനിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് ഇതിനോടകം റദ്ദാക്കി.

നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ വലിയങ്ങാടിയിലെ വ്യാപാരിയുടെ മകനും കൊളത്തറ സ്വദേശിയുമായ യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വലിയങ്ങാടിയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. 26 വയസുള്ള ഇയാൾക്ക് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 25 ന് സ്വന്തം വാഹനത്തിൽ ബിസിനസ് ആവശ്യാർത്ഥം കാസർക്കോട് പോയി തിരിച്ചെത്തിയപ്പോൾ പനിയുടെ ലക്ഷണങ്ങളുണ്ടായി. ജൂൺ 28 ന് ഇദ്ദേഹം കുടുംബ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ രണ്ടിനു മറ്റ് രോഗലക്ഷണങ്ങൾ പ്രകടമായതോടെ സ്വന്തം വാഹനത്തിൽ സ്വകാര്യ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കു നൽകി വീട്ടിൽ നിരീക്ഷണം തുടർന്നു.

ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എഫ്എൽടിസിയിലേക്ക് മാറ്റിയതായി ഡിഎംഒ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവരുടെ കച്ചവടസ്ഥാപനം അടച്ചു. പിതാവിന്റെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയിലെ തൊഴിലാളികളോട് ക്വാറന്റെയിനിൽ പോകാൻ നിർദ്ദേശിച്ചിട്ടുമുണ്ട്. കുടുംബാംഗങ്ങളടക്കം 20 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. വ്യാപാരിയുടെ താമസസ്ഥലമായ കൊളത്തറ കുണ്ടായിത്തോട് പ്രദേശത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചനയുണ്ട്. നിത്യവും നൂറുകണക്കിനു വാഹനങ്ങളും ആളുകളുമെത്തുന്ന മൊത്തവിതരണകേന്ദ്രമാണ് വലിയങ്ങാടി. ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും പലചരക്കുസാധനങ്ങളുൾപ്പെടെ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. സംസ്ഥാനത്തിനു പുറത്തുനിന്നടക്കം ലോഡെത്തുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

ഇതു സംബന്ധിച്ച് വ്യാപാരികളുടെ പ്രതിനിധികളുമായി കോർപറേഷൻ അധികൃതർ അടിയന്തര ചർച്ച നടത്തിയിരുന്നു. അങ്ങാടിയിലെത്തുന്ന വാഹനങ്ങളുടെ വിശദാംശങ്ങളും ആളുകളുടെ പേരുവിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കടകളുടെ എണ്ണം പകുതിയാക്കുക, പുറത്തുനിന്നുള്ള വാഹനങ്ങളുടെ എണ്ണം പകുതിയാക്കുക, ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറിഡ്രൈവർമാർക്കും ജീവനക്കാർക്കും പ്രത്യേക താമസസൗകര്യമൊരുക്കുക എന്നീ നിയന്ത്രണങ്ങളും നടപ്പിലാക്കും. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അങ്ങാടിയിലെത്തുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. വലിയങ്ങാടിയോടു ചേർന്നു പ്രവർത്തിക്കുന്ന മത്സ്യ-മാംസ മാർക്കറ്റായ സെൻട്രൽ മാർക്കറ്റിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മാർക്കറ്റിൽ ഒരേ സമയം പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 15 ആക്കി. പുലർച്ചെ മൂന്നുമുതൽ ആറുവരെയും ആറുമുതൽ എട്ടുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായിട്ടാണ് വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കുക.

പാലക്കാട് ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയും പിന്നീട് രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തയാളും കോഴിക്കോട് നഗരത്തിലെത്തിയതായാണ് വിവരം. ഇയാൾ കണ്ണൂർ സ്വദേശിയാണ്. പാലക്കാട് തൃത്താലയിലാണ് ഇയാൾ ക്വാറന്റെയിനിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് പരിശോധന ഫലം പുറത്തുവരുന്നതിന് മുമ്പ് ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ തൃത്താല പൊലീസ് കേസെടുക്കുകയും ചെയ്തു. തൃത്താലയിലെ കൂടലൂരിൽ നിന്ന് കടന്നു കളഞ്ഞ ഇയാൾ നിരവധിയാളുകളുമായിട്ടാണ് സമ്പർക്കം പുലർത്തിയിരിക്കുന്നത്. തൃത്താലയിൽ നിന്ന് സുഹൃത്തിന്റെ ബൈക്കിൽ ഇയാൾ കോഴിക്കോട് എത്തുകയും ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കണ്ണൂരിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു.

23ന് തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് എത്തിയ ഇയാൾ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റെയിനിൽ കഴിയുകയായിരുന്നു. ഈ മാസം 30നാണ് സ്രവം പരിശോധനക്ക് അയക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഇയാളുടെ പരിശോധന ഫലം പുറത്തുവരുന്നത്. ബന്ധപ്പെട്ടപ്പോൾ തൃത്താലയിലുണ്ട് എന്ന് പറയുകയായിരുന്നു.

എന്നാൽ ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. യാത്രക്കിടെ കൊയിലാണ്ടിയിൽ വെച്ച് ഇയാൾ പൊലീസ് പിടിയിലായി. പാലക്കാട് മുതൽ കൊയിലാണ്ടി വരെ നിരവധി പേരുമായി ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നതാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP