Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരിയായ സമയത്ത് സർക്കാർ എടുത്ത ശരിയായ തീരുമാനങ്ങളാണ് ഇതിലേക്ക് നയിച്ചത്; രോഗമുക്തി നിരക്കും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ; മരണനിരക്കിലാകട്ടെ മറ്റുരാജ്യങ്ങളേക്കാൾ താഴ്ന്ന നിലയിലും; കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളേക്കാൾ മികച്ച നിലയിലെന്ന് പ്രധാനമന്ത്രി; എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം; ദിനംപ്രതിയുള്ള പരിശോധനകൾ വരും ആഴ്ചകളിൽ 10 ലക്ഷമായി ഉയർത്താനുള്ള ശ്രമം പുരോഗമിക്കുന്നുവെന്നും നരേന്ദ്ര മോദി

ശരിയായ സമയത്ത് സർക്കാർ എടുത്ത ശരിയായ തീരുമാനങ്ങളാണ് ഇതിലേക്ക് നയിച്ചത്; രോഗമുക്തി നിരക്കും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ; മരണനിരക്കിലാകട്ടെ മറ്റുരാജ്യങ്ങളേക്കാൾ താഴ്ന്ന നിലയിലും; കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ മറ്റുരാജ്യങ്ങളേക്കാൾ മികച്ച നിലയിലെന്ന് പ്രധാനമന്ത്രി; എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം; ദിനംപ്രതിയുള്ള പരിശോധനകൾ വരും ആഴ്ചകളിൽ 10 ലക്ഷമായി ഉയർത്താനുള്ള ശ്രമം പുരോഗമിക്കുന്നുവെന്നും നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തതിനാൽ കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മറ്റുരാജ്യങ്ങളെക്കാൾ മികച്ച നിലയിലെത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .

എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് മുംബൈ, കൊൽക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കോവിഡ് ടെസ്റ്റിങ് ലാബുകൾ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യവെ മോദി പറഞ്ഞു. രാജ്യത്തെ മരണ നിരക്ക് മറ്റുപല വലിയ രാജ്യങ്ങളെക്കാളും താഴ്ന്ന നിലയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗമുക്തി നിരക്കിലും മിക്കരാജ്യങ്ങളെക്കാളും ഇന്ത്യ മുന്നിലാണ്. കോവിഡ് പോരാളികളുടെ പ്രവർത്തനത്തിന്റെ ഫലമായാണ് ലോകം നമ്മെ പ്രശംസിക്കുന്നത്. രാജ്യത്ത് നിലവിൽ 11,000ൽ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷൻ കിടക്കകളുമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കൊൽക്കത്ത, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് ഈ കോവിഡ് ടെസ്റ്റിങ് ലാബുകൾ. ഈ അത്യാധുനിക ഹൈടെക് പരിശോധനാ സംവിധാനം മൂന്ന് നഗരങ്ങളിലും ഓരോ ദിവസത്തെയും പരിശോധനാ ശേഷി പതിനായിരത്തിൽ കൂടുതൽ വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സഹായിക്കും. അതു വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനു കരുത്തേകും. ഈ ലാബുകൾ കോവിഡ് പരിശോധനയ്ക്കു മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ഭാവിയിൽ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി, ഡെങ്കി, മറ്റ് നിരവധി രോഗങ്ങൾ എന്നിവയുടെ പരിശോധനയ്ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തക്കസമയത്തെടുത്ത തീരുമാനങ്ങൾ

ശരിയായ സമയത്ത് ഗവൺമെന്റ് എടുത്ത തീരുമാനങ്ങൾ കാരണം കോവിഡ് മരണനിരക്കിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച സ്ഥാനത്താണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. രോഗമുക്തിനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇത് ദിനംപ്രതി മെച്ചപ്പെടുന്നുമുണ്ട്. വൈറസ് മുക്തരായവരുടെ ആകെ എണ്ണം 10 ലക്ഷത്തിലെത്താറായി.രാജ്യത്ത് ദിനംപ്രതി നടത്തുന്നത് 5 ലക്ഷത്തിലധികം പരിശോധനകൾ. വരുന്ന ആഴ്ചകളിൽ ഈ ശേഷി 10 ലക്ഷമായി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

കൊറോണ ചികിത്സയ്ക്കായുള്ള നിർദിഷ്ട ആരോഗ്യസംവിധാനം

കൊറോണ ചികിത്സയ്ക്കായുള്ള പ്രത്യേക ആരോഗ്യ സംവിധാനങ്ങൾ ദ്രുതഗതിയിൽ വികസിപ്പിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പോരാട്ടത്തിന്റെ ആരംഭത്തിൽത്തന്നെ 15,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോൾ 11,000ത്തിലധകം കോവിഡ് ചികിത്സകേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷൻ കിടക്കകളുമുണ്ട്.

ജനുവരിയിൽ രാജ്യത്ത് ഒരു കോവിഡ് പരിശോധനാകേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ അത്തരത്തിൽ 1300ഓളം ലാബുകളാണുള്ളത്. നിലവിൽ രാജ്യത്ത് പ്രതിദിനം 5 ലക്ഷത്തിലധികം പരിശോധനകൾ നടക്കുന്നുവെന്നും വരുന്ന ആഴ്ചകളിൽ ഇത് 10 ലക്ഷമായി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകളുടെ ഉൽപ്പാദനത്തിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ആറുമാസം മുമ്പ് പിപിഇ കിറ്റ് ഉൽപ്പാദനത്തിന് ഒരു കേന്ദ്രം പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയി. ഇപ്പോൾ 1200ൽ അധികം നിർമ്മാതാക്കളാണുള്ളത്. അവർ ദിവസേന 5 ലക്ഷത്തിലധികം കിറ്റുകൾ ഉൽപ്പാദിപ്പിക്കുന്നു. ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഘട്ടത്തിൽ നിന്ന് ഇപ്പോൾ രാജ്യത്ത് ദിവസേന 3 ലക്ഷത്തിലധികം എൻ-95 മാസ്‌കുകൾ ഉൽപ്പാദിപ്പിക്കുന്ന നിലയായി. വെന്റിലേറ്ററുകളുടെ വാർഷിക ഉൽപ്പാദന ശേഷി 3 ലക്ഷമായി മാറി. ചികിത്സാവശ്യത്തിനുള്ള ഓക്‌സിജൻ സിലിണ്ടർ ഉൽപ്പാദനത്തിൽ ഗണ്യമായ വർധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇത് ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്നു മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ നിന്ന് ഇന്ത്യയെ കയറ്റുമതിക്കാരാക്കി മാറ്റുകയും ചെയ്തു.

ഗ്രാമീണ മേഖലയിലെ വ്യാപനം തടയാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പുതിയ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു.

മാനവ വിഭവശേഷി വർധിപ്പിക്കൽ

ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിനുപുറമെ, പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പാരാമെഡിക്കൽ ജീവനക്കാർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരുൾപ്പെടെ, മാനവ വിഭവശേഷി അതിവേഗം വളർത്തിയെടുക്കാനും രാജ്യത്തിനു കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കൊറോണ പോരാളികൾക്കു തളർച്ചയുണ്ടാകാതിരിക്കാൻ പുതിയ ആൾക്കാരെയും വിരമിച്ച ആരോഗ്യ വിദഗ്ധരെയും ആരോഗ്യ സംവിധാനവുമായി നിരന്തരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ആഘോഷവേളകളിൽ സുരക്ഷിതരായിരിക്കുക

വൈറസ് വ്യാപനം തടയുന്നതിനായി, വരുന്ന ആഘോഷവേളകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ആനുകൂല്യങ്ങൾ പാവപ്പെട്ടവരിലേയ്ക്കു യഥാസമയം എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കാത്തിടത്തോളം കാലംആറടി അകലം പാലിക്കുക, മുഖാവരണം ധരിക്കുക, കൈ കഴുകുക എന്നിവയാണ് സുരക്ഷിതരായി കഴിയാനുള്ള ഉപായങ്ങൾ.

കോവിഡ് പരിശോധനയ്ക്കായുള്ള ലാബുകൾ ഇപ്പോൾ രാജ്യത്തുടനീളമുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ഡൽഹി മുഖ്യമന്ത്രിക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തോടടുക്കുന്നു

. ഇന്ന് 43,993 പേർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,80,012 ആയി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 627 കോവിഡ് രോ​ഗികളാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 33,439 ആയി. നിലവിൽ ചികിത്സയിലുള്ള 4,95,356 വൈറസ് ബാധിതരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇന്ത്യയിൽ ഇതുവരെ രോ​ഗമുക്തി നേടിയത് 9,51,217 പേരാണ്. മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,924. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,83,723 ആയി. 227 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 13,883 ആയി. 2,21,944 പേർക്കാണ് ഇതുവരെ രോഗ മുക്തി. 1,47,592 ആണ് ആക്ടീവ് കേസുകൾ. ഇന്ന് മാത്രം 8,706 പേർക്ക് രോഗ മുക്തിയുണ്ട്. സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 57.84 ശതമാനമായെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 424530 രോ​ഗബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 6993 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 220716 ആയി. തിരുവള്ളൂർ, കോയമ്പത്തൂർ , കാഞ്ചീപുരം, തൂത്തുക്കുടി, മധുര ജില്ലകളിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി. ചെന്നൈയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 77 കോവിഡ് മരണം ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 3571 ആയി.

കർണാടകത്തിലും ആന്ധ്രാപ്രദേശിലും കോവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകത്തിൽ ഇന്ന് 5324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതർ 101465 ആയി. ബംഗളുരുവിൽ മാത്രം 1470 രോഗികൾ ഉണ്ട്. ബെല്ലാരിയിൽ 840ഉം കൽബുർ​ഗിയിൽ 631ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മൂലം 75 പേർമരിച്ചു. ഇതോടെ ആകെ മരണം 1953 ആയി. ആന്ധ്രപ്രദേശിൽ ഇന്ന് 6051 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 102349 ആയി. 24 മണിക്കൂറിനിടെ 49 പേർ മരിച്ചു. ആകെ മരണം 1090 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP