Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കേന്ദ്രം കർശനമായി നിർദേശിച്ചിട്ടും ആർടിപിസിആറിനോട് മുഖം തിരിച്ച് കേരളം; രോഗമുക്തരുടെ എണ്ണം കൂട്ടാൻ ആന്റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് ഉള്ളവരും ആൾക്കൂട്ടത്തിലെത്തുന്ന സ്ഥിതി; കോവിഡ് പ്രോട്ടോക്കോൾ എല്ലാം മറന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളം വൻ അപകടത്തിലേക്ക്

കേന്ദ്രം കർശനമായി നിർദേശിച്ചിട്ടും ആർടിപിസിആറിനോട് മുഖം തിരിച്ച് കേരളം; രോഗമുക്തരുടെ എണ്ണം കൂട്ടാൻ ആന്റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് ഉള്ളവരും ആൾക്കൂട്ടത്തിലെത്തുന്ന സ്ഥിതി; കോവിഡ് പ്രോട്ടോക്കോൾ എല്ലാം മറന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളം വൻ അപകടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിനെ തുടക്കത്തിൽ നല്ലതുപോലെ നേരിട്ട സംസ്ഥാനമെന്ന പേരുണ്ടായിരുന്നത് കേരളത്തിനാണ്. എന്നാൽ, ഇതേ കേരളം രാഷ്ട്രീയം എത്തിയപ്പോൾ എല്ലാം മറക്കുന്ന കാഴ്‌ച്ച കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള നാടായി തന്നെ ഒരുവേള അറിയപ്പെട്ടു. കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിൽ അടക്കം തുടക്കത്തിൽ വീഴ്‌ച്ചകൾ വരുത്തി. ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് നിരക്ക് കുത്തനെ ഉയരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കയാണ്.

അതിവേഗം കോവിഡ് വ്യാപനം നടക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനം ഇപ്പോൾ എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിന്റെ കോവിഡ് പ്രതിരോധ രീതി പര്യാപ്തമാണോ എന്ന ചോദ്യവും അതുകൊണ്ടുതന്നെ പ്രസക്തമാകുകയാണ്. കോവിഡ് പരിശോധനാ രീതിയിൽ അടക്കം കേരളം വീഴ്‌ച്ച വരുത്തിയെന്നാണ് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നത്.

ആർടിപിസിആർ പരിശോധനയ്ക്കു പകരം ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിക്കുന്നതാണു കേരളത്തിന്റെ പ്രധാന വീഴ്ചകളിൽ ഒന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 10 മുതൽ ഏപ്രിൽ ആറു വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടി പിസിആർ പരിശോധന ഒരു ഘട്ടത്തിൽ പോലും കേരളത്തിൽ 53 ശതമാനം കടന്നിട്ടില്ല. കുറഞ്ഞത് 70% ആർടിപിസിആർ പരിശോധന ഉറപ്പാക്കണം എന്നതായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ അവസ്ഥയിലേക്ക് കേരളം ഒരു ഘട്ടത്തിലും എത്തിയതുമില്ല.

ഫെബ്രുവരി, മാർച്ച് ആദ്യവാരം വരെ ആകെ പരിശോധനയുടെ 38% വരെയേ പരമാവധി കേരളം ആർടി പിസിആർ നടത്തിയിട്ടുള്ളു. മാർച്ച് രണ്ടാംവാരത്തിൽ ഇത് 53% എത്തി. പിന്നീടുള്ള ആഴ്ചകളിൽ ഇതു താഴ്ന്നു വരുന്ന പ്രവണത തുടരുന്നു. വേഗത്തിൽ പരിശോധന ഫലം ലഭിക്കുമെന്നതും കുറഞ്ഞ ചെലവു മതിയെന്നതുമാണു പല സംസ്ഥാന സർക്കാരുകളെയും ആന്റിജൻ പരിശോധനയെ മാത്രം ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയവർ പുറത്തുപോകുമ്പോൾ വലിയ റിസ്‌ക്ക് നിലനിൽക്കുന്നു. ഇവർപൂർണമായും രോഗം ഭേദമാകാതെ ആൾക്കൂട്ടത്തിലേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത് കടുത്ത വൈറസ് വ്യാപനം എന്ന അപകടകരമായ സ്ഥിതിയിലേക്കു കാര്യങ്ങൾ കൊണ്ടുപോയി.

പോസിറ്റിവ് കേസുകളുടെ കാര്യത്തിൽ സംശയിക്കേണ്ടതില്ലെങ്കിലും നെഗറ്റിവ് കേസുകൾ കണ്ണിൽപെടാതെ പോകാനുള്ള സാധ്യത കൂടുതലാണെന്ന അപകടം ആന്റിജൻ ടെസ്റ്റുകൾക്കുണ്ട്. ലഭ്യമായതിൽ വച്ചേറ്റവും കൃത്യതയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന (ഗോൾഡ് സ്റ്റാൻഡേഡ്) ആർടി പിസിആർ പരിശോധന വർധിപ്പിക്കണമെന്നു നിർദേശിക്കുന്നതും അതുകൊണ്ടു തന്നെ. ആന്റിജൻ ടെസ്റ്റ് നെഗറ്റിവായതിന്റെ ബലത്തിൽ ആൾക്കൂട്ടത്തിലേക്കിറങ്ങുന്ന ഒരു വ്യക്തി വ്യാപകമായി കോവിഡ് പരത്താനിടയാക്കുമെന്നതാണു യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പു പോലെ ഇത്രയേറെ ആൾക്കൂട്ടങ്ങളുണ്ടായ ഒരു സമയത്തും ആന്റിജൻ ടെസ്റ്റുകൾക്കു പിന്നാലെ പോയ കേരളത്തിന്റെ രീതിയാണ് വിമർശനത്തിനിടയാക്കുന്നത്.

ആർടി പിസിആർ വഴി കേസുകളുടെ എണ്ണം പെട്ടെന്നു കുറയ്ക്കാൻ കഴിയുമെന്നല്ല, പകരം വൈറസ് ബാധിതരെ കണ്ടെത്തുന്നതിൽ കൂടുതൽ സുശ്ശക്തമായ പരിശോധനാ രീതിയെന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കി ദീർഘകാല പ്രയോജനം നൽകും. ആന്റിജൻ ഫലം മാത്രം വിലയിരുത്തി കോവിഡ് വ്യാപനം താഴ്ന്നു (ഫ്‌ളാറ്റൻ ദ് കർവ്) എന്നു വിലയിരുത്തുന്നതും അപകടം വിളിച്ചു വരുത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.

ഒരു പ്രത്യേക സ്ഥലത്തു പെട്ടെന്നു കോവിഡ് വ്യാപനമുണ്ടായാൽ, അവിടെ വ്യാപകാടിസ്ഥാനത്തിൽ മേൽനോട്ടം നടത്തുന്നതിനും മറ്റും ആന്റിജൻ ടെസ്റ്റിനു മുൻഗണന നൽകാം. കണ്ടെയ്ന്മെന്റ് മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളിൽ ആർടി പിസിആർ പരിശോധനയ്ക്കാണു പ്രഥമ പരിഗണന നൽകേണ്ടത്. ആശുപത്രികളിലും ഈ രീതി തുടരണം. ഇവിടങ്ങളിൽ രോഗലക്ഷണമുള്ളവരാകും കൂടുതലും പരിശോധന തേടി വരുന്നത് എന്നതു കൊണ്ടാണ് ഈ നിർദ്ദേശം. കോവിഡ് പരിശോധന സ്വയം ആവശ്യപ്പെട്ടെത്തുന്നവരുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ച് ഏത് ടെസ്റ്റിന് മുൻഗണന നൽകണമെന്നു തീരുമാനിക്കാം.

ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായാലും ലക്ഷണങ്ങളുണ്ടെങ്കിൽ ആർടി പിസിആർ പരിശോധന കൂടി നിർബന്ധമായി നടത്തണം. ആന്റിജൻ പരിശോധന ഫലം പോസിറ്റിവായാൽ കോവിഡ് നിസ്സംശയം സ്ഥിരീകരിക്കാമെങ്കിലും നെഗറ്റിവായാൽ ഒന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്. അതിനാണ് ഏറ്റവും കൃത്യതയുള്ള ആർടി പിസിആർ പരിശോധനകൂടി നടത്തേണ്ടത്. കോവിഡ് ബാധിതരിൽ ഒരാൾ പോലും വിട്ടുപോകുന്നതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നതു കൊണ്ടാണിത്.

കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആർടിപിസിആർ പരിശോധന കുറഞ്ഞുവെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് വർധനയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും ദീർഘകാല പ്രതിരോധ നടപടിയിൽ പരിശോധനാ രീതിയും പ്രധാനമാണ്. പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആർടി പിസിആർ പരിശോധന മെച്ചപ്പെട്ട നിലയിലാണ്.

ആന്റിജൻ ടെസ്റ്റ് നൽകുന്ന അപകടം തിരിച്ചറിയാനുള്ള ഏറ്റവും നല്ല പാഠങ്ങളിൽ ഒന്ന് ഡൽഹി സർക്കാരിന്റേതാണ്. ആന്റിജൻ ടെസ്റ്റ് നടത്തിയവരിൽ നെഗറ്റിവ് എന്നു കണ്ടെത്തിയ 2818 പേരെ വീണ്ടും ആർടി പിസിആറിനു വിധേയമാക്കിയപ്പോൾ 404 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആവർത്തിച്ചുള്ള ടെസ്റ്റ് നടത്താതെ വിട്ടിരുന്നെങ്കിൽ കണ്ടുപിടിക്കാതെ പോകുമായിരുന്ന 404 കേസുകളെക്കുറിച്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. ഒരു കോവിഡ് കേസു പോലും കണ്ടെത്താതെ പോകുന്നത് വൈറസ് വ്യാപനം വീണ്ടും വർധിപ്പിക്കാമെന്നതു പരിഗണിക്കുമ്പോൾ ഇതിന് പ്രാധാന്യമേറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP