Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15,915 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 93,25,786 ആയി

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15,915 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 93,25,786 ആയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15,915 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 93,25,786 ആയി. 24 മണിക്കൂറിനിടെ 154 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,35,906 ആയി. രാജ്യത്തെ കോവിഡ് ബാധിതരിൽ 87,33,073 പേർ ഇതിനകം രോ​ഗമുക്തി നേടി. 4,56,807 വൈറസ് ബാധിതരാണ് നിലവിൽ ഇന്ത്യയിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

കോവിഡിനെതിരായ പോരാട്ടത്തിൽ ബ്രിട്ടണുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, സാമ്പത്തിക എന്നീ മേഖലകളിലും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.

അതിനിടെ, കോവിഡ് വാക്‌സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മൂന്ന് ​ഗവേഷണ സ്ഥാപനങ്ങളിൽ സന്ദ​ർശനം നടത്തും. അഹമ്മ​ദാബാദ്, ഹൈദരാബാദ്, പുനെ എന്നീ ന​ഗരങ്ങളിലെ ​ഗവേഷണ സ്ഥാപനങ്ങളിലാണ് മോദി ഒറ്റദിവസം കൊണ്ട് സന്ദർശനം നടത്തുന്നത്. അഹമ്മദാബാദിലെ സൈഡസ് ബയോടെക്ക് പാർക്ക്, ഹൈദരാബാദിലെ ഭാരത്‌ ബയോടെക്ക്, പുനെയിലെ സിറം ഇൻസ്റ്റിറ്റൂട്ട് എന്നി പ്രമുഖ മരുന്നുനിർമ്മാണ കമ്പനികളിൽ നേരിട്ടെത്തുന്ന നരേന്ദ്ര മോദി കോവിഡിനെതിരെ വികസിപ്പിക്കുന്ന വാക്‌സിനുകളുടെ പുരോഗതി വിലയിരുത്തും. വാക്സിൻ എന്ന് മുതൽ വിതരണം ആരംഭിക്കും എന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

തദ്ദേശീയമായി ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത്‌ ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സന്ദർശന വേളയിൽ മൂന്ന് കമ്പനികളിലെയും ശാസ്ത്രജ്ഞന്മാരുമായി മോദി ചർച്ച നടത്തും. വാക്‌സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്തുന്ന മോദി, ഇതിന്റെ വെല്ലുവിളികളും ഇവ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള രൂപരേഖ സംബന്ധിച്ചും ചോദിച്ചറിയും. സൈഡസ് കാഡില്ലയുടെ കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റിലാണ് ആരംഭിച്ചത്. ഒക്‌സ്ഫഡ് ആസ്ട്രാസെനേക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡിന്റെ ഇന്ത്യയിലെ നിർമ്മാതാക്കളാണ് പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്.

അതിനിടെ, റഷ്യ വികസിപ്പിച്ചെടുത്ത 'സ്ഫുട്‌നിക്' കോവിഡ് വാക്‌സിൻ ഇന്ത്യയിലും ഉദ്പാദിപ്പിക്കുന്നതിന് കരാറായി. 'ഹെറ്ററോ' എന്ന ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനിയുമായി സഹകരിച്ചാണ് 'സ്ഫുട്‌നിക്' ഇന്ത്യയിൽ ഉത്പാദിപ്പിക്കുക. ഇതിനാവശ്യമായ കരാറിൽ ഇന്ത്യൻ കമ്പനിയുമായി ഒപ്പുവച്ചുവെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. വാക്‌സിന്റെ ആദ്യഘട്ട ഉത്പാദനം 2021 തുടക്കത്തിലുണ്ടാകുമെന്നാണ് സൂചന. പ്രതിവർഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് തീരുമാനം.

'കോവിഡ് പ്രതിരോധത്തിന് ഫലപ്രദമായ പരിഹാരമെന്നോണം ഏവരും ഉറ്റുനോക്കുന്ന സ്ഫുട്‌നിക് വാക്‌സിന്റെ ഉത്പാദനത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യയിൽ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിച്ചുവരികയാണ്. ഇതിനിടെ പ്രാദേശികമായി നമ്മൾ വാക്‌സിൻ ഉത്പാദിപ്പിക്കുന്നത് ജനങ്ങൾക്ക് വലിയ തോതിൽ ആശ്വാസമാകും...'- 'ഹെറ്ററോ ലാബ്‌സ് ലിമിറ്റഡ്' ഇന്റർനാഷണൽ മാർക്കറ്റിങ് ഡയറക്ടർ ബി. മുരളി കൃഷ്ണ റെഡ്ഡി അറിയിച്ചു.

വാക്‌സിന്റെ രണ്ട്- മൂന്ന് ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ ഇന്ത്യയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോൾ. അവസാനഘട്ട പരീക്ഷണങ്ങൾ 2021 മാർച്ചോടെ അവസാനിക്കുമെന്നാണ് 'ഹെറ്ററോ' പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം വൈകാതെ തന്നെ വാക്‌സിൻ വിപണിയിലേക്കെത്തിക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP