Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും; രാത്രികാല കർഫ്യൂ ലംഘിച്ചാൽ കേസെടുക്കും; കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിൽ യുദ്ധ സമാനമായ സാഹചര്യമൊരുക്കി പ്രതിരോധം; ലോക്ഡൗണിനുള്ള സാധ്യത അടയുന്നില്ല; ഇന്ന് നിർണ്ണായക യോഗം

കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും; രാത്രികാല കർഫ്യൂ ലംഘിച്ചാൽ കേസെടുക്കും; കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിൽ യുദ്ധ സമാനമായ സാഹചര്യമൊരുക്കി പ്രതിരോധം; ലോക്ഡൗണിനുള്ള സാധ്യത അടയുന്നില്ല; ഇന്ന് നിർണ്ണായക യോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രാബല്യത്തിൽ. അതിശക്തമായ പരിശോധനകളാണ് ഇന്നലെ രാത്രി കേരളത്തിലുട നീളം നടന്നത്. ഈ നിയന്ത്രണത്തിനും രോഗ വ്യാപനത്തെ പിടിച്ചു നിർത്താനായി്‌ല്ലെങ്കിൽ കേരളം വീണ്ടും ലോക് ഡൗണിലേക്ക് പോകും. രോഗികളുടെ എണ്ണം പ്രതിദിനം ഇരപതിനായിരമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്. കർശനമായ പരിശോധനകളാണ് ഇന്നലെ പൊലീസ് നടത്തിയത്. രാത്രി 9 മണിക്ക് ശേഷം ആരും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പിക്കും.

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നുണ്ട്. ലോക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ ആലോചിക്കും. ദേശീയ തലത്തില് ലോക് ഡൗൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ മഹരാഷ്ട്രയും ഡൽഹിയും ഉത്തർപ്രദേശുമെല്ലാം പ്രാദേശിക ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മറ്റ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണ് പൊലീസ് മേധാവി വ്യക്തമാക്കിയത്. നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പൊതുഗതാഗതവും അവശ്യയാത്രകളും അനുവദിക്കും. റംസാൻ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇളവ് നൽകും. ദീർഘദൂര യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. രാത്രി 9 മണി മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണങ്ങൾ. ഈ സമയത്ത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം, ആഘോഷങ്ങൾ, ഒത്തുചേരലുകൾ ഒന്നും അനുവദിക്കില്ല. പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കർഫ്യൂവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ സർവീസ് തുടരും. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, പാൽ, പത്രം, മാധ്യമപ്രവർത്തകർ എന്നിവരടക്കം അവശ്യസർവീസുകൾക്കും രാത്രികാല ജോലിയിലുള്ളവർക്കും യാത്രയാകാം. സ്വകാര്യവാഹനങ്ങളിലും അത്യാവശ്യയാത്രകൾ അനുവദിക്കുമെങ്കിലും പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് ഡിജിപി അറിയിച്ചു.

രാത്രികാല യാത്രകൾ നിരീക്ഷിക്കാൻ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും ജില്ലാ അതിർത്തികളിലും പരിശോധനയുണ്ടാവും. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ രേഖകൾ കാണിക്കുന്നതിനൊപ്പം യാത്രയുടെ ആവശ്യവും ബോധിപ്പിക്കേണ്ടിവരും. കാറിൽ യാത്ര ചെയ്യുന്നവർ ഒറ്റക്കായാലും മാസ്‌ക് ധരിക്കണം. ഡ്രൈവറടക്കം നാല് പേരെയാണ് അനുവദിക്കുന്നത്. റംസാൻ നോമ്പ് കാലമായതിനാൽ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയേ അനുവദിക്കൂ. ടാക്‌സികളിൽ ഡ്രൈവറെ കൂടാതെ മൂന്നുപേരെ അനുവദിക്കും. കുടുംബങ്ങൾ യാത്രചെയ്യുമ്പോൾ ഇളവുണ്ടാകും.

ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലകൾ ഒരുമണിക്കൂർ നേരത്തേ രാത്രി എട്ടിന് അടയ്ക്കും. രാവിലെ പത്തുമുതലായിരിക്കും പ്രവർത്തനം. രാത്രികർഫ്യൂ കാരണം ജീവനക്കാർക്ക് നേരത്തേ വീട്ടിലെത്താനാണ് ഈ മാറ്റമെന്ന് കോർപ്പറേഷന്റെ സർക്കുലറിൽ പറയുന്നു. രാത്രിനിയന്ത്രണം കർശനമാക്കാൻ കൂടുതൽ പൊലീസ് പട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്‌പെഷ്യൽ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നുണ്ട്. രാത്രി ഏഴുവരെമാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ അതിനപ്പുറം പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും.

ഇനി വീട്ടിലെത്തി പരിശോധന

കോവിഡ് വ്യാപനം തടയാൻ പഞ്ചായത്തുകളെയും നഗരസഭകളെയും പ്രതിരോധ നടപടികൾക്കായി വീണ്ടും രംഗത്തിറക്കുന്നു. മുൻഗണനാ വിഭാഗത്തിലുള്ളവരും വാക്‌സിനേഷൻ എടുക്കാത്തവരുമായവരെ വാർഡുതല സമിതികൾ മുഖേന കണ്ടെത്താൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കു സർക്കാർ നിർദ്ദേശം നൽകി. അങ്കണവാടി ജീവനക്കാർ വഴി ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വാക്‌സിനേഷനു പ്രേരിപ്പിക്കാനാണു നീക്കം. എന്തൊക്കെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നതു സംബന്ധിച്ചു ചർച്ച ചെയ്തു തീരുമാനമെടുക്കാൻ പ്രത്യേക ഭരണസമിതി യോഗം ചേർന്നിട്ടില്ലാത്ത സ്ഥാപനങ്ങളോട് ഉടനടി അതു ചെയ്യാനും ആവശ്യപ്പെട്ടു.

പഞ്ചായത്ത്, വാർഡ്തല സമിതികൾ പ്രവർത്തിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകൾ പരിശോധന നടത്തും. രോഗ ലക്ഷണങ്ങളില്ലാത്തവർക്കു ക്വാറന്റീനിൽ കഴിയാൻ സൗകര്യമുള്ള കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രം (സിഎഫ്എൽടിസി) കലക്ടർമാരുമായി ആലോചിച്ച് ആരംഭിക്കണം. സിഎഫ്എൽടിസി തുടങ്ങുന്ന കാര്യത്തിൽ ആദ്യം സർക്കാർ മടിച്ചുനിന്നെങ്കിലും പിന്നീടു തീരുമാനം മാറ്റി. മുൻപ് ആരംഭിച്ചത് പലതും പിന്നീടു പ്രവർത്തനം നിർത്തിയിരുന്നു.

ലേബർ ക്യാംപുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ മാലിന്യനീക്കം തുടങ്ങിയവയുടെ കാര്യത്തിൽ മുൻപേയുള്ള തീരുമാനങ്ങൾ നടപ്പാക്കാനും ആവശ്യപ്പെട്ടു.

പൊലീസ് ട്രെയിനിങ് സെന്റർ അടച്ചു

തൃശൂർ രാമവർമപുരം പൊലീസ് അക്കാദമി വളപ്പിലെ ഇന്റഗ്രേറ്റഡ് പൊലീസ് ട്രെയിനിങ് സെന്ററിൽ 53 പേർ കോവിഡ് പോസിറ്റീവ്. വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് ഏറെയും. കൂടുതൽ പേർക്കു കോവിഡ് ബാധയുണ്ടെന്നു സംശയിക്കുന്നതിനാൽ ട്രെയിനിങ് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ കഴിഞ്ഞ സെപ്റ്റംബറിലും ട്രെയിനിങ് സെന്ററിൽ കോവിഡ് പടർന്നിരുന്നു. ഇരുനൂറോളം പേർക്ക് അന്നു കോവിഡ് സ്ഥിരീകരിച്ചു.

വാക്‌സിനേഷനും ശക്തമാക്കും

കോവിഡ് വ്യാപനം ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലേറെയുള്ള മേഖലകളിൽ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്തും. പോസിറ്റിവിറ്റി നിരക്ക് 3% ആയി കുറയ്ക്കുകയാണു ലക്ഷ്യം. സംസ്ഥാനത്ത് രണ്ടാം ഘട്ട കൂട്ടപ്പരിശോധന ഇന്നും നാളെയുമായി നടക്കും. 3 ലക്ഷം പേരെ പരിശോധിക്കും. അതിനിടെ വാക്‌സീൻ രണ്ടാം ഡോസിനും കോവിൻ പോർട്ടൽ വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നിർബന്ധമാക്കി. വാക്‌സീൻ ക്ഷാമത്തിനിടെ തർക്കങ്ങൾ ഒഴിവാക്കി വിതരണം കാര്യക്ഷമമാക്കാനാണിത്. വാക്‌സീനായുള്ള സ്‌പോട് റജിസ്‌ട്രേഷൻ തൽക്കാലം നിർത്തിവയ്ക്കും.

നിലവിൽ 5 ലക്ഷം ഡോസ് വാക്‌സീനാണു സംസ്ഥാനത്തുള്ളത്. 5 ലക്ഷം ഡോസ് കൂടി അടിയന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകുതിയെങ്കിലും ഇന്നെത്തുമെന്നു കരുതുന്നു. വാക്‌സീൻ ക്ഷാമം മൂലം പല ജില്ലകളിലെയും പ്രധാന കുത്തിവയ്പു കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.

ബാങ്ക് സമയം 10 മുതൽ 2 വരെ

കോവിഡ് കണക്കിലെടുത്ത് ഈ മാസം 30 വരെ സംസ്ഥാനത്തെ ബാങ്ക് പ്രവൃത്തി സമയം രാവിലെ 10 മുതൽ ഉച്ചയ്ക്കു 2 വരെയായി കുറച്ചു. മുൻപ് 4 വരെയായിരുന്നു. പകുതി ജീവനക്കാർ മതിയെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എൽബിസി) നിർദ്ദേശിച്ചു. തിരക്കുള്ള ശാഖകളിൽ ആവശ്യമെങ്കിൽ കൂടുതൽ പേരാകാം. ഗുരുതര രോഗങ്ങളുള്ളവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കും വർക് ഫ്രം ഹോം അനുവദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP