Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെ; ഗ്രീൻ-ഓറഞ്ച് സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്‌റ്റൈൽ സ്ഥാപനങ്ങൾക്ക് അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാം; ഗ്രാമങ്ങളിൽ മാളുകൾ ഒഴികെ എല്ലാ കടകളും തുറക്കാമെന്നും കേന്ദ്രനിർദ്ദേശം; ലക്ഷ്യമിടുന്നത് കോവിഡ് കാലത്ത് ഗ്രാമ സ്വരാജ്; അതിർത്തി ഗ്രാമങ്ങളിൽ കേരളത്തിൽ കർശന നിയന്ത്രണം തുടരും

ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെ; ഗ്രീൻ-ഓറഞ്ച് സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്‌റ്റൈൽ സ്ഥാപനങ്ങൾക്ക് അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാം; ഗ്രാമങ്ങളിൽ മാളുകൾ ഒഴികെ എല്ലാ കടകളും തുറക്കാമെന്നും കേന്ദ്രനിർദ്ദേശം; ലക്ഷ്യമിടുന്നത് കോവിഡ് കാലത്ത് ഗ്രാമ സ്വരാജ്; അതിർത്തി ഗ്രാമങ്ങളിൽ കേരളത്തിൽ കർശന നിയന്ത്രണം തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ ഗ്രാമങ്ങളിൽ ജനജീവിതം പരമാവധി സാധാരണഗതിയിലാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. നിയന്ത്രണങ്ങൾ കഴിവതും ജില്ലകളിലെ മുനിസിപ്പൽ അതിർത്തിയിൽ ഒതുക്കുക എന്നതാണ് അടുത്ത രണ്ടാഴ്ചത്തേക്കായി കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ഡൗൺ. എന്നാൽ കേരളത്തിൽ ഗ്രാമങ്ങളിലും അതികർശനമായ നിയന്ത്രണങ്ങൾ തുടരും. മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കൊറോണ വൈറസ് കടക്കാതിരിക്കാനാണ് ഈ മുൻകരുതൽ. തമിഴ്‌നാട്ടിന്റെ അതിർത്തിയിൽ വൈറസ് വ്യാപിച്ചതും കേരളത്തിന്റെ മുൻ കരുതലിന് കാരണമാണ്. എങ്കിലും പരമാവധി ഇളവുകൾ കേരളത്തിലും ഗ്രാമങ്ങളിൽ ഉണ്ടാകും. സാമൂഹ്യ അകലം പാലിച്ചാകും കേരളം കോവിഡിനെ ഇനി നേരിടുക.

ഗ്രാമങ്ങളിൽ മാളുകൾ ഒഴികെ എല്ലാ കടകളും തുറക്കാമെന്നാണു കേന്ദ്രനിർദ്ദേശം. വ്യവസായങ്ങളും നിർമ്മാണമേഖലയും പ്രവർത്തിക്കും. റെഡ് സോണുകളിൽ പോലും വ്യവസ്ഥകൾക്കു വിധേയമായി കൂടുതൽ ഇളവുകളും പ്രവർത്തനങ്ങളും അനുവദിക്കും. എടുത്തുപറഞ്ഞു നിരോധിച്ചിട്ടില്ലാത്ത എല്ലാ കാര്യങ്ങളും സോൺ തിരിച്ച് ഉപാധികളോടെ അനുവദിക്കാം. എങ്കിലും, ഏതു മേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. ഇതു തിരിച്ചറിഞ്ഞാകും കേരളത്തിലെ ഇടപെടലുകൾ. കേരളത്തിൽ കോവിഡ് കേസുകൾ അനുദിനം കുറയുകയാണ്. ഈ സാഹചര്യത്തിൽ മതിയായ കരുതലുകളോടെ മാത്രമേ നിയന്ത്രണങ്ങൾ ഉണ്ടാകൂ.

റെഡ് സോണിലും ഗ്രാമങ്ങളിലെ വ്യവസായസംരംഭങ്ങൾ അനുവദിക്കാനാണ് കേന്ദ്ര നിർദ്ദേശം. ഗ്രാമങ്ങളിൽ എല്ലാ നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കും. നഗരങ്ങളിൽ: ജോലിക്കാർ വർക്ക് സൈറ്റിൽ തന്നെ താമസിക്കുന്നെങ്കിൽ നിർമ്മാണങ്ങൾക്കും തടസ്സമില്ല. ഇതെല്ലാം കേരളത്തിലും നടപ്പാക്കും. നഗരങ്ങളിൽ മുനിസിപ്പൽ അതിർത്തിക്കുള്ളിൽ മാൾ, മാർക്കറ്റ് കോംപ്ലക്‌സ്, ചന്ത എന്നിവയ്ക്ക് അനുമതിയില്ല. എന്നാൽ, ചന്തയിലും മാർക്കറ്റ് കോംപ്ലക്‌സിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ ചന്തകൾ തുറക്കുന്നത് ആൾക്കുട്ടത്തിന് വഴിവയ്ക്കും. അതുകൊണ്ട് തന്നെ സാഹചര്യങ്ങൾ പരിശോധിച്ചാകും കേരളത്തിൽ ചന്തകൾ തുറക്കുക. പ്രാദേശിക ഭരണ നേതൃത്വമാകും ഇതിൽ തീരുമാനങ്ങൾ എടുക്കുക.

ഒറ്റയ്ക്കുള്ള കടകളും റസിഡൻഷ്യൽ കോംപ്ലക്‌സുകളിലെ കടകളും അവശ്യവസ്തുക്കൾ വിൽക്കുന്നതല്ലെങ്കിലും തുറക്കാം. റെഡ്‌സോണിൽ ഇകൊമേഴ്‌സ് വഴി അവശ്യസാധനങ്ങൾ വിതരണം ചെയ്യാം. നഗരങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖല, ഉൽപാദനോന്മുഖ യൂണിറ്റ്, ഇൻഡ്ട്രിയൽ എസ്റ്റേറ്റ്, ഇൻഡസ്ട്രിയൽ ടൗൺഷിപ് തുടങ്ങിയവ അനുവദിക്കും. അവശ്യവസ്തുക്കൾ, മരുന്ന്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, അവയ്ക്കുള്ള പാക്കേജിങ് വസ്തുക്കൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയ നിർമ്മിക്കുന്ന യൂണിറ്റുകൾ തുടങ്ങിയവ പ്രവർത്തിക്കാം.

തുടർപ്രക്രിയ ആവശ്യമുള്ള വ്യവസായ യൂണിറ്റുകളും അവയും വിതരണശൃംഖലയും, ഐടി ഹാർഡ്വെയർ ഉൽപാദനം, ചണ നിർമ്മാണം തുടങ്ങിയവയ്ക്കും അനുമതി കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. കേരളത്തിൽ ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടലാകും. കേന്ദ്രസർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ സംസ്ഥാനത്ത് ആകെ നടപ്പാക്കുകയാണെന്നറിയിച്ച മുഖ്യമന്ത്രി ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുമെന്നും സൂചിപ്പിച്ചു. രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊണ്ടു നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇളവുകൾ

  • ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെയായിരിക്കും. അകലം സംബന്ധിച്ച് നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറു ദിവസവും അനുവദിക്കും. ഓറഞ്ചു സോണിൽ നിലവിലുള്ള സ്ഥിതി തുടരണം.
  • ഗ്രീൻ സോണിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴചയിൽ മൂന്നു ദിവസം
  • പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കും. ഓറഞ്ചു സോണുകളിൽ നിലവിലുള്ള സ്ഥിതി തുടരും.
  • ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പാഴ്സലുകൾ നൽകാനായി തുറന്നു പ്രവർത്തിക്കാം. എന്നാൽ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. നിലവിലുള്ള സമയക്രമം പാലിക്കണം.
  • ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്കു നിലവിലെ സ്ഥിതി തുടരാവുന്നതാണ്.
  • ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്‌റ്റൈൽ സ്ഥാപനങ്ങൾ, അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഈ ഇളവുകൾ ഗ്രീൻ, ഓറഞ്ച് സോണുകൾക്ക് മാത്രമാണ് ബാധകം.
  • നിയന്ത്രണങ്ങൾക്ക് വിധേയമായി ടാക്സി, ഊബർ പോലുള്ള കാബ് സർവീസ് അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ പാടുള്ളൂ.
  • ഹോട്ട്സ്പോട്ടുകളിൽ ഒഴികെ അന്തർജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അനുമതി നൽകും. പൊതുവാഹനം ഉപയോഗിക്കരുത്. കാറുകളിൽ പോകാം.
  • ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രത്യേക പെർമിറ്റ് വേണ്ടതില്ല.
  • അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ ജനങ്ങൾക്ക് പുറത്തിറങ്ങാവുന്നതാണ്. ഇത് ഹോട്ട്സ്പോട്ടുകളിൽ പൊതുനിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും.
  • 65 വയസ്സിന് മുകളിൽ പ്രായമുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽ തന്നെ കഴിയണം.
  • വൈകീട്ട് 7.30 മുതൽ രാവിലെ 7 വരെയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
    അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ്സോണുകളിലും വാഹനങ്ങൾ ഓടാൻ അനുവദിക്കും. ഡ്രാവറും രണ്ടുയാത്രക്കാരും മാത്രമേ പാടുള്ളൂ.
    ടൂവീലറിൽ പിൻസീറ്റ് യാത്രക്ക് അനുവാദമില്ല.
  • കൃഷി, വ്യവസായം എന്നിവയുടെ കാര്യത്തിൽ നേരത്തെ പറഞ്ഞ ഇളവുകൾ തുടരും.
    കേന്ദ്രം അനുവദിച്ച ഇളവുകൾ മിക്കതും സംസ്ഥാനത്തും ബാധകമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP