Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് ഗർഭിണിക്ക് കോവിഡ്: മൂന്ന് നഴ്സുമാരും ഒരു ഡോക്ടറും ക്വാറന്റൈനിൽ; ജില്ലയിൽ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി; 15 പേർ രോഗമുക്തി നേടി

കോഴിക്കോട് ഗർഭിണിക്ക് കോവിഡ്: മൂന്ന് നഴ്സുമാരും ഒരു ഡോക്ടറും ക്വാറന്റൈനിൽ; ജില്ലയിൽ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി; 15 പേർ രോഗമുക്തി നേടി

കെ വി നിരഞ്ജൻ

കോഴിക്കോട്: ചികിത്സ തേടിയെത്തിയ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ. ഒരു ഡോക്ടറും മൂന്ന് നഴ്സുമാരുമാണ് ക്വാറന്റെയ്നിൽ പ്രവേശിച്ചത്. കല്ലായിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഗർഭിണി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇവരുടെ റൂട്ട് മാപ്പ് പ്രകാരം ജൂൺ 23നും 25നും ബേബി മെമോറിയൽ ആശുപത്രിയിലെത്തിയിട്ടുണ്ട്. 25ന് തന്നെയാണ് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഗർഭിണി 25ന് എത്തിയപ്പോൾ തന്നെ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ ചികിത്സിച്ച ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോടും മൂന്ന് നഴ്സുമാരോടും ക്വാറന്റെയ്നിൽ പോകാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ബേബി മെമോറിയൽ ആശുപത്രി അധികൃതർ അറിയിച്ചു.

അതിനിടെ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളിൽ സാംപിൾ പരിശോധന തുടങ്ങി. മൂന്ന് ദിവസത്തിനകം പരിശോധന പൂർത്തിയാക്കും. കോർപറേഷനിലെ മൂന്ന് വാർഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡുമാണ് കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയിൽ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. 15 പേർ രോഗമുക്തി നേടുകയും ചെയ്തു.

1 വെസ്റ്റ്ഹിൽ സ്വദേശിനി(32) -ജൂൺ 27 ന് ലണ്ടനിൽ നിന്നു വിമാനമാർഗ്ഗം മുംബൈയിലെത്തി. അവിടെ നിന്നും വിമാനമാർഗ്ഗം ജൂൺ 28 ന് കൊച്ചിയിലെത്തി. ടാക്സിയിൽ എറണാകുളത്തുകൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവർക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് ജൂൺ 29ന് സ്രവം പരിശോധനക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടർന്ന് എറണാകുളത്ത് ചികിത്സയിലാണ്.

2 താമരശ്ശേരി സ്വദേശി (40) -ജൂൺ 29 ന് സൗദിയിൽനിന്നും വിമാനമാർഗ്ഗം കോഴിക്കോടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവർക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു സ്രവം പരിശോധനയ്ക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

3. താമരശ്ശേരി സ്വദേശി (30) ജൂൺ 18ന് കുവൈറ്റിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 29 ന് രോഗലക്ഷണങ്ങളെ തുടർന്ന് സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

4. വാണിമേൽ സ്വദേശി (42) -ജൂൺ 18 ന് കുവൈറ്റിൽ നിന്നും വിമാനമാർഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊച്ചിയിൽ നിന്നും കോഴിക്കോടെത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 29 ന് രോഗലക്ഷണങ്ങളെ തുടർന്ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയ്ക്കായി എഫ്.എൽ.ടി.സി.യിലേയ്ക്ക് മാറ്റി.

5 ഉണ്ണികുളം സ്വദേശി (36) -ജൂൺ 25 ന് കുവൈറ്റിൽ നിന്നും വിമാനമാർഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊച്ചിയിൽ നിന്നും ജൂൺ 26 ന് കോഴിക്കോടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂൺ 29 ന് താമരശ്ശേരി താലൂക്കാശുപത്രിയിൽ സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയ്ക്കായി എഫ്.എൽ.ടി.സി.യിലേയ്ക്ക് മാറ്റി.

6 ജൂൺ 27 ന് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണൻ (68) കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് എടുത്ത സ്രവം പരിശോധനയിൽ പോസിറ്റീവായി. മറ്റ് അഞ്ചു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് രോഗമുക്തി നേടിയവർ

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേവരമ്പലം സ്വദേശിനികൾ (67, 24), ഒഞ്ചിയം സ്വദേശി (59), നരിപ്പറ്റ സ്വദേശി (26), കാവിലുംപാറ സ്വദേശി (50), രാമനാട്ടുകര സ്വദേശി (57), ചെലവൂർ സ്വദേശി (52), തൊണ്ടയാട് സ്വദേശിനി (25), പയ്യോളി സ്വദേശി (46), ചോറോട് സ്വദേശി (46), ഒളവണ്ണ സ്വദേശി (58), മലപ്പുറം സ്വദേശികൾ (43, 48), വയനാട് സ്വദേശി (36), എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി (25)

പുതുതായി 692 പേർ കൂടി നിരീക്ഷണത്തിൽ

ഇന്ന് പുതുതായി വന്ന 692 പേർ ഉൾപ്പെടെ ജില്ലയിൽ 19,413 പേർ നിരീക്ഷണത്തിലുണ്ട്്. ജില്ലയിൽ ഇതുവരെ 47,918 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് പുതുതായി വന്ന 26 പേർ ഉൾപ്പെടെ 175 പേർ ആണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 118 പേർ മെഡിക്കൽ കോളേജിലും 57 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 39 പേർ ഇന്ന് ഡിസ്ചാർജ്ജ് ആയി.

ഇന്ന് 448 സ്രവ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 13,222 സ്രവ സാംപിളുകൾ പരിശോധനക്കയച്ചതിൽ 12,464 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 12,166 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 758 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോൾ 83 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതിൽ 26 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 52 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നുപേർ കണ്ണൂരിലും രണ്ടുപേർ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

ജില്ലയിൽ ഇന്ന് വന്ന 409 പേർ ഉൾപ്പെടെ ആകെ 11,918 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 460 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 11,396 പേർ വീടുകളിലും 62 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 153 പേർ ഗർഭിണികളാണ്. ഇതുവരെ 6,195 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സ്‌ക്രീനിങ്, ബോധവൽക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 54 പേർക്ക് ഇന്ന് കൗൺസിലിങ് നൽകി. മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 643 പേർക്ക് ഫോണിലൂടെ സേവനം നൽകി. ഇന്ന് ജില്ലയിൽ 2,994 സന്നദ്ധ സേന പ്രവർത്തകർ 8,971 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP